തിരുവനന്തപുരം: ഒമ്പതാം ക്ളാസ് വരെയുള്ള പരീക്ഷകൾ ഒഴിവാക്കുന്നതിനെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പിൽ രണ്ടഭിപ്രായം. പരീക്ഷ നടത്തുന്നതിന്റെ പ്രായോഗികവശങ്ങൾ ചൂണ്ടിക്കാട്ടി എല്ലാവരെയും വിജയിപ്പിക്കണമെന്ന നിർദ്ദേശത്തിനാണ് മുൻതൂക്കം. എന്നാൽ പരീക്ഷ നടത്തണമെന്നാണ് അദ്ധ്യാപക സംഘടനകളുടെ ആവശ്യം.
ഓൺലൈൻ പഠനം മുതിർന്ന കുട്ടികൾക്ക് തന്നെ മനസിലാക്കാൻ പ്രയാസമായ സാഹചര്യത്തിൽ ചെറിയ ക്ളാസിലുള്ളവർ എത്രമാത്രം മനസിലാക്കി എന്നതിനെപ്പറ്റി ധാരണയില്ല. ഇത് കണ്ടെത്താൻ പരീക്ഷ വേണമെന്ന നിലപാടിലാണ് അദ്ധ്യാപകർ. ഓൾ പ്രൊമോഷൻ സംവിധാനം നിലവിലുള്ളതിനാൽ പരീക്ഷ നടത്തിയില്ലെങ്കിലും കുഴപ്പമില്ലെന്നതാണ് പൊതുവേയുണ്ടായ നിർദ്ദേശം. ഒമ്പതാം ക്ളാസുവരെയുള്ളവർക്ക് സംശയങ്ങൾ ദൂരീകരിക്കാനും റിവിഷൻ നടത്താനും സംവിധാനവുമില്ലാത്ത സാഹചര്യത്തിൽ പരീക്ഷ ഒഴിവാക്കാനാണ് സാദ്ധ്യത. ഓൺലൈൻ വഴിയുള്ള ഇവരുടെ ക്ളാസുകൾ തുടരുകയാണ്. എല്ലാ പാഠഭാഗങ്ങളും ഓൺലൈനിലൂടെ പഠിപ്പിക്കാനാണ് തീരുമാനം.
'ഒമ്പതാം ക്ളാസുവരെയുള്ളവർക്ക് പരീക്ഷ നടത്തുന്നതിനെപ്പറ്റി തീരുമാനിച്ചിട്ടില്ല. കൊവിഡ് വ്യാപന നിരക്ക് കുറയുന്നതിനനുസരിച്ച് ആലോചിക്കാം".
- സി. രവീന്ദ്രനാഥ്, വിദ്യാഭ്യാസ മന്ത്രി