തൃശൂർ : അച്ഛൻ പകർന്ന താളപ്പെരുക്കം അകക്കണ്ണിന്റെ വെളിച്ചത്തിലും മന:പാഠമാക്കി രശ്മി. ആസ്വാദക വൃന്ദത്തിന് മുന്നിൽ അത് കൊട്ടിക്കേറിയപ്പോൾ ഗുരു കൂടിയായ അച്ഛന്റെ കണ്ണും നിറഞ്ഞു. ജന്മനാ കാഴ്ച്ച നഷ്ടപ്പെട്ട പുലാക്കോട് മണികണ്ഠന്റെ മകൾ രശ്മിയെന്ന ആറാം ക്ലാസുകാരിയാണ് പുലാക്കോട് കാർത്ത്യായനി ക്ഷേത്രത്തിന്റെ നടപ്പുരയിൽ തായമ്പകയിൽ അരങ്ങേറ്റം കുറിച്ചത്. തായമ്പകയിലെ ഓരോ വായ്ത്താരിയും പറഞ്ഞ് കൊടുത്ത് അതിനനുസരിച്ച് കൊട്ടിച്ചാണ് പഠിപ്പിച്ചത്. ആദ്യം മകൾ പഠിച്ചെടുക്കുമോയെന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും പിന്നീട് ഒരോ കാലവും രശ്മി കൊട്ടിക്കേറിയപ്പോൾ മനസ് നിറഞ്ഞെന്ന് അച്ഛൻ മണികണ്ഠൻ പറഞ്ഞു.
ഒരു മണിക്കൂറിലേറെ നേരം തായമ്പകയിലെ പതികാലവും ചെമ്പക്കൂറും ഇടക്കാലവുമെല്ലാം പതർച്ച ഇല്ലാതെ കൊട്ടിക്കയറ്റി.
വാദ്യകലാകാരനായ മണികണ്ഠൻ ലോക്ഡൗൺ പ്രഖ്യാപിച്ച മാർച്ചിലാണ് മകൾക്ക് വാദ്യകലയിലെ ആദ്യാക്ഷരം പകർന്ന് കൊടുത്തത്. ആദ്യം കരിങ്കല്ലിൽ പുളിവടി കൊണ്ട് കൊട്ടിത്തെളിഞ്ഞ ശേഷമാണ് ചെണ്ടയിലേക്ക് കടന്നത്. പത്ത് മാസക്കാലം തായമ്പകയിലെ താളങ്ങൾ മനസിൽ പഠിച്ച് വച്ച രശ്മി ഇന്നലെ ക്ഷേത്രസന്നിധിയിൽ കൊട്ടിക്കയറി കലാശം കൊട്ടി തീർന്നപ്പോൾ ആസ്വാദകരുടെ കണ്ണുകളിൽ നിന്നും ആനന്ദക്കണ്ണീർ ഒഴുകി.
സംഗീതം പഠിച്ചിട്ടില്ലെങ്കിലും രശ്മി നല്ലൊരു പാട്ടുകാരിയുമാണ്. തായമ്പകയോടൊപ്പം മേളവും പഠിക്കണമെന്ന് അഗ്രഹമുണ്ടെന്ന് രശ്മി പറഞ്ഞു. അത്താണി ജെ.എം.ജെ സ്‌കൂളിലെ വിദ്യാർത്ഥിയാണ് രശ്മി. സ്‌കൂളിലെ ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത്. കൊവിഡ് ആയതോടെ വീട്ടിലേക്കെത്തി. കേരളത്തിലെ അറിയപ്പെടുന്ന വാദ്യകലാകാരനാണ് മണികണ്ഠൻ. പ്രശസ്തമായ എല്ലാ ക്ഷേത്രോത്സവങ്ങളിലും പങ്കെടുത്തിട്ടുണ്ട്. അമ്മ രാജേശ്വരി. സഹോദരി രമ്യ.
1.86 ലക്ഷം കുട്ടികള്‍ക്ക് പള്‍സ് പോളിയോ
തൃശൂർ: പൾസ് പോളിയോ ഇമ്മ്യൂണൈസേഷന്റെ ഭാഗമായി 1,86,176 കുട്ടികൾക്ക് കൊവിഡ് മാനദണ്ഡം പാലിച്ച് പൾസ് പോളിയോ തുള്ളിമരുന്ന് നൽകി. മൊബൈൽ ബൂത്തുകൾ, ട്രാൻസിറ്റ് ബൂത്തുകൾ എന്നിവ ഉൾപ്പെടെ ആകെ 1,723 ബൂത്തുകൾ സജ്ജീകരിച്ചിരുന്നു. അതിഥി തൊഴിലാളികളുടെ കുട്ടികൾക്കും, ആദിവാസി മേഖലയിലെ കുട്ടികൾക്കും പോളിയോ തുള്ളി മരുന്ന് നൽകി. വിവിധ കാരണങ്ങളാൽ തുള്ളി മരുന്ന് ലഭിക്കാത്ത കുട്ടികൾക്ക് പ്രതിരോധം ലഭിച്ചു എന്ന് ഉറപ്പ് വരുത്തുന്നതിനായി വീട് വീടാന്തരം സന്ദർശിച്ച് ആരോഗ്യ പ്രവർത്തകരും, പരിശീലനം ലഭിച്ച സന്നദ്ധ പ്രവർത്തകരും ഫെബ്രുവരി 1നും 2നും കൂടി പ്രവർത്തിച്ച് യജ്ഞം പൂർത്തീകരിക്കും.