bjp

തൃശൂർ: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന കേരളയാത്രയ്‌ക്ക് 20ന് കാസർകോട്ട് തുടക്കമാകും. മാർച്ച് ഏഴിന് തിരുവനന്തപുരത്ത് സമാപിക്കും. നൂറ് കേന്ദ്രങ്ങളിൽ പൊതുയോഗങ്ങൾ സംഘടിപ്പിക്കുമെന്ന് ജനറൽ സെക്രട്ടറി എം.ടി. രമേശ് അറിയിച്ചു.
കേന്ദ്രമന്ത്രിമാരും ദേശീയ നേതാക്കളും പങ്കെടുക്കും. അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി ഫെബ്രുവരി എട്ടിന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. ആറ് തെക്കൻ ജില്ലകളിലെ കളക്ടറേറ്റുകളിലേക്കും മാർച്ച് നടത്തും. ഏഴ് വടക്കൻ ജില്ലകളിലെ കളക്ടറേറ്റുകളിലേക്ക് ഒമ്പതിനാണ് മാർച്ച്.
കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ പ്രകടനപത്രിക തയ്യാറാക്കാനുള്ള കമ്മിറ്റി രൂപീകരിച്ചു. ഫെബ്രുവരി 10 മുതൽ 20 വരെ 140 മണ്ഡല കേന്ദ്രങ്ങളിലും ജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കും. 13, 14 തീയതികളിൽ എല്ലാ വീടുകളിലും പ്രവർത്തകർ സമ്പർക്കം നടത്തുമെന്നും എം.ടി. രമേശ് പറഞ്ഞു. സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണൻ, ജില്ല പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാർ തുടങ്ങിയവരും പങ്കെടുത്തു.