mmmm
ലൈറ്റുകൾ മിഴിയടഞ്ഞ മുറ്റിച്ചുർ പാലം വാഹനങ്ങളുടെ ഹെഡ്ലൈറ്റ് വെളിച്ചത്തിൽ

അന്തിക്കാട് : മുറ്റിച്ചൂർ പാലത്തിൽ എൽ.ഇ.ഡി ലൈറ്റുകൾ മിഴിയടഞ്ഞിട്ട് നാളേറെയായിട്ടും പരിഹാരമില്ലാതെ നീളുന്നു. അന്തിക്കാട് നാട്ടിക പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മൂറ്റിച്ചൂർ പാലത്തിൽ ഗീത ഗോപി എം.എൽ.എയുടെ 2012 - 2013 വർഷത്തെ പ്രാദേശിക ഫണ്ടിൽ നിന്ന് 16.80 ലക്ഷം ചെലവഴിച്ചാണ് ലൈറ്റുകൾ സ്ഥാപിച്ചത്. പാലത്തിൽ 24 ലൈറ്റുകളാണുള്ളത്. ഇരുപതെണ്ണം നാട്ടികയുടേയും നാലെണ്ണം അന്തിക്കാടിന്റേയും അതിർത്തികളിലാണ്. അതിനാൽ നാട്ടിക പഞ്ചായത്തിനാണ് ലൈറ്റുകളൂടെ സംരക്ഷണ ചുമതല. മുൻകാലങ്ങളിൽ പാലത്തിൽ ലൈറ്റുകൾ തെളിക്കുന്നതുമായി ബന്ധപ്പെട്ട് സാമ്പത്തികബാദ്ധ്യത നിലവിലുള്ളതിനാലാണ് ലൈറ്റുകൾ തെളിക്കുന്നതിനുള്ള നടപടികൾ വൈകിയതെന്ന് ബന്ധപ്പെട്ട അധികൃതർ പറയുന്നു. പാലം ഇരുട്ടിലായതിനാൽ പാലത്തിലൂടെയുള്ള യാത്ര ദുരിതമാണെന്ന് വഴിയാത്രക്കാർ പരാതിപ്പെടുന്നു. ഇതിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള വിവിധസംഘടനകൾ പ്രതിഷേധവുമായി രംഗത്തുണ്ട്. മുറ്റിച്ചൂർ പാലത്തിലെ ലൈറ്റുകൾ തെളിക്കാൻ അടിയന്തരമായി നടപടിയെടുക്കണമെന്ന് കോൺഗ്രസ് അന്തിക്കാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു

മുൻകാലങ്ങളിൽ ലൈറ്റുകൾ തെളിച്ചതുമായി ബന്ധപ്പെട്ട് സാമ്പത്തിക ബാദ്ധ്യത നിലവിലുണ്ട്. അതാണ് ലൈറ്റുകൾ തെളിക്കാനുള്ള നടപടികൾ വൈകിയത്. നിലാവ് പദ്ധതിയിൽ ഉൾപ്പെടുത്തി അടിയന്തരമായി ലൈറ്റുകൾ തെളിക്കാനുള്ള നടപടി സ്വീകരിക്കും

ദിനേശൻ
പ്രസിഡന്റ്

നാട്ടിക പഞ്ചായത്ത്

നാട്ടിക പഞ്ചായത്തുമായി ബന്ധപ്പെട്ട് ലൈറ്റുകൾ തെളിക്കാൻ നടപടിയെടുക്കും

ജ്യോതി രാമൻ
പ്രസിഡന്റ്
അന്തിക്കാട് പഞ്ചായത്ത്