തൃശൂർ: തടസങ്ങളില്ലാതെ അവ ഇനി ഒഴുകും. 16 പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയും ഏറ്റെടുത്ത 'ഇനി ഞാൻ ഒഴുകട്ടെ' പദ്ധതി ജില്ലയിലെ ഗ്രാമങ്ങളെ പച്ചപ്പണിയിച്ച് തോടുകളെയും ചാലുകളെയും ജലസമൃദ്ധമാക്കി. കഴിഞ്ഞ വർഷങ്ങളിലുണ്ടായ പ്രളയത്തിൽ ഖരമാലിന്യം അടിഞ്ഞുകൂടി സ്വഭാവിക ഒഴുക്ക് തടസപ്പെട്ട നീർച്ചാലുകളാണ് പുനരുജ്ജീവിച്ചത്.
ജലപ്രതിസന്ധി മുൻകൂട്ടി കണ്ട് പൊതുജന പങ്കാളിത്തത്തോടെ കർമ്മപദ്ധതി ആസൂത്രണം ചെയ്താണ് നടപ്പാക്കിയത്. മണലി, കുറുമാലി, കരുവന്നൂർ പുഴകളിൽ അടിഞ്ഞു കൂടിയ പ്രളയാവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിന് ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ വകയിരുത്തിയിരുന്നു. പഞ്ചായത്ത് വിഹിതവും സന്നദ്ധസംഘടനകളുടെ ശ്രമവും സന്നദ്ധ സംഘടനാ ഫണ്ടുകളും തൊഴിലുറപ്പ് പങ്കാളിത്തവും സംയോജിപ്പിച്ചായിരുന്നു പ്രവർത്തനം.
ജില്ലയുടെ സംയുക്ത പദ്ധതിയായ 'ജലരക്ഷ ജീവരക്ഷ 'യുടെ 'പ്രയാണം 2020 ' ൽ മണലി, കുറുമാലി, കരുവന്നൂർ പുഴകളിൽ അടിഞ്ഞു കൂടിയ പ്രളയാവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതായിരുന്നു ആദ്യം ആരംഭിച്ചത്. പഞ്ചായത്ത് സെക്രട്ടറിമാർ നിർവഹണ ഉദ്യോഗസ്ഥരായാണ് പദ്ധതി നിർവ്വഹണം. ജില്ലാ തല മോണിറ്ററിംഗ് സമിതിയും പഞ്ചായത്ത് തല മോണിറ്ററിംഗ് സമിതിയും ഏകോപനം നടത്തി. സംസ്ഥാന സർക്കാരിന്റെ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കളക്ടറുടെ ഉത്തരവ് പ്രകാരമാണ് പ്രവർത്തനം നടപ്പിലാക്കിയത്. ജലരക്ഷ ജീവരക്ഷ പദ്ധതിയുടെ ചെയർമാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കൺവീനർ ജില്ലാ കളക്ടറുമാണ്. നോഡൽ ഓഫീസർ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസറും.
ഒഴുക്കോടെ ചെറുതോടുകളും
വലിയ പുഴകളിലേക്കെത്തുന്ന ചെറിയ തോടുകളും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വൃത്തിയാക്കിയിരുന്നു. പുഴയിലേക്ക് വന്നു ചേരുന്ന നിരവധി തോടുകളുടെ പുനരുദ്ധാരണ പ്രവർത്തനം തുടരുകയാണ്. വരന്തരപ്പിള്ളി, മറ്റത്തൂർ, പുതുക്കാട്, പറപ്പൂക്കര, വല്ലച്ചിറ, പാണഞ്ചേരി, നടത്തറ, പുത്തൂർ, തൃക്കൂർ, നെന്മണിക്കര, അളഗപ്പ നഗർ, ചേർപ്പ്, ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി, കാറളം, ചാഴുർ, കാട്ടുർ, താന്ന്യം തുടങ്ങിയ പഞ്ചായത്തുകളിലാണ് പ്രവർത്തനം തുടരുന്നത്.
പുനരുജ്ജീവനം ഇങ്ങനെ