പ്രഭാത ഭക്ഷണം കഴിക്കുന്നതിനു മുമ്പ് കുളിക്കണം. ചൂടുവെള്ളം തലയിലൊഴിച്ച് കുളിക്കുന്നത് നല്ലതല്ല. ക്ഷീണമുള്ളപ്പോൾ മാത്രം ഇളം ചൂടുവെള്ളം ദേഹത്തൊഴിച്ച് കുളിക്കാം. എന്നാൽ, ചൂടാക്കിയ വെള്ളം തണുപ്പിച്ച ശേഷമേ തലയിൽ ഒഴിക്കാൻ പാടുള്ളൂ. സോപ്പ് തേയ്ക്കുന്നതിനേക്കാൾ പ്രാധാന്യം തേച്ച സോപ്പ് ദേഹത്തുനിന്ന് കഴുകിക്കളയാൻ നൽകണം.സോപ്പ് കയ്യിൽവച്ചു പതച്ച് പത മാത്രം ദേഹത്ത് തേയ്ക്കുന്നതാണ് കൂടുതൽ നല്ലത്.
സസ്യാഹാരത്തിനും പഴവർഗങ്ങൾക്കും പ്രാധാന്യം നൽകണം. എന്നാൽ, അമിത വിഷപ്രയോഗത്തിന്റെ ഫലമായി മലയാളികൾ ഇവയുടെ ഉപയോഗം കുറച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ ഇതല്ലവേണ്ടത്. അങ്ങനെ പേടിയുള്ളവർ സ്വന്തമായി കൃഷി ചെയ്യുകയാണ് നല്ലത്. എന്തിന്റെ പേരിലായാലും പഴം, പച്ചക്കറികളുടെ അളവ് ആഹാരത്തിൽ കുറയ്ക്കരുത്. അതേസമയം, ഹാനികരമായ ഭക്ഷ്യവസ്തുക്കൾക്കെതിരെ ജാഗ്രത പുലർത്തുകയും വേണം.
നിറവും മണവും രുചിയും പ്രത്യേക ആകൃതിയുമുള്ളവയാണ് നല്ലഭക്ഷണമെന്ന് കരുതിവച്ചിരിക്കുന്നവരുണ്ട്. എന്നാൽ, ആരോഗ്യം നൽകുന്നതാണ് നല്ല ഭക്ഷണം.
രാത്രിഭക്ഷണം കുറച്ചുമതി. എന്നാലും എളുപ്പം ദഹിക്കുന്നവ തന്നെ വേണം. രാത്രിയിലെ ഭക്ഷണം കഴിച്ച് ഒന്നരമണിക്കൂർ കഴിഞ്ഞ് പത്തു മണിയോടെ ഉറങ്ങാൻ കിടക്കണം.
ഉറങ്ങുന്നതിന് തൊട്ടുമുമ്പുള്ള ഭക്ഷണം, മൊബൈൽ ഫോൺ, ടിവി എന്നിവയുടെ ഉപയോഗം, ടെൻഷനുണ്ടാക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള ആലോചന,
കോഫി, വഴക്കുണ്ടാക്കൽ തുടങ്ങിയവ ഉറക്കത്തെ ബാധിക്കും.
ഒഴിവാക്കേണ്ടവ
പാകം ചെയ്യുന്നതിനും കുടി വെള്ളം തിളപ്പിക്കുന്നതിനും ഗുണമേന്മ കുറഞ്ഞ അലൂമിനിയം പാത്രങ്ങൾ ഒഴിവാക്കണം.
വാട്ടർബോട്ടിൽ, ടിഫിൻ ബോക്സ് തുടങ്ങിയവ ഹൈ ഗ്രേഡ് പ്ലാസ്റ്റിക്, സ്റ്റെയിൻലസ് സ്റ്റീൽ അല്ലാത്തവ ഒഴിവാക്കുക.
വാക്സ് കോട്ടിംഗുള്ള കപ്പ്, പാത്രം, പേപ്പറുകൾ എന്നിവ ഒഴിവാക്കുക.
മത്സ്യം, മാംസം, അച്ചാർ, തൈര് എന്നിവ സ്ഥിരമായി ഉപയോഗിക്കരുത്.
സന്ധ്യാസമയത്തെ ഭക്ഷണവും കുളിയും ഒഴിവാക്കണം.
സ്പ്രേ, സൗന്ദര്യവർദ്ധക വസ്തുക്കൾ ഇവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. പ്രത്യേകിച്ച്, കുട്ടികൾ.
കോള, എനർജി ഡ്രിങ്കുകളുടെ അമിത ഉപയോഗം നല്ലതല്ല.
ഒരു സ്ട്രോ ഉപയോഗിച്ചല്ലാതെ പുളിയുള്ള ജ്യൂസുകൾ കുടിക്കരുത്.
കൂടുതൽ തണുത്തവയും നല്ല ചൂടുള്ളവയും ഉപയോഗിക്കരുത്.
ശരിയായ രോഗനിർണ്ണയം നടത്താതെ ഉടൻ അസുഖം മാറ്റണം എന്ന രീതിയിൽ ഡോക്ടറെ നിർബന്ധിക്കരുത്. ശരിയായ അറിവുള്ളവരിൽനിന്നല്ലാതെ ചികിത്സ സ്വീകരിക്കരുത്.
ശീലിക്കേണ്ടത്
നെല്ലിക്ക, മഞ്ഞൾ തുടങ്ങിയവ ഏതുവിധേനയും ഉപയോഗിക്കണം.
വിരയ്ക്കുള്ള മരുന്നുകൾ ആവശ്യമെങ്കിൽ കഴിക്കണം.
നഖവും മുടിയും കൃത്യമായ ഇടവേളകളിൽ സൂക്ഷ്മതയോടെ മുറിക്കണം.
മോരും മോരുകറിയും ശീലിക്കണം.
പാവയ്ക്കാ,പടവലങ്ങ, കോവയ്ക്ക, വാഴപ്പിണ്ടി, വാഴക്കൂമ്പ് ,കുമ്പളങ്ങ, വെള്ളരിക്ക തുടങ്ങിയവ ആഹാരത്തിൽ ഉൾപ്പെടുത്തണം.
പോഷണം കുറഞ്ഞവർക്ക് മട്ടൻ, ബീഫ് ,ഏത്തപ്പഴം,ഉഴുന്ന്, പായസം, കിഴങ്ങുവർഗ്ഗങ്ങൾ എന്നിവയാകാം. (പോഷണം കൂടുതലുള്ളവർ കിഴങ്ങുവർഗ്ഗങ്ങൾ, തണുപ്പിച്ചവ, പകലുറക്കം, ഉഴുന്ന്, അധികമായ മധുരം, മാംസം ഇവ ഒഴിവാക്കുക)
വീര്യം കുറഞ്ഞ മരുന്നുകൾക്ക് തന്നെ പ്രാധാന്യം നൽകണം.ആയുർവേദ ചികിത്സ സുരക്ഷിതമാണ്.