കൊടുങ്ങല്ലൂർ: റാങ്ക് ജേതാവായ വധുവിന് അഭിനന്ദനങ്ങളുടെ പ്രവാഹം. സി.പി.ഐ കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി അംഗമായിരുന്ന കോട്ടപ്പുറം ചിറക്കൽ ഇല്ലത്ത് പരേതനായ നൗഷാദിന്റെ മകൾ മെഹനക്ക് വിവാഹ ദിനത്തിന്റെ മാറ്റ് കൂട്ടുന്നതായിരുന്നു മഹാത്മ ഗാന്ധി യൂണിവേഴ്‌സിറ്റി എം.എസ്.സി ഫല പ്രഖ്യാപനത്തിൽ ലഭിച്ച രണ്ടാം റാങ്ക്. കൂത്താട്ടുകുളം ടി.എം ജേക്കബ് മെമ്മോറിയൽ കോളേജിലെ വിദ്യാർത്ഥിനിയായ മെഹനയുടെ വിവാഹ തലേന്നാണ് കോളേജ് വകുപ്പ് മേധാവി റാങ്ക് വാർത്ത അറിയിച്ചത്.
വിവാഹ വേദിയിൽ മെഹ്നക്കുളള സമ്മാനങ്ങളുമായി വി.ആർ സുനിൽ കുമാർ എം.എൽ.എ, ടൈസൺ മാസ്റ്റർ എം.എൽ.എ, നഗരസഭ കൗൺസിലർ വി.എം ജോണി, നഗരസഭ മുൻ ചെയർമാൻ സി.സി വിപിൻ ചന്ദ്രൻ, ചേരമാൻ ജുമാ മസ്ജിദ് പ്രസിഡന്റ് ഡോ. പി.എ മുഹമ്മദ് സഈദ്, വിവിധ സംഘടനാ ഭാരവാഹികൾ തുടങ്ങി നിരവധി പേരാണെത്തിയത്. അഴീക്കോട് കടവിൽ വീട്ടിൽ കമറുദ്ദിൻ മകൻ സൽമാൻ ഫാരിഷാണ് മെഹ്നയുടെ വരൻ.