വർക്കല: ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ 11ാം നമ്പർ വാർഡിൽ താമസിക്കുന്നവരുടെ പ്രധാന പ്രശ്നം സുരക്ഷിതമായി യാത്രചെയ്യാൻ മതിയായ റോഡ് ഇല്ല എന്നതാണ്. ഇവിടുത്തെ ജനങ്ങൾക്ക് കല്ലമ്പലം - വർക്കല മെയിൻ റോഡിലെത്താൻ കറങ്ങിവേണം യാത്രചെയ്യാൻ. നിലവിൽ തോക്കാട് ജംഗ്ഷനിൽ നിന്നും കല്ലമ്പലം - വർക്കല റോഡിലെത്താൻ പഞ്ചായത്ത് വക റോഡുണ്ട്. എന്നാൽ തോക്കാട് നിന്നും ആലിൻമൂട് എത്തിച്ചേരാനുള്ള റോഡാണ് ജനങ്ങൾക്ക് ദുരിതം നൽകുന്നത്. ഇവിടുത്തെ ജനങ്ങൾക്ക് കല്ലമ്പലം- വർക്കല റോഡിലെ പ്രധാന ജംഗ്ഷനായ ആലിൻമൂട്ടിൽ എത്താൻ വാഹനം പോകുന്ന വഴിയില്ല.. ആകെയുള്ളത് ഒരു നടവഴി മാത്രമാണ്. ഏകദേശം 600മീറ്റർ മാത്രം മതിയെന്നിരിക്കെ ഒന്നര കിലോമീറ്ററോളം ചുറ്റിവേണം വാഹനയാത്രക്കാർക്ക് പോകാൻ. അതിനുള്ള പ്രധാന കാരണം തോക്കാട് - ആലിൻമൂട് വരെയുള്ള 10 മീറ്റർ റോഡാണ്. വളരെ ഇടുങ്ങിയ കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെയുള്ള കാൽനടയാത്രപോലും വളരെ ദുഷ്കരമാണെന്നാണ് നാട്ടുകാരുടെ പക്ഷം. പഞ്ചായത്ത് ഇലക്ഷൻ കഴിഞ്ഞതോടെ ഏറെ ബുദ്ധിമുട്ടിയുള്ള നാട്ടുകാരുടെ ഈ യാത്രയ്ക്ക് ശാശ്വത പരിഹാരം കാണുമെന്ന വിശ്വാസത്തിലാണ് ഇവിടുത്തെ നാട്ടുകാർ. നിരവധി തവണ റോഡ് വീതി കൂട്ടി ഗതാഗത സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ അധികൃതർക്ക് നിവേദനം നൽകിയെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.റോഡിന്റെ 10 മീറ്ററിന് പിന്നിലുള്ള ഇട റോഡ് 8 വർഷങ്ങൾക്ക് മുൻപ് പഞ്ചായത്ത് ഏറ്റെടുത്ത് ടാറിംഗചെയ്തിട്ടുണ്ട്. കാലാകാലങ്ങളിൽ റീ ടാറിങ്ങും പഞ്ചായത്ത് തന്നെ നടത്തിവരുന്നത്. എന്നാൽ ഇട റോഡ് പൂർണമായും പഞ്ചായത്തിന് ഏറ്റെടുക്കാനും കഴിഞ്ഞിട്ടില്ല. പ്രശ്നങ്ങൾ പരിഹരിച്ച് റോഡിന്റെ പ്രശ്നങ്ങൾ തീർത്ത് റോഡ് സഞ്ചാരപ്രഥമാക്കാൻ പുതുയ പഞ്ചായത്ത് ഭരണസമിതി മുന്നോട്ടുവരണമെന്നാണ് തോക്കാട് നിവാസികളുടെ ആവശ്യം..
പൊറുതിമുട്ടി ജനം
പത്ത് മീറ്ററോളം ഇടുങ്ങിയ ഈ വഴി ഒഴിച്ചാൽ ബാക്കി ഭാഗം വാഹനങ്ങൾക്ക് പോകാൻ കഴിയുന്ന തരത്തിലാണ്.. എന്നാൽ വഴിയുടെ ഇടയ്ക്കുള്ള ഈ ഇടുങ്ങിയ ഭാഗം കാരണം മറുവശങ്ങളും ടാറ് ചെയ്യാതെ നശിക്കുകയാണ്. മാത്രമല്ല ഈ വഴി ഒറ്റപ്പെട്ട് കിടക്കുന്നതിനാൽ സാമൂഹിക വിരുദ്ധരും മദ്ധ്യപ സംഘങ്ങളും ഇവിടെ ചേക്കേറിയതായും പരാതിയുണ്ട്. രാത്രിയായാൽ ഇതുവഴി യാത്ര പലരും മടിക്കുകയാണ്. ഒപ്പം മാലിന്യ നിക്ഷേപം കൂടി ആയതോടെ ജനം പൊറുതിമുട്ടിയാണ് ജീവിക്കുന്നത്.
യാത്ര ദുഷ്കരം
150 ഓളം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് ഇവിടെ ഇവരുടെ പ്രധാന സഞ്ചാര പാതയാണ് യാത്രചെയ്യാൻ കഴിയാതെ തടസപ്പെട്ടിരിക്കുന്നത്. വിദ്ധ്യാർത്ഥികൾ, വഴിയാത്രക്കാർ, കൂലിപ്പണിക്കാർ തുടങ്ങി നിരവധി പേർ ആശ്രയിക്കുന്ന ഈ പാത വീതികൂട്ടി എത്രയും വേഗം സഞ്ചാരപ്രഥമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വീതികുറഞ്ഞ ഈ റോഡിലൂടെ ആടിയന്തര ഘട്ടങ്ങളിൽ ആശുപത്രിയിലേക്ക് പോകാൻ പോലും കഴിയാറില്ല.. അത്തരം സാഹചര്യങ്ങളിൽ രോഗിയെ ചുമന്ന് വേണം റോഡിന് അപ്പുറം എത്തിക്കാൻ.