azhoorpanchayathoffece

മുടപുരം: സ്ഥലപരിമിതിയിൽ വലയുന്ന അഴൂർ പഞ്ചായത്ത് ഓഫീസിന് പുതിയ മന്ദിരം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വർഷങ്ങളായി ജനങ്ങൾ ഉയർത്തുന്ന ഈ ആവശ്യത്തിന് പച്ചക്കൊടികാട്ടാൻ അധികൃതർ ഇനിയും തയ്യാറാകാത്തതിൽ പ്രതിഷേധം ശക്തമാണ്. പുതിയ ഭരണസമിതിയെങ്കിലും ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണിവർ.

പെരുങ്ങുഴി ശ്രീരാജരാജേശ്വരി ക്ഷേത്രത്തിന് സമീപമാണ് ഓഫീസ് സ്ഥിതിചെയ്യുന്നത്. പഞ്ചായത്ത് രൂപീകരിച്ച സമയത്തുള്ള മൂന്നംഗസമിതിയിൽ അംഗമായിരുന്ന പാട്ടുപുരയിടം കുഞ്ഞൻ മുതലാളിയാണ് ഓഫീസിനായി 10 സെന്റ് സ്ഥലവും കെട്ടിടവും സൗജന്യമായി നൽകിയത്. 1995ൽ ബി. ജയപ്രകാശ് പ്രസിഡന്റായിരുന്ന സമയത്ത് ഇവിടെ ഇരുനില മന്ദിരം നിർമ്മിച്ചു. അഡ്വ. വി. ജോയി പ്രസിഡന്റായിരുന്നപ്പോൾ 2015ൽ ഓഫീസിനോട് ചേർന്ന് തൊഴിലുറപ്പ് തൊഴിലാളികൾക്കായി സേവാകേന്ദ്രവും നിർമ്മിച്ചിരുന്നു. എന്നാൽ ഇത്രയൊക്കെയുണ്ടെങ്കിലും ജീവനക്കാരെയും വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന പൊതുജനങ്ങളെയും ഉൾക്കൊള്ളുന്നതിന് നിലവിലെ സ്ഥലം മതിയാകാത്തതാണ് ഇവിടുത്തെ പ്രശ്നം.

സെക്രട്ടറി, പ്രസിഡന്റ് എന്നിവരുടെ മുറികളും പഞ്ചായത്ത് കമ്മിറ്റി കൂടുന്നതിനുള്ള ചെറിയ ഹാളും അടങ്ങുന്നതാണ് പ്രധാന കെട്ടിടം. വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്തിലെത്തുന്ന ജനങ്ങൾ

ഫ്രണ്ട് ഓഫീസിലും പഞ്ചായത്ത് സെക്രട്ടറിയുടെ മുറിയിലും എത്തിയ ശേഷം പ്രസിഡന്റിനെ കാണമെങ്കിൽ പടിക്കെട്ടുകൾ താണ്ടണം. വയോജനങ്ങൾക്കാണ് ഇത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. വൈസ് പ്രസിഡന്റ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ എന്നിവർക്കായി പ്രത്യേക ഓഫീസ് മുറികൾ സജ്ജമാക്കുന്നതിനുള്ള സൗകര്യവും ഇവിടെയില്ല.

അവസ്ഥ ഇങ്ങനെ

പ്രധാന കെട്ടിടത്തിൽ ഫ്രണ്ട് ഓഫീസ് ആരംഭിച്ചെങ്കിലും ഇവിടെ എത്തുന്നവർക്ക് ഇരിക്കണമെങ്കിൽ വരാന്ത മാത്രമാണ് ആശ്രയം. ഇവർക്ക് ആവശ്യമായ ഇരിപ്പിടം സജ്ജീകരിക്കുന്നതിന് തടസവും സ്ഥലപരിമിതിയാണ്. സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, കാഷ്യർ, സീനിയർ ക്ലാർക്ക്, ജൂനിയർ ക്ലാർക്ക്, എ.ഇ, ഓവർസിയർ തുടങ്ങിയവർ ഉൾപ്പെടെ 21ൽ അധികം ജീവനക്കാരാണ് പഞ്ചായത്തിലുള്ളത്. ഇവരെ ഉൾക്കൊള്ളുന്നതിനുള്ള സൗകര്യവും കെട്ടിടങ്ങൾക്കില്ല. അടുത്തടുത്ത് മേശയും കസേരയും നിരത്തിയാണ് ജീവനക്കാർ ജോലി നോക്കുന്നത്. ഇത് മറികടക്കുന്നതിന് പഴയകെട്ടിടങ്ങൾ പൊളിച്ചുമാറ്റി ഇവിടത്തന്നെയോ അല്ലങ്കിൽ മറ്റൊരു സ്ഥലത്തോ പുതിയ പഞ്ചായത്ത് മന്ദിരം സ്ഥാപിക്കണമെന്നാണ് നാട്ടുകാരും ജീവനക്കാരും ആവശ്യപ്പെടുന്നത്.

"പഞ്ചായത്ത് ഓഫീസിലെ സ്ഥല പരിമിതി കാരണം ജനങ്ങളും ജീവനക്കാരും ഒരുപോലെ ബുദ്ധിമുട്ടുകയാണ്. ഇത് പരിഹരിക്കുന്നതിനായി പുതിയ ബഹുനില മന്ദിരം നിർമ്മിക്കാൻ അടിയന്തര നടപടി വേണം."

പി.ആർ. പ്രശാന്ത്, പ്രസിഡന്റ്, പെരുങ്ങുഴി ക്ഷീരോത്പാദക സഹകരണ സംഘം