കയ്പമംഗലം: പഠനത്തിനിടയിലും കൃഷിക്കായി സമയം കണ്ടെത്തി ഒരു വിദ്യാർത്ഥി. കാസർകോട് ജാമിയ സദിയയിൽ മതപഠനം നടത്തുന്ന കയ്പമംഗലം വഴിയമ്പലം സ്വദേശി പണിക്കവീട്ടിൽ അബ്ദുൾ റഹ്മാന്റെ മകൻ മുഹമ്മദ് റംസാനാണ് സമ്മിശ്ര കൃഷിയിൽ മികവ് തെളിയിച്ചത്.
ചെറുപ്പം മുതൽ കൃഷിയിൽ തൽപ്പരനായ റംസാൻ അമ്പത് സെന്റ് സ്ഥലത്താണ് കൃഷി ചെയ്യുന്നത്. വീടിന്റെ മുകളിൽ കൃഷിഭവന്റെ സഹകരണത്തോടെ മഴപ്പുര നിർമ്മിച്ച് ഗ്രോബാഗിൽ വിവിധയിനം പച്ചക്കറികളും വാഴയും, വീട്ടുപറമ്പിൽ മഞ്ഞൾ, കൊള്ളി, ഇഞ്ചി, കൂവ, വാഴ തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്.
കൂടാതെ വിവിധയിനം കോഴികളും, കുളത്തിലും, വലിയ ടാങ്കിലുമായി മത്സ്യക്കൃഷിയും നടത്തുന്നുണ്ട്. നേരത്തെ കൃഷി ചെയ്തിരുന്നെങ്കിലും ലോക് ഡൗൺ കാലത്താണ് കൂടുതൽ നേരം കൃഷിക്കായി മാറ്റിവെച്ചത്. കാട് പിടിച്ച് കിടന്നിരുന്ന വീടിനടുത്തുള്ള സ്ഥലം വെട്ടി വൃത്തിയാക്കിയാണ് ആറ് മാസം മുമ്പ് മഞ്ഞൾക്കൃഷിയാരംഭിച്ചത്. വള്ളിവട്ടത്തെ മഞ്ഞൾ കർഷകനായ സലിം കാട്ടകത്തിന്റെ കൈയിൽ നിന്നാണ് പ്രതിഭ ഇനം മഞ്ഞൾ കൊണ്ടുവന്ന് നട്ടത്. ജൈവരീതിയിലായിരുന്നു കൃഷി. റംസാനോടൊപ്പം കുടുംബാംഗങ്ങളും കൃഷിയെ പരിപാലിച്ചു. കൃഷിയിടത്തിൽ നടന്ന മഞ്ഞൾ വിളവെടുപ്പ് കൃഷി ഓഫിസർ എൻ. ശാന്തിയും, വാർഡ് മെമ്പറും, മികച്ച കർഷകനുമായ പി.എച്ച് അബ്ദുള്ളയും ചേർന്ന് നിർവഹിച്ചു. മികച്ച വിളവാണ് മഞ്ഞൾ കൃഷിയിൽ ലഭിച്ചത്. കൃഷിയിൽ പുതിയ പരീക്ഷണങ്ങളും നടത്തി വരുന്ന റംസാന് പഠനത്തോടൊപ്പം കൃഷിയും മുന്നോട്ട് കൊണ്ടു പോകണമെന്നാണ് ആഗ്രഹം.