chettuva-

ചേറ്റുവ: ശിലാകാലം മുതൽ മനുഷ്യാധിവാസത്തിന്റെ തെളിവുകൾ അവശേഷിപ്പിച്ചിട്ടുള്ള നാടിന്റെ ചരിത്ര-സംസ്കാര സൂക്ഷിപ്പുകളിലൊന്നായ ചേറ്റുവ കോട്ട എന്ന വില്യം ഫോർട്ട് ടൂറിസം ഭൂപടത്തിലേക്ക്.സംസ്ഥാന പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് ഏറെ കാലത്തെ ആവശ്യത്തിന് പ്രതീക്ഷ നൽകുന്ന പ്രഖ്യാപനം നടത്തിയത്. ചേറ്റുവ കോട്ടയുടെ ശാസ്ത്രീയ സംരക്ഷണ പ്രവർത്തികളുടെ ഒന്നാംഘട്ട പൂർത്തീകരണം പ്രഖ്യാപിക്കുകയായിരുന്നു മന്ത്രി. കെ. വി. അബ്‌ദുൾ കാദർ എം. എൽ. എ അദ്ധ്യക്ഷത വഹിച്ചു. പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ.ദിനേശൻ, കൺസർവേഷൻ എൻജിനീയർ എസ്.ഭൂപേഷ്, ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല സോമൻ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം അഹമ്മദ്, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം നിമിഷ അജീഷ് എന്നിവർ പങ്കെടുത്തു.

ചേറ്റുവ കോട്ട

കൊളോണിയൽ അധിനിവേശകാലത്ത് വാണിജ്യ കേന്ദ്രമായിരുന്ന ചേറ്റുവ പ്രദേശത്ത് സാമൂതിരിയുടെ കടന്നുകയറ്റം തടയുന്നതിനും കച്ചവടം സുരക്ഷിതമാക്കുന്നതിനുമായി ഡച്ചുകാരാണ് 1717ൽ ചേറ്റുവ കോട്ട പണിതത്. 5.46 ഏക്കർ സ്ഥലത്താണ് ഇന്ന് ചേറ്റുവ കോട്ടയുടെ അവശിഷ്ടങ്ങൾ നിലനിൽക്കുന്നത്. കാലപ്പഴക്കവും പ്രളയവും കോട്ടയ്ക്കു ചുറ്റുമുള്ള കിടങ്ങുകൾ തകരാറിലാക്കി.

ഒന്നാംഘട്ടം പൂർത്തിയാക്കി

സംസ്ഥാന പുരാവസ്തു വകുപ്പ് 2009ൽ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച കോട്ടയിൽ വിവിധ പഠനങ്ങൾക്ക് ശേഷമാണ് ശാസ്ത്രീയ സംരക്ഷണ പ്രവർത്തികൾ പൂർത്തിയാക്കിയത്. ഒരു കോടി 15 ലക്ഷം രൂപയാണ് സംരക്ഷണ പ്രവൃത്തികൾക്കായി വകയിരുത്തിയത്. ഒന്നാം ഘട്ടത്തിൽ 78 ലക്ഷം ചിലവിട്ട് ചുറ്റുമതിൽ, കുളം നവീകരണം ഇലക്ട്രിഫിക്കേഷൻ, പാലം എന്നിവയുടെ പണികൾ പൂർത്തിയാക്കി.