health

ആരോഗ്യസംരക്ഷണത്തിന് നല്ല ഭക്ഷണം,​ ശീലം,​ കൃത്യനിഷ്ഠ എന്നിവ അനിവാര്യമാണ്. ഇക്കാര്യങ്ങൾ എല്ലാവർക്കും അറിയാമെങ്കിലും പലപ്പോഴും പാലിക്കപ്പെടാറില്ല എന്നതാണ് സത്യം. നവവത്സരത്തിൽ കൂടുതൽ ശ്രദ്ധയോടെ, കൃത്യനിഷ്ഠയോടെ ആരോഗ്യകാര്യങ്ങൾ അനുസരിക്കാൻ വേണ്ടിയുള്ള ഓർമ്മപ്പെടുത്തലാണിത്.

ആരോഗ്യമുള്ളവരും അത് വേണമെന്ന് ആഗ്രഹിക്കുന്നവരും രാവിലെ അഞ്ചു മണിക്ക് മുമ്പ് ഉറക്കമുണർന്നെഴുന്നേൽക്കണം. വിദ്യാർത്ഥികൾക്ക് നന്നായി പഠിക്കാനും രാവിലത്തെ സമയം മികച്ചതാണ്. ശ്രദ്ധയോടെ എഴുതിയും നോട്ട് കുറിച്ച് ആവർത്തിച്ച് പഠിക്കാനും ഓർമ്മിക്കാൻ എളുപ്പമാകുംവിധം മറ്റു സംഭവങ്ങളുമായി ബന്ധിപ്പിച്ചും പഠിച്ചത് ആവർത്തിച്ചും കൃത്യമായ ടൈംടേബിൾ ഉണ്ടാക്കിയും പരീക്ഷയ്ക്ക പ്രാധാന്യം നൽകിയും വേണം പഠിക്കാൻ.

മുതിർന്നവർക്കും ആരോഗ്യസംരക്ഷണത്തിന് ഈപ്പറഞ്ഞ മാർഗ്ഗങ്ങളിൽ പലതും അനുവർത്തിക്കാവുന്നതാണ്. പ്രത്യേക കാലയളവും പരീക്ഷയും അവർക്ക് ഇല്ലെന്നേയുള്ളൂ.

പ്രഭാതത്തിൽ എഴുന്നേറ്റാലുടൻ വായ കഴുകുക. എല്ലാ ദിവസവും ഒന്നോ രണ്ടോ തവണ മലശോധന ലഭിക്കുന്നതാണ് നല്ലത്. മലശോധനയ്ക്ക് കൃത്യമായൊരു സമയം വേണമെന്നില്ല. അങ്ങനെ ശീലിക്കാമെങ്കിൽ അത് നല്ലതുതന്നെ.

നാരുകളടങ്ങിയ ഭക്ഷണം കഴിക്കുന്നതും ആവശ്യത്തിന് വെള്ളം കുടിക്കുന്നതും കൃത്രിമ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതും മലശോധനയ്ക്ക് നല്ലതാണ്.

പരമാവധി രണ്ട് മിനിറ്റ് കൊണ്ട് പല്ലുതേയ്ക്കുക.സോഫ്റ്റ് ബ്രഷ് ഉപയോഗിച്ചുവേണം അത് ചെയ്യാൻ.

ആഹാരം കഴിക്കുന്നതിന് അരമണിക്കൂർ മുമ്പ് പല്ലുതേയ്ക്കുക. രാത്രിയിൽ ഭക്ഷണം കഴിച്ച് അരമണിക്കൂറിനുശേഷമാണ് പല്ല് തേയ്ക്കേണ്ടത്. ഭക്ഷണം കഴിഞ്ഞ ശേഷം നാവ് വടിക്കാൻ ശ്രമിക്കരുത്.

ശരിയായി പല്ലുതേയ്ക്കുന്നത് മുതൽ തന്നെ വിശപ്പ് ആരംഭിക്കും.

അതുകഴിഞ്ഞാൽ ശുദ്ധജലമോ ചൂടാറ്റിയ വെള്ളമോ കുടിക്കാം.ചൂട് ചായ,ബിസ്ക്കറ്റ് തുടങ്ങിയവ വെറും വയറ്റിൽ വേണ്ടെന്നു വയ്ക്കുക.

വ്യായാമം ചെയ്യുകയോ, വ്യായാമം ലഭിക്കുന്ന മറ്റു ജോലികളിൽ ഏർപ്പെടുകയോ ചെയ്യുക. മനസ്സിന് സന്തോഷം കൂടി നൽകുന്ന കൃഷിപ്പണികൾ നല്ലതാണ്. 10 മിനിറ്റ് കൊണ്ട് ഒരു കിലോമീറ്റർ എന്ന രീതിയിൽ 30 മിനിറ്റ് കൊണ്ട് മൂന്ന് കിലോമീറ്റർ ദൂരം കൈയൊക്കെ വീശി അല്പം വേഗത്തിൽ എന്നാൽ, നിയന്ത്രണത്തിലും നടക്കുന്നത് ഗുണം ചെയ്യും. ക്രമേണ വേഗത കൂട്ടി 30 മിനിറ്റിനുള്ളിൽ 3 കിലോമീറ്റർ എന്ന രീതിയിൽ നടക്കണം.

നാളെ: ശീലിക്കേണ്ടതും

ഒഴിവാക്കേണ്ടതും