bjp

തൃശൂർ : ബി.ജെ.പിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ കേരളത്തിലെത്തും. ഫെബ്രുവരി 3, 4 തീയതികളിൽ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പത്രസമ്മേളനത്തിൽ അറിയിച്ചു.

മൂന്നിന് ഉച്ചയോടെ തിരുവനന്തപുരത്തെത്തുന്ന നദ്ദ അവിടെ സംസ്ഥാന നേതൃയോഗത്തിലും എൻ.ഡി.എ ഘടകകക്ഷി നേതാക്കളുടെ യോഗത്തിലും പങ്കെടുക്കും. തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ ജനപ്രതിനിധികളുടെയും സാമൂഹിക -സാംസ്‌കാരിക രംഗത്തെ നേതാക്കളുടെയും യോഗം നടക്കും. നാലിന് രാവിലെ നെടുമ്പാശേരിയിൽ പാർട്ടി എറണാകുളം ജില്ലാ നേതൃത്വം സ്വീകരിക്കും. തുടർന്ന് കാർ മാർഗം തൃശൂരിലെത്തും. സംസ്ഥാനത്ത് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം, 4ന് വൈകിട്ട് തൃശൂർ വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് നടക്കുന്ന പൊതുയോഗത്തിൽ ഉദ്ഘാടനം ചെയ്യും. വിവിധ സാമുദായിക-സംഘടനാ നേതാക്കളുമായി തൃശൂരിൽ കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളുടെയും തിരഞ്ഞെടുപ്പ് ചുമതലയുള്ള പ്രവർത്തകരുടെ യോഗം നാലിന് രാവിലെ പത്തരയ്ക്ക് തൃശൂരിൽ ജെ.പി. നദ്ദ ഉദ്ഘാടനം ചെയ്യും.
'പുതിയ കേരളം' എന്നതാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയും എൻ.ഡി.എയും മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യം. കേരള മോഡൽ വികസനമെന്നത് പരാജയപ്പെട്ട പരീക്ഷണമായി മാറി. കേന്ദ്ര സർക്കാരിന്റെ സഹായത്തെ തുടർന്നുണ്ടായ വികസന പദ്ധതികളല്ലാതെ സംസ്ഥാനത്ത് ഒരു വികസനവും നടന്നിട്ടില്ലെന്നും എം.ടി. രമേശ് കുറ്റപ്പെടുത്തി.