തലശ്ശേരി: ശിവഗിരി തീർത്ഥാടനത്തിന്റെ അനുഭൂതി പകർന്ന്, ജഗന്നാഥ ക്ഷേത്രത്തിൽ തീർത്ഥാടന സ്മൃതി യാത്ര സംഘടിപ്പിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ശിവഗിരി തീർത്ഥാടനം സാധിക്കാതെ വന്ന നൂറുകണക്കിന് വിശ്വാസികൾക്ക് ഇത് ആത്മീയാനുഭൂതിയേകി. ഗുരുദേവനാൽ പ്രതിഷ്ഠിതമായ ക്ഷേത്രാങ്കണത്തിൽ നിന്ന് പുറപ്പെട്ട് ഉത്സവ ആറാട്ട് വഴികളിലൂടെ സഞ്ചരിച്ച് ഗുരുവിന്റെ ജീവിതകാലത്ത് തന്നെ പ്രതിഷ്ഠിതമായ ഗുരുദേവപ്രതിമക്ക് മുന്നിൽ സമാപിച്ചപ്പോൾ ഗുരു ചൈതന്യത്തിന്റെ ആത്മീയ വിശുദ്ധിയിൽ ഭക്തമാനസങ്ങൾ നീരാടി.
ചെണ്ടമേളം, മുത്തുക്കുടകൾ, മഞ്ഞ പതാകകൾ എന്നിവയുടെ അകമ്പടിയോടെ മഞ്ഞ വസ്ത്രധാരികൾ നാരായണ ജപമന്ത്രങ്ങളുമായി പുഷ്പാലംകൃതമായ രഥത്തിൽ ഗുരുദേവ ഛായാപടം എഴുന്നള്ളിച്ചു. കടന്നു പോയ വഴികളിലെ വീടുകളിലെല്ലാം ആരതികളോടെയാണ് തീർത്ഥാടക വൃന്ദത്തെ വരവേറ്റത്.
ശ്രീജ്ഞനോദയ യോഗവും ശ്രീനാരായണമഠം ഏകോപന സമിതിയും സംയുക്തമായാണ് തീർത്ഥാടന യാത്ര സംഘടിപ്പിച്ചത്. വഴി നീളെ പദയാത്രക്ക് ഊഷ്മളമായ വരവേൽപ്പ് ലഭിച്ചു. ജ്ഞാനോദയ യോഗം പ്രസിഡന്റ് കെ. സത്യൻ, മഠം ഏകോപന സമിതി കൺവീനർ മുരിക്കോളി രവീന്ദ്രൻ, യോഗം ഡയറക്ടർമാരായ കണ്ട്യൻ ഗോപി, രാജിവൻ മാടപ്പിടിക, വളയം കുമാരൻ, രാഘവൻ പെന്നമ്പത്ത്, എസ്.എൻ.ഡി.പി. യോഗം ദേവസ്യം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, ഇൻസ്‌പെക്ടിംഗ് ഓഫീസർ രതീഷ്ബാബു, സ്വാമി പ്രേമാനന്ദ, വേണുഗോപാൽ, (ശ്രീനാരായണ മഠം പുന്നോൽ) ദാസൻ(കുട്ടി മാക്കുൽ) മാതൃ സമിതി ഭാരവാഹികളായ രമ, സീത, സീന സുർജിത്ത്, തുടങ്ങിയവർ നേതൃത്യം നൽകി. ക്ഷേത്രം മേൽശാന്തി സബീഷ്, ലജീഷ് ശാന്തി, ശെൽവൻ ശാന്തി, ശശി ശാന്തി തുടങ്ങിയ വൈദീക ശ്രേഷ്ഠന്മാർ ചടങ്ങിന് കാർമ്മികത്വം വഹിച്ചു.