kids

കോവിഡ് വ്യാപനം കൊച്ചുകുട്ടികളിലുണ്ടാക്കിയ വെല്ലുവിളികൾ ചെറുതല്ല. സുഹൃത്തുക്കൾക്കൊപ്പം യഥേഷ്ടം പുറത്തിറങ്ങാനോ സ്‌കൂളിൽ പോകാനോ സ്വതന്ത്രമായി സഞ്ചരിക്കാനോ കഴിയാത്തത് കുട്ടികളിലെ മാനസിക സമ്മർദ്ദം വല്ലാതെ വർദ്ധിപ്പിച്ചിട്ടുണ്ട്.

സൂര്യപ്രകാശം കൊള്ളാനുള്ള അവസരം കുറഞ്ഞതോടെ കുട്ടികളിൽ വിറ്റാമിൻ ഡിയുടെ അളവ് കുറയുന്ന സാഹചര്യവും വ്യാപകമായി. ഇത് എല്ലുകളുടെയും പല്ലുകളുടെയും പേശികളുടെയും ബലവും കായികക്ഷമതയും തലച്ചോറിന്റെ വിജ്‌ഞാനവിശകലന ശേഷിയും രോഗപ്രതിരോധശക്തിയും കുറയ്‌ക്കുമെന്ന കാര്യത്തിൽ സംശയമില്ല.

രാവിലെയും വൈകിട്ടും അരമണിക്കൂറെങ്കിലും സൂര്യപ്രകാശമേറ്റുള്ള വ്യായാമത്തിന് വീട്ടുമുറ്റത്തോ പരിസരത്തോ ഉറപ്പാക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കുന്നത് നല്ലതാണ്. പൂന്തോട്ടമൊരുക്കൽ, കൃഷിപ്പണി എന്നിവയിൽ കുട്ടികളെ സഹകരിപ്പിക്കുകയുമാകാം.

ഡിജിറ്റൽ അടിമത്തം

രണ്ടാമത്തെ വെല്ലുവിളി ഡിജിറ്റൽ അടിമത്തമാണ്. ഓൺലൈൻക്ളാസുകൾ സജീവമായതോടെ മൊബൈൽ,​ കംപ്യൂട്ടർ,​ ഐപാഡ് എന്നിവ കൂടുതൽ സമയം ഉപയോഗിക്കേണ്ടി വരുന്നുണ്ട്. അസൈൻമെന്റുകളും ഗൃഹപാഠങ്ങളുടെ ഉത്തരങ്ങളും സാമൂഹമാദ്ധ്യമങ്ങൾ വഴിയാണ് കുട്ടികൾ അദ്ധ്യാപകർക്ക് അയയ്‌ക്കുന്നത്. ഒപ്പം കുട്ടികളിൽ ഫോൺ ദുരുപയോയോഗവും വർദ്ധിക്കുകയാണ്.

ഓൺലൈൻ പഠനം കഴിവതും ലാപ് ടോപ്പ്,​ ടെസ്‌ക് ടോപ്പ്,​ കംപ്യൂട്ടർ എന്നിവയിലൂടെ നടത്തുകയാണ് പരിഹാരം. ഇതിന് സാഹചര്യമില്ലെങ്കിൽ മൊബൈൽ ഉപയോഗം ഓൺലൈൻ ക്ളാസ് സമയത്തേക്ക് മാത്രമായി നിജപ്പെടുത്തേണ്ടതുണ്ട്.

ഓൺലൈൻ ക്ളാസിന് ശേഷം വീണ്ടും മൊബൈൽ ഉപയോഗിക്കേണ്ട പഠനരീതി പ്രോത്സാഹിപ്പിക്കാതിരുക്കുന്നതാണ് ഉചിതം. മൊബൈൽ ഫോണിന്റെ അമിത ഉപയോഗം കുട്ടികളിൽ ഉറക്കക്കുറവുണ്ടാക്കും.

രാത്രി ഒമ്പതിന് ശേഷം മൊബൈൽ അടക്കമുള്ള ദൃശ്യമാദ്ധ്യമങ്ങൾ കുട്ടികൾ ഉപയോഗിക്കുന്നില്ലെന്ന് മാതാപിതാക്കൾ കർശനമായി ഉറപ്പാക്കണം.

അനാരോഗ്യ ബന്ധങ്ങൾ

മൂന്നാമത്തെ വെല്ലുവിളി സമൂഹമാദ്ധ്യമങ്ങളിലൂടെ കുട്ടികളുടെ അനാരോഗ്യ ബന്ധങ്ങളാണ്. പലരുമായും ചാറ്റ്, ആശയവിനിമയം, ചിത്രങ്ങളടക്കം കൈമാറൽ എന്നിവയിലൂടെ അവർ വൈകാരിക അടിമത്തത്തിലാവുന്നു. ഇതിലൂടെ കുട്ടികൾ ചൂഷണം ചെയ്യപ്പെടുന്നു. ഓൺലൈൻ വിദ്യാഭ്യാസത്തിന് നൽകുന്ന ഡിജിറ്റൽ ഉപകരണത്തെക്കുറിച്ച് മാതാപിതാക്കൾക്ക് ആഴത്തിൽ അറിവുണ്ടാവുകയാണ് ഇതിനുള്ള പരിഹാരം. കുട്ടികൾ ഉപയോഗിക്കരുതാത്ത ഗെയിം സൈറ്രുകൾ, സാമൂഹ്യമാദ്ധ്യമ സൈറ്റുകൾ, അശ്ലീല സൈറ്റുകൾ എന്നിവ ബ്ളോക്ക് ചെയ്യാൻ പേരന്റൽ കൺട്രോൾ ആപ്പുകൾ നിലവിലുണ്ടെന്ന കാര്യം മറക്കരുത്. കംപ്യൂട്ടർ പരിജ്ഞാനമുള്ളവരെക്കൊണ്ട് കുട്ടികളുടെ മൊബൈൽ ഫോണുകളിൽ ഈ ആപ്പുകൾ ഇൻസ്‌റ്റാൾ ചെയ്യണം. അതിലൂടെ ആരോഗ്യകരമല്ലാത്ത സൈറ്റുകൾ ബ്ളോക്ക് ചെയ്യാനാകും.