പാവറട്ടി: മുല്ലശ്ശേരി പഞ്ചായത്തിലെ മാടക്കാക്കൽ പലത്തിന് സമീപമുള്ള ഗജമുഖൻ ചായക്കടയിൽ നിന്നും വീണ്ടും കാരുണ്യപ്രവാഹം. എലവത്തൂർ നടുവിൽപുരയ്ക്കൽ വേണുഗോപാലിന്റെ വഴിയോര കച്ചവട കേന്ദ്രമാണ് ഗജമുഖൻ ചായക്കട. തന്റെ ചായക്കടയിലെ ഒരു ദിവസത്തെ മുഴുവൻ വരുമാനവും വൃക്ക സംബന്ധമായ രോഗം മൂലം ദുരിതം അനുഭവിക്കുന്ന കുടുംബത്തിന് നൽകുന്നതിന് പഞ്ചായത്തിന് കൈമാറിയാണ് വേണുഗോപാലും ഭാര്യ ഉഷയും മാതൃകയായത്.
ചായ കുടിക്കാനെത്തിയവരും വഴിയാത്രക്കാരും സദുദ്ദേശം അറിഞ്ഞതോടെ ആ നല്ല മനസിന് പിന്തുണ നൽകാൻ തയ്യാറായി. ഒരു ദിവസം ലഭിച്ച തന്റെ വഴിയോര ചായക്കടയിലെ മുഴുവൻ വരുമാനവുമായ 16440 രൂപയും കേരള സർക്കാർ ലോട്ടറിയുടെ നാല് ടിക്കറ്റുകളും മുല്ലശേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജന് വേണുഗോപാൽ കൈമാറി. വാർഡ് മെമ്പർ മിനി മോഹൻദാസും പങ്കെടുത്തു.
വേണുഗോപാൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എന്നും മുന്നിൽ തന്നെയായിരുന്നു. ഇതിന് മുൻപ് രണ്ട് തവണ വേണുഗോപാൽ ഇത്തരത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയായിട്ടുണ്ട്.