തിരുവനന്തപുരം: ഗതാഗത കുരുക്കിൽ വലഞ്ഞ് മ്യൂസിയം - നന്തൻകോട് റോഡിലെ യാത്രക്കാർ. മ്യൂസിയം- നന്തൻകോട് ടി.സി റോഡിൽ കനകനഗർ ബസ് സ്റ്റോപ്പിന് സമീപം കലുങ്ക് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി റോഡ് ഭാഗികമായി അടച്ചതോടെയാണ് ഗതാഗത കുരുക്ക് രൂക്ഷമായത്. ദിവസവും രാവിലെ അര മണിക്കൂറോളം കാത്തുകിടന്നാണ് യാത്രക്കാർ ലക്ഷ്യ സ്ഥാനത്തെത്തുന്നത്. നിയമസഭാ സമ്മേളനം നടക്കുന്നതിനാലും ഓഫീസ് സമയമായതിനാലും രാവിലെ 8.30 മുതൽ പത്ത് മണി വരെയുള്ള സമയത്താണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. ഈ മാസം മൂന്നാം തീയതിയാണ് കലുങ്ക് പുനരുദ്ധാരണ പ്രവർത്തനം ആരംഭിച്ചത്. ഈ റോഡ് ആശ്രയിക്കുന്നവർക്കായി മറ്റ് റോഡുകൾ പൊലീസ് ക്രമീകരിച്ച് നൽകിയിരുന്നു. ആദ്യ ദിവസങ്ങളിൽ പൂർണമായി അടച്ച റോഡ് പിന്നീട് ഭാഗികമായി തുറന്നുകൊടുത്തു. വലിയ വാഹനങ്ങൾ ഒഴിച്ച് കാറുകൾക്കടക്കം കടന്നുപോകാൻ അനുമതിയും നൽകി. കൂടുതൽ വാഹനങ്ങൾ ഈ വഴി തന്നെ ഉപയോഗിച്ചതോടെ ഗതാഗത കുരുക്ക് ഉണ്ടാവുകയായിരുന്നു. ഈ കുരുക്ക് കവടിയാർ- വെള്ളയമ്പലം റോഡ്, വെള്ളയമ്പലം-ശാസ്തമംഗലം റോഡ് തുടങ്ങിയവയിലേക്കും വ്യാപിച്ചതോടെ യാത്രക്കാരും വലഞ്ഞു.
അതേസമയം, ഈ മാസം അവസാനത്തോടെ പണി പൂർത്തീകരിച്ച് റോഡ് തുറന്നുകൊടുക്കാനാണ് അധികൃതരുടെ ശ്രമം. കലുങ്കിന്റെ കോൺക്രീറ്റ് ജോലികൾ പൂർത്തിയായതായി നന്തൻകോട് വാർഡ് കൗൺസിലർ ഡോ. കെ.എസ്. റീന പറഞ്ഞു. രാജീവ് ലെയിനിന് സമീപം മഴക്കാലത്ത് വെള്ളക്കെട്ടുണ്ടാകുന്നത് പരിഗണിച്ച് റോഡിന്റെ വശങ്ങളിൽ ഗ്രില്ലുകൾ ഇടുന്ന ജോലിയാണ് നടക്കുന്നത്.