തൃശൂർ: ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 383 പേർ. 120 പേർ മരിച്ച നവംബറിലാണ് കൂടുതൽ മരണം. ആകെ മരിച്ച 383ൽ 260 പേർ പുരുഷന്മാരും 117 പേർ സ്ത്രീകളുമാണ്. മേയ് 21ന് മഹാരാഷ്ട്രയിൽ നിന്നുമെത്തിയ ഖദീജക്കുട്ടിയുടേതാണ് ജില്ലയിലെ ആദ്യ കൊവിഡ് മരണം. യാത്രയ്ക്കിടയിൽ ചാവക്കാട്ടെ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴായിരുന്നു ഖദീജക്കുട്ടിയുടെ മരണം. 103 വയസുള്ള ആലപ്പാട് സ്വദേശി പരീതിന്റേതാണ് ഇതുവരെ രേഖപ്പെടുത്തിയതിൽ ഉയർന്ന പ്രായത്തിലുള്ള കൊവിഡ് മരണം. 25 വയസിന് ഒരാളും മരണത്തിന് കീഴടങ്ങി. കൊവിഡ് അല്ലാതെ മറ്റൊരു രോഗവുമില്ലാതിരുന്ന പത്ത് പേരാണ് മരിച്ചത്.
മരണവും മരിച്ചവരുടെ വയസും
കരുത്ത് പകർന്നത് കൂട്ടായ്മ
ഈ മഹാമാരി വലിയൊരു അനുഭവമാണ് നൽകിയത്. ആദ്യ കൊവിഡ് രോഗി തൃശൂരിലാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. രോഗ വ്യാപനം ഭയാനകമായ രീതിയിൽ പടരാതിരിക്കാൻ നടത്തിയ ശ്രമങ്ങൾക്ക് കരുത്തേകിയത് കൂട്ടായ പ്രവർത്തനമാണ്. ആരോഗ്യ പ്രവർത്തകർക്ക് ഒപ്പം ജില്ലാ ഭരണ കൂടവും, പൊലീസും വ്യക്തികളും നൽകിയ സഹായങ്ങൾ ഒരിക്കലും മറക്കാനാകില്ല. കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങൾ എല്ലാവർക്കും സൗജന്യമായാണ് ഒരു വർഷക്കാലം നൽകിയത്. ജനങ്ങളുടെ പിന്തുണയ്ക്ക് പുറമെ ജനങ്ങളെ പരിഭ്രാന്തരാക്കാതെ വാർത്താ മാദ്ധ്യാമങ്ങൾ നൽകിയ സഹകരണം, പൊലീസിന്റെ സേവനം എല്ലാം എടുത്തു പറയേണ്ടവയാണ്.
മാസങ്ങളോളം അവധി പോലും എടുക്കാതെ ജില്ലയിലെ എല്ലാ വിഭാഗം ആരോഗ്യ പ്രവർത്തകരും പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങി. എന്നാൽ കൊവിഡിനെതിരെയുള്ള യുദ്ധത്തിനിടെ രണ്ട് സഹപ്രവർത്തകർക്ക് ഉണ്ടായ വിയോഗം ഒരിക്കലും ജീവിതത്തിൽ നിന്ന് മായുകയില്ല. വിശ്രമം ഇല്ലാതെ രോഗികളെ വീടുകളിൽ നിന്ന് ആശുപത്രികളിലും നിരീക്ഷണ കേന്ദ്രങ്ങളിലും എത്തിച്ചു കൊണ്ടിരിക്കുന്ന ആംബുലൻസ് ജീവനക്കാർ എന്നിവരും ഈ പോരാട്ടത്തിൽ പങ്കാളികളാണ്.
കെ.ജെ റീന
ജില്ലാ മെഡിക്കൽ ഓഫീസർ
നേരിട്ടു, കൂട്ടായ്മയിലൂടെ
ഏറെ വെല്ലുവിളി നിറഞ്ഞ ഒരു വർഷമാണിത്. കൊവിഡ് മഹാമാരിയെക്കുറിച്ച് ചർച്ച ചെയ്യുമ്പോഴും രാജ്യത്തെ ആദ്യ കേസ് നമ്മുടെ ജില്ലയിൽ റിപ്പോർട്ട് ചെയ്യുമെന്ന് കരുതിയിരുന്നില്ല. കഴിഞ്ഞ വർഷം ജനുവരിയിൽ ജനറൽ ആശുപത്രിയിലേക്ക് ആദ്യ രോഗിയെ കൊണ്ടുവന്നതു മുതൽ ഇതുവരെ പരമാവധി ജാഗ്രത പുലർത്താനും ആവശ്യമായ നടപടി സ്വീകരിക്കാനുമായി.
ജനറൽ ആശുപത്രിയിൽ നിന്ന് രോഗിയെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും തുടർന്ന് മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തിൽ ജില്ലയിലെ മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ അവലോകന യോഗം ചേർന്ന് തുടർപ്രവർത്തനങ്ങൾക്ക് രൂപം നൽകാനുമായി.
അവിടെ വച്ച് രൂപപ്പെടുത്തിയ കൊവിഡ് മാനദണ്ഡം തന്നെയാണ് ഇന്നും തുടരുന്നത്. കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ ജില്ലാ ഭരണകൂടത്തിനൊപ്പം ആരോഗ്യ പ്രവർത്തകർ നടത്തിയ പ്രവർത്തനം ശ്രദ്ധേയമാണ്. മുഴുവൻ പേരും രോഗമുക്തരായ ദിവസം പോലും ജില്ലയിലുണ്ടായി.
ആദ്യഘട്ടത്തിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് രോഗം സ്ഥിരീകരിച്ചതും വെല്ലുവിളിയായി. എന്നാൽ ആവശ്യമായ ചികിത്സാ സൗകര്യവും നിരീക്ഷണ കേന്ദ്രങ്ങളും ഒരുക്കാൻ സാധിച്ചു. ഇത്തരം പ്രവർത്തനങ്ങൾക്കിടയിലും രണ്ട് നഴ്സുമാർ അപകടത്തിൽപെട്ട് മരണമടഞ്ഞത് ഏറെ വേദനയുണ്ടാക്കി. അവരുടെ ഇൻഷ്വറൻസ് തുക ഉടൻ ലഭ്യമാക്കാൻ കഴിഞ്ഞു. കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനം നടന്നു വരികയാണ്.
എസ്. ഷാനവാസ്
കളക്ടർ
മൂന്ന് മാസം വരെ ശേഷിപ്പുകൾക്ക് സാദ്ധ്യത
കൊവിഡ് വൈറസ് നമ്മുടെ സമൂഹത്തിൽ നിന്നും ഇപ്പോഴും തിരികെ പോയിട്ടില്ല. പ്രതിരോധ പ്രവർത്തനങ്ങളോടൊപ്പം വാക്സിന്റെ വരവ് അൽപം ആശ്വാസം പകർന്നിട്ടുണ്ട്. എന്നാൽ കൊവിഡാനന്തര പ്രശ്നങ്ങൾ പലരെയും അലട്ടുന്നുണ്ട്. ഇതിനായി പ്രത്യേകം ഒ.പികളും ആശുപത്രികളിൽ പ്രവർത്തിക്കുന്നുണ്ട്. ചിലരിൽ മൂന്നാഴ്ചയോളവും ചിലരിൽ മൂന്നു മാസം വരെയും കൊവിഡിന്റെ ശേഷിപ്പുകൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്നുണ്ട്.
ശ്വാസകോശം, ഹൃദയം, കരൾ, വൃക്കകൾ, തലച്ചോർ, ദഹന വ്യവസ്ഥ എന്നിവിടങ്ങളിലാണ് കൊവിഡാനന്തര പ്രശ്നങ്ങൾ പ്രധാനമായും കാണുന്നത്. ചുമ, ശ്വാസം മുട്ടൽ, മണം അറിയാതിരിക്കൽ, ക്ഷീണം, ശരീര വേദന, സന്ധികളിലെ വേദന, വിശപ്പില്ലായ്മ, ഓക്കാനം, വയറിളക്കം എന്നീ ലക്ഷണങ്ങൾ പലരിലും കൊവിഡിന് ശേഷവും പ്രകടമായിരുന്നു. നേരത്തെ ആസ്തമ, സി.ഒ.പി.ഡി തുടങ്ങിയ രോഗങ്ങളുള്ള കൊവിഡ് ബാധിതരിൽ ചുമ, ശ്വാസം മുട്ടൽ എന്നീ പ്രശ്നങ്ങൾ നീണ്ടുനിൽക്കുന്നതായും കാണുന്നുണ്ട്. ന്യൂമോണിയയുള്ള കൊവിഡ് രോഗികളിലും ശ്വാസകോശ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. എങ്കിലും ഇതൊക്കെ ചികിത്സിച്ചു മാറ്റാനാകും. സന്ധി വേദനയുള്ളവരെ വേദന സംഹാരികളുടെ ചെറിയ ഡോസിൽ സുഖപ്പെടുത്താം. രോഗ പ്രതിരോധ ശേഷി കൂട്ടാൻ നല്ല ഭക്ഷണവും, വിറ്റാമിൻ ഗുളികകളും സഹായകരമാവും.
ഡോ. പി. സജീവ്കുമാർ
ശ്വാസകോശരോഗ വിഭാഗം, കൺസൾട്ടന്റ്
സംസ്ഥാന ആരോഗ്യ വകുപ്പ്
ഒരാണ്ടിന്റെ കൊവിഡ് റിപോർട്ട്