police-strict-instruction
ചാവക്കാടിലെ വ്യാപാരസ്ഥാപനങ്ങളിൽ ചാവക്കാട് എസ്.എച്ച്.ഒ: അനിൽ കുമാർ ടി. മേപ്പിള്ളിയുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു.

ചാവക്കാട്: കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ കർശന നിർദ്ദേശങ്ങളുമായി ചാവക്കാട് പൊലീസ്. മാസ്‌ക് ധരിക്കാത്തവർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെയും നടപടി സ്വീകരിക്കും. കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊലീസ് പരിശോധന നടത്തും. ബീച്ച്, മാർക്കറ്റ്, ബസ് സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിൽ നിരീക്ഷണം തുടരും.

പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും നിരീക്ഷണത്തിനായി സെക്ടറൽ മജിസ്‌ട്രേറ്റുമാരെ നിയോഗിച്ചിട്ടുണ്ട്. വരുംദിനങ്ങളിൽ സെക്ടറൽ മജിസ്‌ട്രേറ്റുമാർ പൊലീസിന്റെ സഹകരണത്തോടെ പരിശോധന നടത്തുമെന്ന് എസ്.എച്ച്.ഒ: അനിൽ കുമാർ ടിമേപ്പിള്ളി അറിയിച്ചു.

ചാവക്കാട്ടെ വ്യാപാര സ്ഥാപനങ്ങളിൽ പൊലീസ് വ്യാപക പരിശോധന നടത്തി. സന്ദർശകരുടെ വിവരം ശേഖരിക്കുകയും, കൊവിഡ് പ്രതിരോധ സംവിധാനങ്ങളും ഉറപ്പുവരുത്തി. ചാവക്കാട് ബസ് സ്റ്റാൻഡ്, ഓട്ടോ പാർക്ക്, സെന്റർ, ടാക്‌സി പാർക്കുകൾ എന്നിവിടങ്ങളിൽ ജനങ്ങൾക്ക് ബോധവത്കരണം നൽകി. ഇതോടൊപ്പം ഗുണനിലവാരമുള്ള മാസ്‌കുകൾ വിതരണം ചെയ്തു. സീനിയർ സിവിൽ പൊലീസ് ഓഫീസർ എം.എ. ജിജി, സി.പി.ഒമാരായ ശരത്ത്, സുഭാഷ്, നിഖിൽ, ബൈജു തുടങ്ങിയവർ നേതൃത്വം നൽകി.

കൊവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കും, പിഴ ഈടാക്കും.

- അനിൽ കുമാർ ടി. മേപ്പിള്ളി, ചാവക്കാട് എസ്.എച്ച്.ഒ

പൊതുസ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും കൂട്ടംകൂടി നിൽക്കരുത്

വ്യാപാര സ്ഥാപനങ്ങളിൽ കൈ കഴുകുന്നതിന് സാനിറ്റൈസർ, സോപ്പ് എന്നിവ നിർബന്ധം

സ്ഥാപനങ്ങളിൽ എത്തുന്നവരുടെ വിവരം കൃത്യമായി രേഖപ്പെടുത്തണം