kuthiran

തൃശൂർ: ജനുവരി അവസാനം തുറക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പും പാഴായതോടെ കുതിരാൻ തുരങ്കം കയറാതെ വാഗ്ദാനങ്ങൾ. ഉറപ്പുകൾക്ക് വിലയില്ലാതാകുമ്പോൾ ശേഷിക്കുന്നത്, മുന്നണികളിലും ഭരണാധികാരികളിലും നേതാക്കളിലുമുള്ള അവിശ്വാസമാണ്. ഒമ്പത് വർഷത്തിനിടെ എട്ട് തവണയാണ് കരാർ കമ്പനിയും ദേശീയപാതാ അതോറിറ്റിയും ജനപ്രതിനിധികളും ഉറപ്പ് നൽകിയത്. തിരഞ്ഞെടുപ്പ് അടുത്തതോടെ, പണിതീരാത്ത ദേശീയപാതയും തുരങ്കവും സജീവ വിഷയമാകുകയാണ്.
ദേശീയപാത നിർമ്മാണം ഇഴയുന്നതിനെതിരെയും തുരങ്കം തുറക്കണമെന്നും ആവശ്യപ്പെട്ട് ചീഫ് വിപ്പ് കെ. രാജനും കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്തും നൽകിയ ഹർജിയിൽ ഹൈക്കോടതി രൂക്ഷമായി ദേശീയപാത അതോറിറ്റിയെ വിമർശിച്ചിരുന്നു. ഉടൻ വിശദീകരണം നൽകാൻ ആവശ്യപ്പെട്ടപ്പോൾ ഒരു തുരങ്കം പൂർത്തിയാക്കാൻ മൂന്ന് മാസം വേണ്ടി വരുമെന്നാണ് കരാർ കമ്പനി അറിയിച്ചത്. എന്നാൽ ആറ് മാസത്തേക്ക് മറിച്ചൊന്നും നടക്കാനിടയില്ലെന്നാണ് അധികൃതർ നൽകുന്ന സൂചന. തുടർച്ചയായ അപകടങ്ങളും മണിക്കൂറുകൾ നീളുന്ന കുരുക്കിലും പെട്ട് യാത്രക്കാർ സഹികെടുന്നതിനാൽ, ഒരു തുരങ്കമെങ്കിലും അടിയന്തരമായി തുറക്കണമെന്നായിരുന്നു ചീഫ് വിപ്പ് ആവശ്യപ്പെട്ടിരുന്നത്. ജനുവരി 31ന് ഒരു തുരങ്കം തുറക്കുമെന്ന ദേശീയപാത അതോറിറ്റിയുടെ വാക്ക് വിശ്വസിച്ചാണ് കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയും ഉറപ്പ് പറഞ്ഞത്. അതേസമയത്താണ്, ഇനി മൂന്ന് മാസമെങ്കിലുമെടുക്കുമെന്ന് കരാർ കമ്പനി കോടതിയെ അറിയിച്ചത്. തുരങ്കത്തിലെ സുരക്ഷാ ജോലികൾ ബാക്കിയുണ്ട്. ദിവസങ്ങൾക്ക് മുമ്പ് പാറക്കല്ല് വീണ് തുരങ്ക മുഖത്തെ കോൺക്രീറ്റിന് ദ്വാരമുണ്ടായിരുന്നു. ഇത് സുരക്ഷയെക്കുറിച്ചും ആശങ്ക ഉയർത്തുന്നു.

ഇനി ചെയ്യാനുള്ളത്


ഉറപ്പുകളാൽ തുരങ്കം തുറക്കില്ല !

2012 ഡിസംബർ 31ന് കരാർപ്രകാരം നിർമ്മാണം പൂർത്തീകരിക്കുമെന്ന് ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയും നൽകിയ ഉറപ്പാണ് ആദ്യം പാഴായത്. പ്രളയവും ഗതാഗതക്കുരുക്കും തുടർന്ന് വൻ പ്രക്ഷോഭങ്ങൾക്ക് വഴിതെളിച്ചപ്പോൾ 2019 ജനുവരി 31ന് പൂർത്തിയാക്കുമെന്ന് രണ്ടാം തവണ തുരങ്കം സന്ദർശിച്ച സംസ്ഥാന പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് കരാർ കമ്പനി മറ്റൊരു ഉറപ്പ് നൽകി. 2019 ഡിസംബർ 31ന് നിർമാണം പൂർത്തിയാക്കുമെന്ന് ഹൈക്കോടതിയിൽ കരാർ കമ്പനിയുടെ സത്യവാങ്മൂലമായിരുന്നു പിന്നെ വെറുതെയായത്. 2020 മേയ് 31ന് പൂർത്തിയാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയും ടി.എൻ. പ്രതാപൻ എം.പി.യുമായി ഡൽഹിയിൽ നടന്ന ചർച്ചയിൽ ദേശീയപാത അതോറിറ്റിയുടെ ഉറപ്പിന് പിന്നാലെ, 2020 ഡിസംബർ 31ന് പൂർത്തീകരിക്കുമെന്ന കമ്പനിയുടെ ഉറപ്പ് നിതിൻ ഗഡ്കരി പാർലമെന്റിൽ അറിയിച്ചു. ഈ വർഷം ജനുവരി 31ന് പൂർത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ദേശീയപാത അതോറിറ്റിയുടെ ഉറപ്പ്. വരുന്ന മാർച്ചിൽ പൂർത്തീകരിക്കുമെന്ന് ഹൈക്കോടതിയിൽ നിർമാണക്കമ്പനിയുടെ സത്യവാങ്മൂലം പിന്നെയുമുണ്ടായി. ഒടുവിൽ, സെപ്റ്റംബർ 30ന് പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി രമ്യ ഹരിദാസ് എം.പി.ക്ക് കേന്ദ്രമന്ത്രി നിതിൻഗഡ്കരിയുടെ അറിയിപ്പാണ് ഇപ്പോൾ നിലവിലുളളത്.