വിതുര: നിയന്ത്രണങ്ങൾ പാളിയതോടെ മലയോര മേഖലയിൽ വീണ്ടും കൊവിഡ് പിടിമുറുക്കുന്നു. വിതുര പഞ്ചായത്തിൽ മാത്രം ഒരാഴ്ചയ്ക്കിടെ 40പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സമീപത്തുള്ള തൊളിക്കോട്, നന്ദിയോട്, പെരിങ്ങമ്മല, ആര്യനാട്, ആനാട് പഞ്ചായത്തുകളിലും രോഗബാധിതരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. ആശുപത്രികളുടെ നേതൃത്വത്തിൽ ആഴ്ചയിൽ രണ്ട് തവണ റാപ്പിഡ് ആന്റിജൻ ടെസ്റ്റ് ക്യാമ്പുകൾ നടത്തുന്നുണ്ടെങ്കിലും രോഗലക്ഷണങ്ങൾ ഉള്ളവർപോലും ഇവിടെ എത്തുന്നില്ലെന്നാണ് അധികൃതർ പറയുന്നത്. മുൻപ് ആരോഗ്യപ്രവർത്തകരുടെയും പൊലീസിന്റെയും നേതൃത്വത്തിൽ കർശന പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. എന്നാൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പോടെ എല്ലാം പാളി.
സാമൂഹ്യ അകലമടക്കം ഇല്ലാത്ത അവസ്ഥയാണ് പലസ്ഥലങ്ങളിലും കാണാൻ സാധിക്കുന്നത്. വിവാഹങ്ങളിലും മരണങ്ങളിലും മറ്റ് ചടങ്ങുകളിലുമെല്ലാം നിയന്ത്രണങ്ങൾ ലംഘിച്ച് വൻ തിരക്കാണ്. രാഷ്ട്രീയ പാർട്ടികൾ സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളിലും ഇതാണ് അവസ്ഥ. ഈ നില തുടർന്നാൽ വരും ദിവസങ്ങളിലും രോഗബാധിതരുടെ എണ്ണം കുത്തനെ കൂടാനാണ് സാദ്ധ്യത.
ടൂറിസ്റ്റുകൾ ഒഴുകുന്നു
കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും വിനോദ സഞ്ചാര മേഖലകളിലേക്ക് സഞ്ചാരികളുടെ കുത്തൊഴുക്കാണ്.
ഒൻപത് മാസം അടച്ചിട്ട പൊന്മുടി വീണ്ടും തുറന്നതാണ് തിരക്കിന് കാരണം. ഒരുമാസത്തിനിടെ ഒരു ലക്ഷത്തിൽപ്പരം സഞ്ചാരികളാണ് പൊന്മുടിയിലെത്തിയത്. കല്ലാർ, മീൻമുട്ടി, ബോണക്കാട്, പേപ്പാറ, ചാത്തൻകോട്, ചീറ്റിപ്പാറ തുടങ്ങിയ കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇവിടെയൊന്നും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നില്ല. മദ്യശാലകളിലും കെ.എസ്.ആർ.ടി.സി ബസുകളിലും സദാസമയം തിരക്കുതന്നെ.