തൃശൂർ: ശില്പിയും കാലടി സർവകലാശാല ശില്പകലാ വിഭാഗം അസി.പ്രൊഫസറുമായിരുന്ന ജോൺസൺ വേലൂർ (58) നിര്യാതനായി. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിയായിരുന്നു അന്ത്യം. കക്കയത്ത് സ്ഥാപിച്ചിരിക്കുന്ന അടിയന്തരാവസ്ഥ രക്തസാക്ഷി രാജന്റെ പ്രതിമ നിർമ്മിച്ചത് ജോൺസണായിരുന്നു. മഹാത്മാഗാന്ധി, കെ.ആർ നാരായണൻ, എ.പി.ജെ അബ്ദുൾ കലാം, അർണോസ് പാതിരി തുടങ്ങിയവരുടെ പ്രതിമകൾ അദ്ദേഹത്തിന്റേതായി കേരളത്തിൽ പലയിടത്തുമുണ്ട്. കലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലും കോഴിക്കോട് മാനാഞ്ചിറ മൈതാനത്തും പ്രതിമകൾ തീർത്തു. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ ബുദ്ധപ്രതിമയും 1994 ൽ മാനാഞ്ചിറ മൈതാനത്തിന്റെ കിഴക്ക് ഭാഗത്തു ചിരട്ട കൊണ്ടുള്ള മുതലയും വേലൂർ മണിമലർക്കാവ് ക്ഷേത്രത്തിലെ കുതിര വേലയ്ക്ക് ഫൈബർ കൊണ്ടുണ്ടാക്കിയ ഭാരം കുറഞ്ഞ കുതിരകളും ഏറെ ശ്രദ്ധേയമായിരുന്നു. വേലൂർ വെങ്ങിലശ്ശേരി – മണിമലർകാവിന് സമീപം ഒലക്കേങ്കിൽ പറഞ്ചപ്പന്റെ മകനാണ്. ഭാര്യ: ക്ലാര. മക്കൾ: ജ്യോത്സ്‌ന, ജോത്സ്യൻ. മരുമകൻ: വിപിൻ. സംസ്‌കാരം നടത്തി.