ksurendran

തൃശൂർ: പ്രചാരണം നയിക്കുന്ന സാഹചര്യത്തിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കില്ല. നേതാക്കൾ കുറച്ചുപേർ പ്രചാരണത്തിൽ സജീവമാകുമെന്ന് സുരേന്ദ്രൻ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

നേതാക്കൾ കൂട്ടത്തോടെ മത്സരിക്കേണ്ടതില്ലെന്ന് സംസ്ഥാന നിർവാഹക സമിതി യോഗത്തിൽ ധാരണയായി. സുരേന്ദ്രൻ മത്സരിനായി ഒരു മണ്ഡലത്തിൽ ഒതുങ്ങുന്നത് ഗുണകരമാവില്ലെന്നും യോഗം ചൂണ്ടിക്കാട്ടി.

അതേസമയം സംസ്ഥാന നേതാക്കളിൽ ആരൊക്കെ വിട്ടു നിൽക്കണമെന്ന കാര്യം കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്നും സ്ഥാനാർത്ഥി നിർണയം താഴെ തട്ടിൽ നിന്ന് നടക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. ക്രൈസ്തവ സമുദായത്തിന്റെ പിന്തുണയുള്ളവരും സമൂഹത്തിലെ വിവിധ തലങ്ങളിലെ പ്രഗല്ഭരും പൊതുസമ്മതരുമായ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാൻ ശ്രമിക്കണമെന്ന നിർദ്ദേശവും ഉയർന്നു.

ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ഒപ്പം നിറുത്താൻ പ്രത്യേകകർമ്മ പദ്ധതി രൂപീകരിക്കാൻ യോഗം നിർദ്ദേശിച്ചതായും സൂചനയുണ്ട്. ഭൂരിപക്ഷ, ക്രൈസ്തവ സമുദായങ്ങൾ തുല്യദുഃഖിതരാണെന്നും രണ്ട് മുന്നണികളും അവരെ വഞ്ചിക്കുകയായിരുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു.