photo

ചിറയിൻകീഴ്: ഒരു നാടിന്റെ മുഴുവൻ കാത്തിരിപ്പിനും മുറവിളിക്കും പരിഹാരമായി ചിറയിൻകീഴ് ഓവർബ്രിഡ്ജ് യാഥാർത്ഥ്യത്തിലേക്ക്. ചിറയിൻകീഴ് റെയിൽവേ ഓവർ ബ്രിഡ്ജ് നിർമ്മാണോദ്ഘാടനം 23ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും.

ചിറയിൻകീഴ് വലിയകട ജംഗ്ഷനിൽ ഓവർബ്രിഡ്ജ് ആരംഭിക്കുന്ന സ്വാമിജി തിയേറ്ററിനു സമീപം നിർമാണത്തിനായി ഏറ്റെടുത്ത സ്ഥലത്ത് നിർമാണോദ്ഘാടന ചടങ്ങ് സംഘടിപ്പിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ വി. ശശി അറിയിച്ചു. പതിറ്റാണ്ടുകളായി ഇതുവഴിയുള്ള യാത്രക്കാരുടെയും നാട്ടുകാരുടെയും സ്വപ്നമാണ് യാഥാർത്ഥ്യമാകാൻ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഓവർബ്രിഡ്ജ് നിർമാണത്തിനായുള്ള കരാർ നടപടിക്രമങ്ങൾ ആരംഭിച്ചെങ്കിലും കരിമ്പട്ടികയിലുള്ള ഒരു കമ്പനി മാത്രം വന്നതിനാൽ കരാർ നിറുത്തിവച്ചു. ഇങ്ങനെയും കുറച്ചു കാലതാമസമെടുത്തു. തുടർന്ന് സർക്കാർ സംസ്ഥാനത്തെ 10 ഓവർബ്രിഡ്ജുകൾക്ക് ദർഘാസ് ക്ഷണിച്ചതിൽ ചിറയിൻകീഴിനെയും ഉൾപ്പെടുത്തി.

കരാർ എടുക്കാൻ വൻകിട കമ്പനികൾ രംഗത്ത് എത്തിയതിന്റെ അടിസ്ഥാനത്തിൽ കമ്പനികളോട് നിർമാണത്തിന്റെ രൂപരേഖ സമർപ്പിക്കാൻ അധികൃതർ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് നടന്ന നടപടി ക്രമങ്ങളിലാണ് ഓവർബ്രിഡ്ജിന് പച്ചക്കൊടി വീശിയിരിക്കുന്നത്. നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തടസങ്ങൾ നേരിട്ടപ്പോഴും പദ്ധതി പ്രവർത്തനങ്ങൾ വിവിധ കാരണങ്ങളാൽ നീണ്ടപ്പോഴും ഓവർബ്രിഡ്ജുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.

 നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് - 2016ൽ

സ്ഥലമേറ്റെടുക്കൽ വെല്ലുവിളിയായിരുന്നു

ഭൂമി ഏറ്റെടുക്കലായിരുന്നു പ്രധാന പ്രശ്നം. വലിയകട മുതൽ ബസ് സ്റ്റാൻ‌ഡ് വരെ എ കാറ്റഗറി എന്നും റെയിൽവേ ഗേറ്റിനപ്പുറം മുതൽ പണ്ടകശാല വരെ ബി കാറ്റഗറി എന്നും തിരിച്ചാണ് വസ്തുവിന്റെ സർവേ നടന്നത്. 88 ഭൂവുടമകളിൽ നിന്ന് ഏകദേശം 13 കോടി രൂപയോളം ചെലവഴിച്ചാണ് ഭൂമി ഏറ്റെടുക്കൽ നടപടി നടത്തിയത്.

ഗതാഗതക്കുരുക്കിന് പരിഹാരമാകും
ചിറയിൻകീഴ് - കടയ്ക്കാവൂർ റോഡിലാണ് റെയിൽവേ ഗേറ്റ് സ്ഥിതിചെയ്യുന്നത്. പ്രധാന പാതയായതിനാൽ നൂറുകണക്കിന് വാഹനങ്ങളാണ് ഇതു വഴി കടന്നുപോകുന്നത്. ദിനവും നൂറോളം പ്രാവശ്യം ഗേറ്റ് അടയ്ക്കുകയും തുറക്കുകയും ചെയ്യാറുണ്ട്. അപ്പോൾ മണിക്കൂറുകളോളമാണ് ഇവിടെ ഗതാഗതക്കുരുക്ക് നീളുന്നത്. ഓവർബ്രിഡ്ജ് വരുന്നതോടെ ഇതിന് പരിഹാരമാകും.