തിരുവനന്തപുരം: ശാസ്ത്രനേട്ടങ്ങളിൽ അഹങ്കാരമല്ല, കൂടുതൽ എളിമയാണുണ്ടാവേണ്ടതെന്ന് പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞനും വി.എസ്.എസ്.സി ഡയറക്ടറുമായ ഡോ.എസ്.സോമനാഥ് പറഞ്ഞു. 88-ാമത് ശിവഗിരി തീർത്ഥാടന സമ്മേളനത്തിലെ ശാസ്ത്രസാങ്കേതിക സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മനുഷ്യന്റെ ശരീരത്തിൽ പോലും ഒരു കിലോഗ്രാമിലേറെ ഏകകോശ ജീവികളുണ്ട്. ജീവന്റെ ഉത്ഭവത്തിനാധാരായ സൈനോബാക്ടീരിയ ചെടികളിലെ ഇലകളിലാണുള്ളത്. ഭൂമിയിൽ നിന്ന് കാണാവുന്നതിന് പരിധിയുണ്ട്. എന്നാൽ ആകാശത്തെത്തിയാൽ കൂടുതൽ വ്യക്തമായി കാണാം. ജീവന്റെ ഉല്പത്തിയും അങ്ങനെ തന്നെ. നാനൂറ് കോടി വർഷങ്ങൾ കഴിഞ്ഞാൽ സൂര്യനുണ്ടാകില്ലെന്നാണ് പറയുന്നത്. അതിന് മുമ്പേ ഭൂമിയും തീരും. എന്നാൽ, ജീവന്റെ പരമ്പര ഭൂമിയിലല്ലെങ്കിൽ മറ്റേതെങ്കിലും ഗ്രഹങ്ങളിലും തുടരും. അതിനെല്ലാമാണ് മനുഷ്യർ ബഹിരാകാശ ശാസ്ത്രത്തിലേക്ക് തിരിയുന്നത്. നോഹയുടെ പേടകം പോലെ, ഭൂമിയിലെ ജീവജാലങ്ങളെല്ലാം കൂടി ലക്ഷക്കണക്കിന് പ്രകാശ വർഷങ്ങൾക്കപ്പുറമുള്ള മറ്റേതെങ്കിലും ഗ്രഹത്തിലേക്ക് പലായനം ചെയ്യുന്നതും അസാദ്ധ്യമല്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ അത്രയും ദൂരം സഞ്ചരിക്കാനും അതിജീവിക്കാനും മനുഷ്യരെക്കാൾ ശേഷി വൈറസുകൾക്കാണ്. മനുഷ്യന്റെ ഇൗ പരിമിതി സാങ്കേതിക വിദ്യയുടെ വികാസത്തിലൂടെ അതിജീവിക്കാനാണ് ശ്രമിക്കുന്നത്.
നൂറ് വർഷം കൊണ്ട് സാങ്കേതികവിദ്യ പതിനായിരം മടങ്ങെന്ന കണക്കിനാണ് വികസിക്കുന്നത്. അറുപതുകളിൽ ബഹിരാകാശ ഗവേഷണത്തിനിറങ്ങിയ ഇന്ത്യയ്ക്ക് ഇന്ന് അൻപതിലേറെ ഉപഗ്രഹങ്ങളുണ്ട്. ടിവി, മൊബൈൽ ഫോൺ, എ.ടി.എം. ദിശാനിർണയം തുടങ്ങിയ മേഖലകളിലെല്ലാം ഇന്ത്യയുടെ സ്വന്തം ഉപഗ്രഹങ്ങളാണിന്ന് പ്രവർത്തിക്കുന്നത്. ലോകത്തെ ആറ് ബഹിരാകാശ ശക്തികളിലൊന്ന് ഇന്ത്യയാണ്. കൂടുതൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനും, അതിന്റെ ചെലവ് കുറയ്ക്കാനും,സ്വകാര്യമേഖലയ്ക്കും പങ്കാളിത്തം നൽകാനുമാണ് ശാസ്ത്രത്തിന്റെ അടിസ്ഥാനതലം ശാസ്ത്രബോധത്തോടെ ജീവിക്കുകയാണെന്ന് ശ്രീനാരായണ ഗുരു ഉപദേശിച്ചിട്ടുണ്ട്. മനുഷ്യൻ സഹജീവി മനോഭാവത്തോടെ ജീവിക്കണം. അപ്പോഴാണ് ശാസ്ത്രവളർച്ച അർത്ഥപൂർണമാകുന്നതെന്നും സോമനാഥ് പറഞ്ഞു.
സമൂഹത്തിൽ അവസരസമത്വമാണ് ശാസ്ത്രസാങ്കേതിക വളർച്ചയുടെ ഏറ്റവും വലിയ ഗുണഫലമെന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ ചെയർമാനും പ്രമുഖ ഐടി.വിദഗ്ദ്ധനുമായ സജി ഗോപിനാഥ് പറഞ്ഞു. വിദ്യകൊണ്ട് വളരാനാണ് ശ്രീനാരായണ ഗുരു പറഞ്ഞത്. ഒരു മൊബൈൽ ഫോണുണ്ടെങ്കിൽ ഏത് വിദഗ്ദ്ധനുമായും സംസാരിക്കാനും അറിവുണ്ടാക്കാനും കഴിയുന്നു. ഐ.ടി., ഡിജിറ്റൽ വിപ്ളവത്തിൽ ലോകത്തിനൊപ്പമെത്താൻ ഇന്ത്യയ്ക്കായെന്നും അദ്ദേഹം പറഞ്ഞു. നാനോടെക്നോളജിയെക്കുറിച്ച് സജീവ് മോഹനും, ആർക്കിടെക്റ്റചറിനെക്കുറിച്ച് മനോജ് കിണിയും സംസാരിച്ചു.