hut

തിരുവനന്തപുരം: ഭൂപരിഷ്കരണത്തിൽ മുന്നേറിയ കേരളത്തിൽ ഇപ്പോഴും തുണ്ട് ഭൂമി പോലുമില്ലാത്തവർ ലക്ഷങ്ങൾ. മൂന്നു സെന്റും കുടിലും ഒഴിപ്പിക്കുന്നതിനിടെ അച്ഛനും അമ്മയും നഷ്ടപ്പെട്ട് വഴിയാധാരമായ നെയ്യാറ്റിൻകരയിലെ രഞ്ജിത്തിന്റെയും രാഹുലിന്റെയും കഥ ഒറ്റപ്പെട്ടതല്ല. സംസ്ഥാനം എന്നും അഭിമാനിക്കുന്ന വിപ്ലവകരമായ ഭൂപരിഷ്കരണം നടത്തിയിട്ട് 50 വർഷം കഴി‌ഞ്ഞിട്ടും ഒരു തുണ്ടി ഭൂമി പോലും ഇല്ലാത്ത രണ്ടുലക്ഷം പേരെങ്കിലും ഉണ്ടെന്നാണ് കണക്ക്.

1957ൽ തുടങ്ങി 1970ൽ പൂർത്തീകരിച്ചതാണ് ഭൂപരിഷ്കരണ പ്രക്രിയ. പ്ലാന്റേഷൻ ഒഴിവാക്കിയാൽ 1957ൽ സംസ്ഥാനത്ത് 7.5 ലക്ഷം ഏക്കർ ഭൂമിയുണ്ടായിരുന്നു. 1964ൽ സർക്കാർ വ്യക്തമാക്കിയത് 1,38,861 ഏക്കർ മിച്ചഭൂമിയേ ഉള്ളൂ എന്നാണ്. നാളിതുവരെ 1,03,421 ഏക്കർ ഭൂമി മാത്രമാണ് ഏറ്രെടുത്തത്. അതിൽ ഭൂരഹിതർക്ക് വിതരണം ചെയ്തത് 73,796 ഏക്കർ മാത്രം. മിച്ചഭൂമിയായി ഏറ്റെടുക്കാൻ 35,000 ഏക്കർ ഭൂമി ഉണ്ടെന്നർത്ഥം. ഏറ്റെടുത്ത മിച്ചഭൂമിയിലെ കേസുകൾ കൃത്യമായി നടത്തിയാൽ 15,000 ഏക്കർ ഭൂമി കൂടി സർക്കാരിന് കിട്ടും. ഭൂരഹിതർക്ക് ഭൂമി നൽകാൻ വേറെ എവിടെയും പോവേണ്ട.

മിച്ചഭൂമിയായി ഏറ്റെടുക്കാവുന്നതിൽ

13,000 ഏക്കർ പൊതു ആവശ്യങ്ങൾക്കായി ഏറ്റെടുത്തു.ഏറ്റക്കുറച്ചിലുകൾ ഉണ്ടായാലും ബാക്കി ഭൂമി പാവപ്പെട്ടവർക്ക് നൽകാവുന്നതേയുള്ളു.

കഴിഞ്ഞ യു.ഡി.എഫ് സർക്കാർ ഭൂരഹിതരില്ലാത്ത കേരളം പദ്ധതി പ്രകാരം മൂന്ന് സെന്റ് ഭൂമി നിരവധി പേർക്ക് കൊടുത്തിരുന്നു. പല കണക്കിൽ സ്ഥലമുണ്ടായിട്ടും ഭൂരഹിതർക്ക് നൽകാൻ സർക്കാർ പണം കൊടുത്ത് ഭൂമിവാങ്ങുകയായിരുന്നു.

സർക്കാരിന്റെ കണക്കുപ്രകാരം സംസ്ഥാനത്ത് ആളില്ലാതെ കിടക്കുന്ന 11 ലക്ഷം വീടുകളുണ്ട്. ആറു വർഷം മുമ്പുള്ള കണക്കു പ്രകാരം 4,70,606 പേർ വീടില്ലാത്തവരും 1,79,210 പേർ ഭൂമിയും വീടും ഇല്ലാത്തവരുമായിരുന്നു. ഈ സർക്കാർ ലൈഫ് പദ്ധതി കൊണ്ടുവരുമ്പോൾ ലക്ഷ്യമിട്ടത് വീടില്ലാത്ത എല്ലാവർക്കും സുരക്ഷിതമായ വീടു നൽകുക എന്നതായിരുന്നു. സാമൂഹ്യ സാമ്പത്തിക ജാതി സെൻസസ് പ്രകാരം അപ്പോഴത്തെ ഭവനരഹിതരുടെ എണ്ണം ഇങ്ങനെ - പട്ടികജാതി 44,​066, പട്ടിക വർഗം 13,​200, ആകെ 1,69,361. തോട്ടമുടമകൾ അനധികൃതമായി കൈവശം വച്ചിട്ടുള്ളത് അഞ്ച് ലക്ഷത്തോളം ഏക്കർ ഭൂമിയാണ്. സർക്കാർ തന്റേടം കാണിച്ചാൽ നിയമനിർമ്മാണത്തിലൂടെ ഇത് ഏറ്റെടുക്കാവുന്നതേയുള്ളൂ.

ഭൂമിയുടെ കണക്കുകൾ ഇങ്ങനെ

 1964ൽ സർക്കാർ വ്യക്തമാക്കിയ മിച്ചഭൂമി- 1,38,861 ഏക്കർ

 നാളിതുവരെ ഏറ്റെടുത്ത ഭൂമി- 1,03,421 ഏക്കർ

 ഭൂരഹിതർക്ക് വിതരണം ചെയ്തത്- 73,796 ഏക്കർ

 മിച്ചഭൂമിയായി ഏറ്റെടുക്കേണ്ടത്- 35,000 ഏക്കർ

 കേസുകൾ കൃത്യമായി നടത്തിയാൽ സർക്കാരിന് ലഭിക്കുന്നത്- 15,000 ഏക്കർ

 പൊതു ആവശ്യങ്ങൾക്കായി ഏറ്റെടുത്ത സ്ഥലം- 13,000 ഏക്കർ

സംസ്ഥാനത്ത് ആളില്ലാതെ കിടക്കുന്ന വീടുകൾ- 11 ലക്ഷം