shobha-surendran

എല്ലാവരും സഹകരിക്കുമെന്ന് കെ. സുരേന്ദ്രൻ

തൃശൂർ : പാർട്ടിയിൽ അർഹമായ സ്ഥാനം ലഭിച്ചില്ലെന്നാരോപിച്ച് ഇടഞ്ഞ് നിൽക്കുന്ന ശോഭാ സുരേന്ദ്രൻ, ഇന്നലെ തൃശൂരിൽ നടന്ന സംസ്ഥാന സമിതി യോഗത്തിലും പങ്കെടുത്തില്ല. താൻ ഉന്നയിച്ച പ്രശ്‌നം പരിഹരിക്കാതെ ഒരു യോഗത്തിലും പങ്കെടുക്കില്ലെന്നാണ് ശോഭയുടെ നിലപാട്.

അതേസമയം, ശോഭാ സുരേന്ദ്രനുമായി യാതൊരു പ്രശ്‌നങ്ങളുമില്ലെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പ്രതികരിച്ചു. എല്ലാവരും പാർട്ടിയുമായി സഹകരിക്കും. അത് പിന്നീട് ബോദ്ധ്യമാകും. ഇപ്പോൾ നടക്കുന്നത് മാദ്ധ്യമ പ്രചാരണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

കെ. സുരേന്ദ്രൻ പ്രസിഡന്റായ ശേഷം ശോഭാ സുരേന്ദ്രൻ ഒരു യോഗത്തിലും പങ്കെടുത്തിട്ടില്ല. ജനറൽ സെക്രട്ടറിയായിരുന്ന ശോഭയെ വൈസ് പ്രസിഡന്റാക്കിയത് തരംതാഴ്ത്തലെന്നാണ് പരാതി. ബി.ജെ.പി കോർ കമ്മിറ്റിയിൽ പോലും പങ്കെടുക്കാതിരുന്ന ശോഭാ സുരേന്ദ്രൻ

പരാതിയുമായി കേന്ദ്ര നേതൃത്വത്തെ സമീപിച്ചെങ്കിലും അനുകൂല മറുപടി ലഭിച്ചിട്ടില്ല. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനും ഇറങ്ങിയിരുന്നില്ല.

ശോഭയ്ക്കൊപ്പം കെ. സുരേന്ദ്രനെ വിമർശിച്ചിരുന്ന പി.എം. വേലായുധൻ ഇന്നലെ യോഗത്തിൽ പങ്കെടുത്തെങ്കിലും മുൻനിരയിൽ ഇരിക്കാൻ തയ്യാറായില്ല. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ശ്രീശനൊപ്പം ഏറ്റവും പിന്നിലെ സീറ്റിലാണിരുന്നത്. നേതൃത്വവുമായി അകന്ന് നിൽക്കുന്ന ജെ.ആർ. പത്മകുമാറും സംബന്ധിച്ചു.