ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ നിന്നുള്ള ബസ് യാത്രയിൽ ഇനി ചില്ലറ വിഷയമല്ല. സ്വകാര്യ ബസുകളിലും പണമിടപാട് ഡിജിറ്റലാകുകയാണ്. ഇന്ത്യാ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് തൃശൂർ ബ്രാഞ്ചിന്റെയും ഇരിങ്ങാലക്കുട പോസ്റ്റൽ ഡിവിഷന്റെയും ആഭിമുഖ്യത്തിൽ മുരിയാട് പോസ്റ്റ് ഓഫീസിന്റെ സഹകരണത്തോടെയാണ് ഡിജിറ്റൽ പേമെന്റ് പദ്ധതി ബസുകളിൽ സാക്ഷാത്കരിച്ചത്. ഇരിങ്ങാലക്കുട ചാലക്കുടി റൂട്ടിൽ ഓടുന്ന ജോമീനാസ് സെന്റ് മേരീസ് ബസുകളിലാണ് ഡിജിറ്റൽ പേമെന്റ്സിനുള്ള ക്യൂ ആർ കോഡുകൾ സ്ഥാപിച്ചത്.
ബസുകളുടെ വാതിലുകൾക്ക് മുകളിലും എല്ലാ സീറ്റുകൾക്ക് മുമ്പിലുമായി ക്യൂ ആർ കോഡുകൾ സ്ഥാപിച്ചിട്ടുണ്ട്. യു.പി.ഐ അധിഷ്ഠിതമായ ഏത് ഡിജിറ്റൽ പേമെന്റ് ആപ്പ് ഉപയോഗിച്ചും കോഡ് സ്കാൻ ചെയ്ത് പണം ആയക്കാം. യാത്രക്കാരന്റെ അക്കൗണ്ട് ഏത് ബാങ്കിലായാലും ബസുടമയുടെ അക്കൗണ്ടിൽ പണം എത്തും. പണം അയച്ചതിന്റെ നോട്ടിഫിക്കേഷൻ കണ്ടക്ടറെ കാണിച്ചാൽ മതിയാകും. ഇരിങ്ങാലക്കുടയിലെ സ്വകാര്യ ബസുകളിൽ ആദ്യമായാണ് ഇത്തരം ഒരു സംരംഭം. പതിയെ മറ്റ് ബസുകളിലേയ്ക്കും വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്. ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് സീനിയർ ഹെഡ് നിമ്മി മോൾ, ടെറിടെറി ഓഫീസർ അജിതമോൾ, പുല്ലൂർ ബ്രാഞ്ച് പോസ്റ്റ്മാൻ ബിബിൻ, മുരിയാട് ബ്രാഞ്ച് പോസ്റ്റ്വുമൺ അനശ്വര എന്നിവർ നേതൃത്വം നൽകി.
524 പേർക്ക് കൊവിഡ്
തൃശൂർ: 524 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചപ്പോൾ 524 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,793 ആണ്. തൃശൂർ സ്വദേശികളായ 90 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. സമ്പർക്കം വഴി 510 പേർക്കാണ് രോഗം സ്ഥീരികരിച്ചത്.
കൂടാതെ അഞ്ച് ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ മൂന്ന് പേർക്കും, രോഗ ഉറവിടം അറിയാത്ത ആറ് പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസിന് മുകളിൽ 39 പുരുഷന്മാരും 49 സ്ത്രീകളും പത്ത് വയസിന് താഴെ ഒമ്പത് ആൺകുട്ടികളും 17 പെൺകുട്ടികളുമുണ്ട്. 497 പേർ പുതുതായി ചികിത്സയിൽ പ്രവേശിച്ചതിൽ 116 പേർ ആശുപത്രിയിലും 381 പേർ വീടുകളിലുമാണ്.
പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണി
പോരാളിയായി കളക്ടർ
തൃശൂർ: കൊവിഡ് റിപ്പോർട്ട് ചെയ്തു ഒരു വർഷം പിന്നിടുമ്പോൾ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച കളക്ടറും കൊവിഡിന് കീഴടങ്ങിയെങ്കിലും രോഗാവസ്ഥയിലും പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണി പോരാളിയാണ്.
കൊവിഡിനിടയിലും കർമനിരതരായിരുന്നു കളക്ടർ എസ്. ഷാനവാസ്. ക്യാമ്പ് ഓഫീസിലെ ഒരു ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആ സമ്പർക്ക പട്ടികയിൽ നിന്നാണ് കളക്ടർ എസ്. ഷാനവാസിനും കൊവിഡ് സ്ഥിരീകരിച്ചത്.
എന്നാൽ പൊസിറ്റീവ് ആയ ശേഷവും ക്യാമ്പ് ഓഫീസിൽ ഇരുന്ന് സൂം മീറ്റിംഗുകൾക്ക് നേതൃത്വം നൽകി. ഏതാനും ദിവസം ഡോക്ടർമാരുടെയും വീട്ടുകാരുടെയും നിർബന്ധത്തിന് വഴങ്ങി രണ്ട് ദിവസം വിശ്രമമെടുത്തു. ചെറിയ തോതിൽ ശ്വാസസംബന്ധമായ തടസം ഉണ്ടായിയെന്ന് കളക്ടർ പറഞ്ഞു. തനിക്ക് പുറമെ ഭാര്യക്കും പന്ത്രണ്ടും പതിനേഴും വയസുള്ള മക്കൾക്കും കൊവിഡ് ബാധിച്ചതായി അദ്ദേഹം പറഞ്ഞു. നാട്ടിൽ അമ്മയ്ക്കും മറ്റ് ബന്ധുക്കൾക്കും പൊസിറ്റീവായി.