തൃശൂർ: ജനങ്ങളുടെ പരാതികൾക്കും ആവലാതികൾക്കും ഉടനടി പരിഹാരം എന്ന നിലയിൽ ജില്ലയിലെ മൂന്ന് മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ സംഘടിപ്പിക്കുന്ന സാന്ത്വനസ്പർശം അദാലത്ത് ഇന്ന് ആരംഭിക്കും. താലൂക്ക് അടിസ്ഥാനത്തിൽ ഫെബ്രുവരി 1, 2, 4 തീയതികളിൽ നടക്കുന്ന അദാലത്തിന്റെ ആദ്യഘട്ടം തൃശൂർ താലൂക്കിലാണ് നടക്കുക. രാവിലെ 10 മുതൽ 5 വരെ തൃശൂർ ടൗൺഹാളിൽ നടക്കുന്ന അദാലത്തിൽ പരാതികൾ ബോധിപ്പിക്കാം.
ഫെബ്രുവരി രണ്ടിന് കുന്നംകുളം ടൗൺഹാളിൽ തലപ്പിള്ളി, കുന്നംകുളം, ചാവക്കാട് താലൂക്കുകളുടെയും അദാലത്ത് നടക്കും. നാലിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ചാലക്കുടി, കൊടുങ്ങല്ലൂർ, മുകുന്ദപുരം താലൂക്കുകളുടെയും അദാലത്ത് നടക്കുമെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. തദ്ദേശസ്വയംഭരണ മന്ത്രി എ.സി മൊയ്തീൻ, പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ സി. രവീന്ദ്രനാഥ്, കൃഷി മന്ത്രി വി .എസ് സുനിൽകുമാർ, ചീഫ് വിപ്പ് അഡ്വ. കെ. രാജൻ എന്നിവർ, പരാതികൾ കേൾക്കും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് അദാലത്തുകൾ നടത്തുക. പ്രളയം, ലൈഫ് മിഷൻ എന്നിവ സംബന്ധിച്ച പരാതികൾ അദാലത്തിൽ സ്വീകരിക്കില്ല. അതിന് പിന്നീട് സംഘടിപ്പിക്കും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന അപേക്ഷകൾ കൈപ്പറ്റി പരിശോധനയ്ക്കുശേഷം അഞ്ചു ദിവസത്തിനകം ഓൺലൈനായി ഡി.ബി.ടി സെല്ലിലേക്ക് അയക്കും. ആദിവാസികളുമായി ബന്ധപ്പെട്ട അപേക്ഷകൾ അദാലത്തിലേക്ക് ലഭ്യമാക്കി ഓൺലൈനായി സമർപ്പിക്കുന്നതിന് ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസറെ ചുമതലപ്പെടുത്തും.
അപേക്ഷകൾ ക്രമീകരിക്കാൻ സംഘം ഇങ്ങനെ
റവന്യൂ, ജില്ലാ സപ്ലൈ ഓഫീസർ
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ
സാമൂഹിക നീതി ഓഫീസർ
പ്രിൻസിപ്പൽ കൃഷി ഓഫീസർ
പ്രവർത്തനം ഇങ്ങനെ
പരാതികളുടെ പ്രാഥമിക പരിശോധന നടത്തുന്നു
തുടർന്ന് വകുപ്പുകളിലേക്ക്
അപേക്ഷകൾ ജില്ലാതലം, സംസ്ഥാനതലം എന്നിങ്ങനെ തിരിക്കുന്നു
ജില്ലാതലത്തിൽ തീരുമാനമെടുത്ത് വ്യക്തമായ മറുപടി നൽകുന്നു
പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ എത്ര സമയമെടുക്കുമെന്ന് വ്യക്തമാക്കുന്നു
ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്റെ വിവരങ്ങളും മറുപടിയുംഉണ്ടാകും.
സർക്കാരിന്റെ പരിഗണനയോ ഉത്തരവോ ആവശ്യമുള്ള പരാതികൾ സർക്കാറിലേക്ക് സമർപ്പിക്കുന്നു
ചുമതല ജില്ലാ കളക്ടർക്ക്.
ലഭിച്ചത് 6383 പരാതികൾ
തൃശൂർ: സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്തിൽ ജില്ലയിൽ ഏഴ് താലൂക്കുകളിലായി 6,383 ഓൺലൈൻ പരാതികൾ ലഭിച്ചു. തൃശൂർ താലൂക്കിൽ നിന്നാണ് ഏറ്റവും കൂടുതൽ പരാതി ലഭിച്ചത്, 1772. കുറവ് തലപ്പിള്ളിയിൽ, 604. ലഭിച്ച പരാതികളിൽ അധികവും പ്രളയവുമായി ബന്ധപ്പെട്ട സാമ്പത്തിക സഹായം, പ്രസവാനന്തര ആനുകൂല്യം, റേഷൻ കാർഡ്, ദുരിതാശ്വാസ നിധി എന്ന വിഭാഗങ്ങളിൽ നിന്നാണ്. പരാതി പരിഹാരം സംബന്ധിച്ച് അപേക്ഷകർക്ക് നൽകുന്ന മറുപടി വ്യക്തതയുള്ളതാകണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.
പരാതികൾ ഇങ്ങനെ
(താലൂക്ക് അടിസ്ഥാനത്തിൽ)
ചാവക്കാട് 1182
ചാലക്കുടി 990
കുന്നംകുളം 961
മുകുന്ദപുരം 773
കൊടുങ്ങല്ലൂർ 624