radhe-syam

ഏറെ ആകാംക്ഷയോടെ കാത്തിരുന്ന പ്രഭാസ് ചിത്രം രാധേശ്യാമിന്റെ പുതിയ പോസ്റ്റർ ആരാധകർക്കുള്ള പുതുവത്സര സമ്മാനമായി പുറത്തിറക്കി. പ്രഭാസിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ ആരാധകരുമായി പങ്കുവച്ചത്. ഈ വർഷം പ്രദർശനത്തിന് എത്തുന്ന ചിത്രം ഒരു പ്രണയകഥയെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. രാധാകൃഷ്ണ കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. നായികയായി ബോളിവുഡ് താരം പൂജ ഹെഗ്‌ഡെ എത്തും. സച്ചിൻ ഖേദേക്കർ, ഭാഗ്യശ്രീ, പ്രിയദർശി, മുരളി ശർമ, സാശാ ചേത്രി, കുനാൽ റോയ് കപൂർ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലാണ് ചിത്രം നിർമ്മിക്കുന്നത്. കൂടാതെ, മറ്റുഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് തമിഴ് സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകരനാണ്. ഛായാഗ്രഹണം: മനോജ് പരമഹംസ, എഡിറ്റിംഗ്: കോട്ടഗിരി വെങ്കിടേശ്വര റാവു.