നെയ്യാറ്റിൻകര: തെക്കൻ കേരളത്തിലെ പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിലൊന്നായ നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷൻ അവഗണനയ്ക്ക് നടുവിൽ. അടിസ്ഥാന സൗകര്യ വികസനമില്ലാതെ പ്രവർത്തിക്കുന്ന റെയിൽവേ സ്റ്റേഷനിൽ ദിനം പ്രതി ആയിരകണക്കിന് ജനങ്ങളാണ് യാത്ര ചെയ്യുന്നത്. അനന്തപുരി - ചെന്നൈ, കന്യാകുമാരി - ബാംഗ്ലൂർ, ചെന്നൈ - ഗുരുവായൂർ, മുബയ് - കന്യാകുമാരി എന്നീ സർവീസുകളാണ് ഇതുവഴി കടന്നുപോകുന്നത്. വേണ്ടത്ര നവീകരണങ്ങളോ വികസനമോ നടത്താതെ താലൂക്ക് കേന്ദ്രമായ സ്റ്റേഷനെ അവഗണിക്കുന്നതായി ആരോപണമുയർന്നിട്ട് നാളുകളേറെയായി.
യാത്രാക്കാരിൽ അധികവും ഇരുചക്രവാഹനങ്ങളിലാണ് സ്റ്റേഷനിൽ എത്തുന്നത്. എന്നാൽ അവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നിടത്ത് ഒരു മേൽക്കൂരയും സ്ഥാപിച്ചിട്ടില്ല. പാർക്കിംഗിനായി കരാറുകാരനെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും മാസങ്ങൾക്ക് മുൻപ് കരാർ കാലാവധി അവസാനിച്ചതിനെ തുടർന്ന് ഫീസ് ഈടാക്കി വാഹനം പാർക്ക് ചെയ്യുന്നത് നിറുത്തുകയായിരുന്നു. ഇക്കാരണത്താൽ യാത്രക്കാർ റെയിൽവേ സ്റ്റേഷൻ കവാടത്തിലേക്ക് വരുന്ന റോഡിനിരുവശത്തും വാഹനം പാർക്ക് ചെയ്ത് പോകുന്ന കാഴ്ചയും നിരന്തരം കാണാം. ദീർഘദൂര സർവീസുകൾ അടക്കം നിരവധി ട്രെയിനുകൾ ഇവിടെ നിറുത്താറില്ലെന്നും യാത്രക്കാർ പരാതിപ്പെടുന്നു.