കയ്പമംഗലം: എടത്തിരുത്തിയിലെ തരിശായ പാടശേഖരങ്ങളിൽ നെൽക്കൃഷിയും, മറ്റു വിളകളും ഇറക്കാനായി മതിലകം ബ്ലോക്ക് പഞ്ചായത്ത്. ഒരു കാലത്ത് നാട്ടികയുടെ നെല്ലറയായിരുന്ന എടത്തിരുത്തിയിലെ പാടശേഖരങ്ങളിൽ ഭൂരിഭാഗവും നികത്തപ്പെട്ട നിലയിലാണ്.
വിരിപ്പും, മുണ്ടകനും, പുഞ്ചയും കൃഷി ചെയ്ത് വന്നിരുന്ന അവശേഷിക്കുന്ന 300 എക്കറോളം വരുന്ന നെൽവയലുകൾ വർഷങ്ങളായി തരിശായി കിടക്കുകയാണ്. ഇവിടങ്ങളിൽ നെൽക്കൃഷിയും മറ്റ് വിളകളും കൃഷിയിറക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ പറഞ്ഞു. വിവിധ പാടശേഖര സമിതി ഭാരവാഹികളുടെയും കൃഷി ഉദ്യോഗസ്ഥരുടെയും ജന പ്രതിനിധികളുടെയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
ലഭ്യമായിട്ടുള്ള വിഭവങ്ങളെ കാര്യക്ഷമമായി ഉപയോഗിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളായ സ്‌ളൂയീസുകൾ, ബണ്ട് റോഡ്, പമ്പ് സെറ്റുകൾ, തോടുകളുടെ നവീകരണം തുടങ്ങിയവ ഏർപ്പെടുത്തും. തൊഴിലുറപ്പു തൊഴിലാളികളെ ഉപയോഗിച്ച് നിലം ഒരുക്കി നൽകുന്നതിനും, ചിറക്കൽ ചെറുപുഴ തോട്ടിലേക്ക് ശുദ്ധ ജലം കടത്തി വിടുന്ന കൂത്തുമാക്കൽ പദ്ധതി ഊർജിതമാക്കാനും യോഗത്തിൽ തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ. ഫൽഗുണൻ അദ്ധ്യക്ഷനായി.
ബ്ലോക്ക് അഗ്രികൾച്ചർ എ.ഡി. ജ്യോതി പി. ബിന്ദു, എടത്തിരുത്തി കൃഷി ഓഫീസർ റുബീന, ബ്ലോക്ക് പഞ്ചായത്ത് അംഗം നൗമി പ്രസാദ്, എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു, കെ.ആർ. ഹരി, പി.സി. രാജീവ്, പ്രേംലാൽ പൊറ്റക്കാട്ട്, കെ.കെ. മനോജ് കുമാർ, എം.വി. ഹരിലാൽ, എം.എം. പ്രതാപൻ എന്നിവർ സംസാരിച്ചു.