polio

തൃശൂർ: ജില്ലയിൽ അഞ്ച് വയസിന് താഴെയുള്ള 2,09,706 കുട്ടികൾക്ക് പൾസ് പോളിയോ പ്രതിരോധ മരുന്ന് നൽകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ജെ റീന പത്രസമ്മേളനത്തിൽ അറിയിച്ചു. അംഗണവാടികൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, സർക്കാർ സ്വകാര്യ ആശുപത്രികൾ, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് തുടങ്ങിയ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലാണ് 31 ന് രാവിലെ 8 മുതൽ വൈകീട്ട് 5 മണി വരെ പോളിയോ ബൂത്തുകളിലൂടെ പ്രതിരോധ മരുന്ന് നൽകുന്നത്. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ ട്രാൻസിറ്റ് ബൂത്തുകളും പ്രവർത്തിക്കും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആരോഗ്യകേരളം, സാമൂഹിക ക്ഷേമ വകുപ്പ്, കുടുംബശ്രീ, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, സാക്ഷരതാ മിഷൻ തുടങ്ങിയ സർക്കാർ വകുപ്പുകളും റോട്ടറി ഇന്റർനാഷണൽ മുതലായ സന്നദ്ധ സംഘടനകളുടെയും ആഭിമുഖ്യത്തിൽ പോളിയോ മരുന്ന് വിതരണം ചെയ്യും. ആദിവാസി മേഖലയിൽ പ്രത്യേക ടീം സന്ദർശിച്ച് പ്രതിരോധ മരുന്ന് നൽകും. മൊബൈൽ ബൂത്തുകൾ, ട്രാൻസിറ്റ് ബൂത്തുകൾ എന്നിവ ഉൾപ്പെടെ 1791 എണ്ണം സജ്ജീകരിച്ചിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികളുടെ 1562കുട്ടികൾക്കും ആദിവാസി മേഖലയിലെ 360 കുട്ടികൾക്കും തുള്ളിമരുന്ന് നൽകും. ഒരു ബൂത്തിൽ 125 കുട്ടികൾക്ക് വീതമാണ് തുള്ളിമരുന്ന് നൽകുക.