ചാലക്കുടി:പുഴയോര സംരക്ഷണ പ്രവൃത്തികൾക്കായി 45 ലക്ഷം രൂപയുടെ അനുമതി ലഭിച്ചതായി ബി.ഡി. ദേവസ്സി എം.എൽ.എ അറിയിച്ചു. ചാലക്കുടിപ്പുഴ ഇടത് കരയിൽ മേലൂർ പഞ്ചായത്തിലെ പൊട്ടത്തു് അമ്പലം ഭാഗം സംരക്ഷണ പ്രവൃത്തികൾക്കായി 25 ലക്ഷം രൂപയുടെ അനുമതി ലഭിക്കുകയും ടെൻഡർ നടപടികൾ പുരോഗമിക്കുകയുമാണ്. ഇതിനു പുറമെ , ചാലക്കുടിപ്പുഴ വലതുകര, അതിരപ്പിള്ളി പഞ്ചായത്തിലെ അരൂർമുഴി അയ്യപ്പ ക്ഷേത്രം ഭാഗം കെട്ടി സംരക്ഷിക്കുന്നതിനും ബലിതർപ്പണക്കടവ് പുണരുദ്ധാരണത്തിനും 20 ലക്ഷം രൂപയുടെയും പ്രവൃത്തികൾക്കും ഭരണാനുമതി ലഭിക്കുകയും ടെൻഡർ നടപടികൾ പുരോഗമിക്കുകയുമാണ്. അഡിഷണൽ ഇറിഗേഷൻ തൃശൂർ ഡിവിഷനാണ് നിർമ്മാണ ചുമതല. ജലവിഭവ വകുപ്പ്, പ്രളയദുരിതാശ്വാസ ഫണ്ടിൽ ഉൾപ്പെടുത്തിയാണ് പ്രസ്തുത പ്രവൃത്തികൾക്ക് അനുമതി നൽകിയത്.