തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അരങ്ങൊരുങ്ങേ, മുന്നണികളെ ഞെട്ടിച്ച് അപ്രതീക്ഷിത സ്ഥാനാർത്ഥികൾക്കായി ബി.ജെ.പി കരുനീക്കം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 30,000ന് മുകളിൽ വോട്ട് നേടിയ ചില മണ്ഡലങ്ങളിലാണ് വിവിധ മേഖലകളിൽ നിന്നുള്ളവരെ രംഗത്തിറക്കുന്നത്.
ഫെബ്രുവരി നാലിന് ജില്ലയിലെത്തുന്ന ദേശീയ അദ്ധ്യക്ഷൻ ജെ. പി നദ്ദയുമായി കൂടിക്കാഴ്ച്ച നടത്താൻ ഏതാനും പ്രമുഖരെത്തുമെന്നാണ് സൂചന. ഇരിങ്ങാലക്കുട മണ്ഡലത്തിൽ മുൻ ഡി.ജി.പി ജേക്കബ് തോമസിനെ രംഗത്തിറക്കാനാണ് ആലോചന. ഏതാനും ദിവസം മുമ്പ് ബി.ജെ.പി ജനപ്രതിനിധികൾക്ക് ജില്ലയിൽ നൽകിയ സ്വീകരണത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു. കേന്ദ്രമന്ത്രി വി. മുരളീധരനുമുണ്ടായിരുന്നു.
അതിനിടെ ഫുട്ബാൾ താരം ഐ.എം വിജയനെ മത്സരിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ താൻ എല്ലാവരുമായി സൗഹൃദത്തിലാണെന്നും അതുകൊണ്ട് മത്സരരംഗത്തേക്ക് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംവരണ മണ്ഡലങ്ങളിലേക്ക് അപ്രതീക്ഷിതമായി തഴക്കമുള്ള സ്ഥാനാർത്ഥികളെ ബി.ജെ.പി പ്രതീക്ഷിക്കുന്നുണ്ട്. കേരളത്തിലെ പ്രധാനമുന്നണികളിൽ നിന്നുള്ളവരെയാണ് പ്രതീക്ഷിക്കുന്നത്. അതു സംബന്ധിച്ച് സംസ്ഥാന നേതാക്കൾ പ്രാരംഭചർച്ച നടത്തിയതായും അറിയുന്നു. ഇരുമുന്നണികളും സീറ്റ് ചർച്ച പൂർത്തിയാക്കിയ ശേഷമേ ഇത്തരം സീറ്റുകളിൽ ബി.ജെ.പി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കൂ. സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്ന ഒരു മുൻ മന്ത്രിയെ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് ഇതിലേറ്റവും നിർണ്ണായകമായ നീക്കം.
തൃശൂർ, കൊടുങ്ങല്ലൂർ, പുതുക്കാട്, മണലൂർ, കുന്നംകുളം മണ്ഡലങ്ങളിൽ പ്രമുഖർ മത്സര രംഗത്ത് ഉണ്ടാകും. ആരും സ്ഥാനാർത്ഥി കുപ്പായം തയ്ച്ചിരിക്കേണ്ട എന്ന കർശന നിർദ്ദേശം ഇന്നലെ ചേർന്ന സംസ്ഥാന സമിതി യോഗത്തിൽ നൽകിയിട്ടുണ്ട്. അടുത്ത ആഴ്ചയോടെ മണ്ഡലങ്ങളിൽ നിന്നുള്ള അഭിപ്രായം തേടും. സംസ്ഥാന പ്രഭാരി സി.പി രാധാകൃഷ്ണൻ എല്ലാ നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തും. അതിനു ശേഷമാകും സ്ഥാനാർത്ഥി ചർച്ചകൾ ആരംഭിക്കുക. ദേശീയ പ്രസിഡന്റ് ജെ.പി നദ്ദ തൃശൂരിലെത്തുന്നുണ്ട്. പ്രമുഖ ക്രൈസ്തവ നേതാക്കളുമായി അദ്ദേഹം ചർച്ച നടത്തും. അവരുടെ അഭിപ്രായം കൂടി സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രധാന ഘടകമായേക്കും.
നാടകീയ നീക്കങ്ങൾ ഇങ്ങനെ
ലക്ഷ്യമിടുന്നത്