മുൻകാലങ്ങളിൽ പത്താംക്ളാസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുമ്പോൾ ഏറ്റവുമധികം ചർച്ചാവിഷയമായിരുന്നത് പൊതുവിദ്യാലയങ്ങളിലെ കൂട്ടത്തോൽവിയും നിലവാരത്തകർച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു. ഇന്ന് ആ പരിതാപകരമായ സ്ഥിതിവിശേഷത്തിൽ വലിയ മാറ്റമുണ്ടായിട്ടുണ്ട്. ഏറ്റവും മികച്ച അദ്ധ്യയനം പുലർത്തുന്ന സ്വകാര്യ സ്കൂളുകളുടെ നിലവാരത്തിലേക്ക് ഉയരാൻ അനേകം പൊതുവിദ്യാലയങ്ങൾ മുന്നോട്ടു വന്നുകൊണ്ടിരിക്കുകയാണ്. ഓരോ വർഷം കഴിയുന്തോറും അവയുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. സ്വാശ്രയ സ്‌കൂളുകളോടു സമൂഹം കാണിക്കുന്ന പതിവിൽ കവിഞ്ഞ അഭിനിവേശത്തിലും പതിയെ മാറ്റങ്ങളുണ്ടായിത്തുടങ്ങി. പൊതുവിദ്യാലയങ്ങളിൽ പഠിച്ചാലും ഉന്നതങ്ങളിലെത്താനാവുമെന്ന് സമൂഹം മനസിലാക്കിത്തുടങ്ങിയത് നല്ല ലക്ഷണമാണ്. നടപ്പ് അദ്ധ്യയന വർഷത്തിൽ 91510 കുട്ടികൾ സ്വാശ്രയ സ്കൂളുകൾ വിട്ട് പൊതുവിദ്യാലയങ്ങളിൽ എത്തിയെന്ന കണക്കു മാത്രം മതി സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന നവീന യജ്ഞങ്ങളുടെ ഫലപ്രാപ്തി മനസിലാക്കാൻ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളിൽ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള വൻ ശ്രമത്തിലാണ് സർക്കാർ ഇപ്പോൾ. അനവധി സ്കൂളുകൾ ഇതിനകം നവീകരിച്ചു കഴിഞ്ഞു. ഇടവേളയില്ലാതെ ആ യജ്ഞം തുടർന്നുകൊണ്ടേയിരിക്കുന്നു. മികച്ച പഠനാന്തരീക്ഷം ഉറപ്പുവരുത്തുന്നതാണ് ഇതുമായി ബന്ധപ്പെട്ട നവീകരണ പ്രവൃത്തികൾ. കൊവിഡ് മഹാമാരി കടന്നുവരാതിരുന്നുവെങ്കിൽ ഈ വർഷം തന്നെ പുത്തൻ സൗകര്യങ്ങൾ ഒരുക്കിയ സ്കൂളുകൾ കുട്ടികൾക്ക് തുറന്നുകൊടുക്കാൻ കഴിയുമായിരുന്നു.
പൊതുവിദ്യാലയങ്ങളിൽ ഈ വർഷം ഒന്നേമുക്കാൽ ലക്ഷം കുട്ടികളാണ് പുതുതായി പ്രവേശം നേടിയത്. ഒന്നു മുതൽ പത്തുവരെയുള്ള ക്ളാസുകളിലാണിത്. സ്വാശ്രയ സ്കൂളുകളോട് വിടപറഞ്ഞ് എത്തിയവരാണിവർ. കഴിഞ്ഞ നാലുവർഷത്തിനിടെ മൊത്തം 6.8 ലക്ഷം കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ തുടർ പഠനത്തിനായി എത്തിയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. പൊതുവിദ്യാലയങ്ങൾക്ക് ഈ അടുത്തകാലം വരെ കൊഴിഞ്ഞുപോകുന്ന കുട്ടികളുടെ കണക്കു പറയാനേ നേരമുണ്ടായിരുന്നുള്ളൂ. അതിനു പകരം ഇപ്പോൾ പുതുതായി പ്രവേശനം നേടുന്നവരുടെ കണക്ക് നിരത്തുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണാർത്ഥം സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന പദ്ധതികൾ ആഗ്രഹിച്ച തരത്തിൽ വിജയപ്രദമാകുന്നുവെന്നാണ് ഈ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ചതിനൊപ്പം പഠന നിലവാരം ഉയർത്താനുള്ള ബഹുമുഖ നടപടികളും സ്വീകരിക്കുന്നതാണ് കുട്ടികളെ ആകർഷിക്കുന്നത്. ഈ പ്രവണത ശാശ്വതമായി നിലനിൽക്കേണ്ടതുണ്ട്. അതിനു സാധിച്ചാൽ പൊതുവിദ്യാലയങ്ങളുടെ നിലനില്പ് ഒരിക്കലും അപകടത്തിലാവുകയില്ല. സമൂഹത്തിന് അതിൽ നിന്നുണ്ടാകുന്ന നേട്ടം ചില്ലറയൊന്നുമല്ല.
സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളിൽ നിലവിൽ 33.75 ലക്ഷം കുട്ടികളാണ് പഠിക്കുന്നത്. അടുത്ത അദ്ധ്യയനവർഷം ഈ സംഖ്യ ഉയരുമെന്നാണ് പ്രതീക്ഷ. പതിനഞ്ച് ഇരുപതു വർഷം മുൻപ് ഒന്നാം ക്ളാസിൽ അഞ്ചുലക്ഷത്തോളം കുട്ടികൾ പ്രവേശനം തേടിയിരുന്നുവെങ്കിൽ ഇപ്പോൾ അത് പകുതിയായി കുറഞ്ഞിരിക്കുകയാണ്. ജനസംഖ്യാ നിയന്ത്രണത്തിൽ സംസ്ഥാനം കൈവരിച്ച പുരോഗതിയാണ് ഇതിനു കാരണം. പൊതുവിദ്യാലയങ്ങളിൽ സമൂഹത്തിനു വിശ്വാസം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കൂടുതൽ അഭിവൃദ്ധി പ്രതീക്ഷിക്കാവുന്നതാണ്.
അടിയന്തര നവീകരണം ആവശ്യമായ നൂറുകണക്കിനു സ്കൂളുകൾ ധാരാളമുണ്ട്. പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളിൽ. ഒറ്റയടിക്ക് നവീകരണം ഏറ്റെടുക്കാനുള്ള സാമ്പത്തിക സ്ഥിതി സർക്കാരിന് ഇല്ലാത്തതിനാൽ പടിപടിയായേ അതു സാദ്ധ്യമാകൂ. എന്നിരുന്നാലും മുൻഗണന നൽകി സ്കൂളുകളിൽ ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്താനുള്ള കഠിനശ്രമം നടക്കുന്നുണ്ട്. ഈ വർഷം അനവധി സ്കൂളുകൾ മികച്ച നിലവാരത്തിലേക്ക് ഉയർത്താൻ കഴിഞ്ഞത് നേട്ടമാണ്. പഠനാന്തരീക്ഷം വിദ്യാർത്ഥി സൗഹൃദമാകേണ്ടത് ആവശ്യമാണ്. പുതിയ മാറ്റം അതിന് അനുസരണമുള്ളതായിരിക്കയും വേണം. ഭാവി ഡിജിറ്റൽ ക്ളാസുകളുടേതാണെന്ന് ബോദ്ധ്യപ്പെട്ടുകഴിഞ്ഞു. അതിന് ഇണങ്ങുന്ന ക്ളാസ് മുറികൾ സജ്ജീകരിക്കാനുള്ള പദ്ധതിയാണ് നടപ്പാക്കിവരുന്നത്. ഒട്ടേറെ സ്കൂളുകളിൽ ഡിജിറ്റൽ ക്ളാസ് മുറികൾ തയ്യാറായിക്കഴിഞ്ഞു.
സമൂഹത്തിൽ സ്വാശ്രയ മേഖലയോടുള്ള അതിരുകടന്ന വിശ്വാസവും മിഥ്യാധാരണകളുമാണ് പൊതുവിദ്യാലയങ്ങളുടെ പതനത്തിനു വിനയായത്. പൊതുവിദ്യാലയങ്ങളിൽ പലതിന്റെയും നിലവാരത്തകർച്ചയും ഒരു വിഭാഗത്തെ ഇത്തരം സ്കൂളുകളിൽ നിന്ന് അകറ്റിയിരുന്നു. എവിടെ പഠിച്ചാലും ഉന്നതങ്ങളിലെത്താമെന്നതിനു കൺമുന്നിൽ ഉദാഹരണങ്ങളുള്ളപ്പോൾ സ്വാശ്രയ മേഖലയോടുള്ള പഴയ അഭിനിവേശം കുറഞ്ഞു വരുന്നുണ്ട്. പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മികച്ച നിലവാരത്തിലേക്ക് ഉയരുന്നതിനൊപ്പം അദ്ധ്യയന നിലവാരം കൂടി മെച്ചപ്പെട്ടാൽ കഴുത്തറുപ്പൻ ഫീസ് നൽകി സ്വാശ്രയ സ്കൂളുകൾ തേടി രക്ഷാകർത്താക്കൾ ഓടുകയില്ല. അദ്ധ്യാപകരാണ് അതിനു മുൻകൈയെടുക്കേണ്ടത്.