udf-seeks-public-independ
യുഡിഎഫ്

ചാവക്കാട്: ഗുരുവായൂർ നിയോജകമണ്ഡലത്തിൽ യു.ഡി.എഫ് പൊതുസ്വതന്ത്രനെ തേടുന്നു. മണ്ഡലത്തിൽ സ്വീകാര്യനായ പുതുമുഖത്തെ പരീക്ഷിക്കാനാണ് ഉന്നത തലങ്ങളിൽ ആലോചന നടത്തുന്നത്.15 വർഷമായി സി.പി.എമ്മിലെ കെ.വി. അബ്ദുൽഖാദർ വിജയിച്ച മണ്ഡലത്തിൽ ഇവിടെനിന്നുള്ള പൊതു സ്വതന്ത്രനെ പരീക്ഷിക്കാൻ നേതാക്കൾ രംഗത്തിറങ്ങിയിരിക്കയാണ്.

മുസ്‌ലിം ലീഗിലെ സി.എച്ച്. റഷീദിനെയും, അഷറഫ് കോക്കൂരിനെയും, പി.എം. സാദിഖ് അലിയെയും തോൽപ്പിച്ചാണ് കെ.വി. അബ്ദുൾഖാദർ എം.എൽ.എ ആയത്. ഇതിൽ സി.എച്ച്. റഷീദ് ഒഴിച്ചുള്ള രണ്ടു പേരും മണ്ഡലത്തിന് പുറത്തുള്ളവരായിരുന്നു. എന്നാൽ പൊതുസ്വീകാര്യനായ ഒരാളെ മണ്ഡലത്തിൽ നിന്നും കണ്ടെത്താൻ നേതൃത്വം വിഷമിക്കുന്നതിനിടെയാണ് പൊതുസ്വതന്ത്രനെ കൂടി ആലോചിക്കുന്നത്.

ലീഗിന് സീറ്റ് വിട്ടുകൊടുത്താൽ മണ്ഡലം നഷ്ടപ്പെടുമെന്ന സൂചന കോൺഗ്രസ് നേതാക്കൾ അറിയിച്ചിട്ടുണ്ട്. എന്നാൽ കോൺഗ്രസിന് സീറ്റ് വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ലെന്ന് ലീഗ് പ്രാദേശിക നേതൃത്വവും വ്യക്തമാക്കുന്നു. ലീഗ് മത്സരിച്ചാൽ കോൺഗ്രസ് വേണ്ടത്ര പ്രവർത്തിക്കുന്നില്ലെന്ന സ്ഥിതിയും ഉണ്ട്. അതേസമയം അബ്ദുൽഖാദർ മത്സരിക്കുമ്പോൾ പ്രാദേശിക നേതാക്കളായ പല കോൺഗ്രസുകാരും അബ്ദുൽഖാദറിനെ സഹായിക്കുന്നുണ്ടെന്നും നേരത്തെ പരാതിയുണ്ട്. ഇതേ ആരോപണം ലീഗിനെതിരെ കോൺഗ്രസും ഉന്നയിക്കുന്നുണ്ട്. കെ.വി. അബ്ദുൽഖാദർ തന്നെ വീണ്ടും മത്സരിക്കുമെന്ന സൂചന നിലനിൽക്കെ ശക്തനായ എതിരാളിയിലെങ്കിൽ മണ്ഡലം തിരിച്ച് പിടിക്കുക പ്രയാസമെന്നാണ് കണക്കുകൂട്ടുന്നത്.

പൊതുസമൂഹത്തിന് അംഗീകാരമുള്ള നേതൃത്വത്തിന്റെ അഭാവം യു.ഡി.എഫിനെ മണ്ഡലത്തിൽ അലട്ടുന്നുണ്ട്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ അത് പ്രകടമാവുകയും ചെയ്തിരുന്നു. ഒരുമനയൂരും പുന്നയൂരും യു.ഡി.എഫിന്റെ ഭരണം അവസാനിച്ചപ്പോൾ ചാവക്കാട്, ഗുരുവായൂർ നഗരസഭകളിൽ യു.ഡി.എഫ് മുൻപത്തേക്കാൾ സീറ്റ് കുറഞ്ഞ് ദയനീയ തോൽവിയും ഏറ്റുവാങ്ങിയിരുന്നു. ഉരുക്കുകോട്ടയായ കടപ്പുറം പഞ്ചായത്തിൽ യു.ഡി.എഫ് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. നിയോജകമണ്ഡലത്തിൽ ലീഗ് ഭരണ നേതൃത്വം നൽകുന്ന പുന്നയൂർ പഞ്ചായത്ത് ഭരണം നഷ്ടപ്പെടുകയും കടപ്പുറത്ത് കഷ്ടിച്ച് ശ്വാസം കിട്ടുകയും ചെയ്ത സ്ഥിതിയാണ്.

നേതൃത്വത്തിന്റെ മുൻനിരയിലുള്ളവർ തമ്മിലുള്ള അനൈക്യവും വിശ്വാസമില്ലായ്മയും പാർട്ടിയും മുന്നണിയും നേരിടുന്ന പ്രതിസന്ധികളാണ്. സ്വതന്ത്ര ചിഹ്നത്തിൽ പൊതുസ്ഥാനാർത്ഥിയെത്തിയാൽ മണ്ഡലം പിടിക്കാനാകുമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ് അണികൾ.