തൃപ്രയാർ: പരിമിതികൾക്കുള്ളിൽ നിന്ന് ശ്രീരാമക്ഷേത്രത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങുമെന്ന് പുതുതായി ചുമതലയേറ്റ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ പറഞ്ഞു. തൃപ്രയാർ ക്ഷേത്രത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് ഭാരവാഹികൾക്കുള്ള സ്വീകരണവും ക്ഷേത്രത്തിൽ സി.സി.ടി.വി, ലെഡ് വോൾ എന്നിവ സമർപ്പിച്ച കെ.ജി. അനിൽകുമാറിനുള്ള ഉപഹാര സമർപ്പണച്ചടങ്ങും ക്ഷേത്രം ഊട്ടുപുരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്ഷേത്രം തന്ത്രി തരണനെല്ലൂർ പടിഞ്ഞാറെ മനയ്ക്കൽ പത്മനാഭൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് അംഗം എം.ജി. നാരായണൻ അദ്ധ്യക്ഷനായി. ദേവസ്വം ബോർഡ് അംഗം വി.കെ. അയ്യപ്പൻ, ഐ.സി.എൽ ഫിൻകോർപ്പ് എം.ഡി: കെ.ജി. അനിൽകുമാറിനും ചീഫ് എക്‌സിക്യൂട്ടിവ് ഉമ അനിൽകുമാറിനും ഉപഹാരവും പൊന്നാടയും നൽകി ആദരിച്ചു.
ദേവസ്വം എസ്റ്റേറ്റ് അസിസ്റ്റന്റ് കമ്മിഷണർ എം. കൃഷ്ണൻ, തൃശൂർ ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മിഷണർ വി.എൻ. സ്വപ്ന, അംഗീകൃത യൂണിയൻ പ്രതിനിധി വി. വേണുഗോപാലൻ, ക്ഷേത്രം വികസന സമിതി ചെയർമാൻ പി.ജി. നായർ, ക്ഷേത്ര ഉപദേശക സമിതി
സെക്രട്ടറി സൂര്യനാരായൺ, സനാതന ധർമ്മ പാഠശാല പ്രസിഡന്റ് പി. മണികണ്ഠൻ, ക്ഷേത്ര ജീവനക്കാരുടെ പ്രതിനിധി കെ. ബാലചന്ദ്രൻ. തൃപയാർ ക്ഷേത്രം മാനേജർ എം.പി. ബിന്ദു.എന്നിവർ പ്രസംഗിച്ചു.
നേരത്തെ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടപ്പുരയിൽ സ്ഥാപിച്ച സി.സി.ടി.വി, എൽ.ഇ.ഡി സ്‌ക്രീൻ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ അനാച്ഛാദനം ചെയ്തു.