കാട്ടാക്കട: ഗ്രാമീണ മേഖലകളിലെ കാർഷിക വിപണികളിൽ എത്തിച്ച വാഴക്കുലകൾ വിറ്റഴിക്കാനാകാതെ കെട്ടിക്കിടക്കുന്നത് കർഷകരെ വലയ്ക്കുന്നു. ക്വിന്റൽ കണക്കിന് കുലകളാണ് ഇത്തരത്തിൽ അഴുകി നശിക്കുന്നത്. കർഷകരുടെ ഉന്നമനം ലക്ഷ്യമിട്ട് ആരംഭിച്ച വി.എഫ്.പി.സി.കെ (വെജിറ്റബിൾ ഫ്രൂട്സ് പ്രൊമോഷൻ കൗൺസിൽ) വഴി സമാഹരിച്ച കുലകൾക്കാണ് ഈ അവസ്ഥ.
കാട്ടാക്കട താലൂക്കിലെ വീരണകാവിൽ പ്രവർത്തിക്കുന്ന വി.എഫ്.പി.സി.കെ യൂണിറ്റ് വഴി കള്ളിക്കാട്, പൂവച്ചൽ തുടങ്ങിയ പ്രദേശങ്ങളിലെ കാർഷിക ഉത്പ്പന്നങ്ങളാണ് സംഭരിച്ച് വിപണനം നടത്തുന്നത്. എന്നാൽ വിലത്തകർച്ചയാണ് ഇപ്പോൾ വില്ലനാകുന്നത്. പല കർഷകരും അൻപതും നൂറും കുലകൾ വിപണിയിൽ എത്തിച്ചെങ്കിലും ഒന്നുപോലും ഇതുവരെ വിറ്റുപോയിട്ടില്ല. ഈ സാഹചര്യത്തിൽ അടുത്ത ദിവസങ്ങളിൽ തന്നെ മുറിക്കാറായ കുലകൾ ഇനിയെന്തു ചെയ്യും എന്നതാണ് കർഷകർ ചോദിക്കുന്നത്.
വാഴക്കുലയ്ക്ക് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള തറവിലയായ 30 രൂപയ്ക്ക് പോലും വാങ്ങാൻ ആളില്ലാത്ത എന്നതാണ് കർഷകർക്ക് തിരിച്ചടിയാകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സംഭരണ കേന്ദ്രത്തിൽ എത്തിച്ച അഞ്ഞൂറിലധികം കുലകൾ ഇപ്പോൾ നശിച്ച അവസ്ഥയിലാണ്. പതിനഞ്ച് കിലോയിലധികം തൂക്കമുള്ള കുലകളാണ് ദിവസങ്ങളായി വിൽക്കാനാകാതെ അഴുകുന്നത്. ഒരു വാഴക്കുല ഉത്പാദിപ്പിക്കാൻ പാട്ടക്കൂലി ഉൾപ്പടെ 550 രൂപയോളമാണ് കർഷകർക്ക് ചെലവ് വരുന്നത്. എന്നാൽ മുടക്കുമുതൽ പോലും ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.
കടം കുന്നോളം
പല കർഷകരും ഭീമമായ തുക വായ്പയെടുത്താണ് വാഴക്കൃഷിയിലേക്ക് തിരിഞ്ഞത്. സ്വന്തമായി ഭൂമിയില്ലാത്തതിനാൽ വസ്തു പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവരും ഏറെയുണ്ട്. ഇവരാണ് വിലത്തകർച്ച കാരണം ഏറെ വലയുന്നത്. വായ്പാതിരിച്ചടവ് മുടങ്ങിയതിനാൽ പലരും വലിയ കടക്കെണിയുടെ നടുവിലാണ്. പത്തു സെന്റ് മുതൽ ഏക്കർ കണക്കിന് ഭൂമിയിൽ കൃഷി നടത്തിയ എല്ലാ കർഷകരുടെയും അവസ്ഥ ഇതാണ്. ഇത്തരത്തിൽ മുന്നോട്ടുപോയാൽ ആത്മഹത്യയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നാണ് കർഷകർ പറയുന്നത്.
നടപടികൾ പാളുന്നു
കർഷകരെ സഹായിക്കാൻ വി.എഫ്.പി.സി.കെയുടെ ജില്ലാ മാനേജർ, മാർക്കറ്റിംഗ് മാനേജർ, അസിസ്റ്റന്റ് മാനേജർ തുടങ്ങിയവർ മാസത്തിൽ ഒരു ദിവസമെങ്കിലും വിപണന കേന്ദ്രത്തിലെത്തണമെന്നും അവർക്ക് വേണ്ട സഹായം ഒരുക്കണമെന്നുമാണ് സർക്കാർ നിർദ്ദേശം. എന്നാൽ ഈ ഫെബ്രുവരിക്ക് ശേഷം ഇത്തരം നടപടികൾ ഒന്നും ഉണ്ടായിട്ടില്ല. കർഷകർക്കുവേണ്ടി വാതോരാതെ സംസാരിക്കുന്ന സംഘടനകൾ പോലും വാഴക്കർഷകരുടെ അവസ്ഥ കണ്ടില്ലെന്ന് നടിക്കുന്നതായാണ് പരാതി.
"ബാങ്ക് വായ്പയെടുത്തും കടംവാങ്ങിയും പണയം വച്ചുമാണ് കർഷകർ കൃഷിയിറക്കിയത്. എന്നാൽ വാഴക്കുലയ്ക്ക് വിലയിടിഞ്ഞതോടെ കർഷകർ ദുരിതത്തിലായി. മാത്രമല്ല അന്യസംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് കുലകൾ എത്തുന്നതും കേരളത്തിലെ കർഷകർക്ക് വിനയാകുന്നുണ്ട്. ഇപ്പോൾ ഉത്പാദന ചെലവ് പോലും കിട്ടാത്ത അവസ്ഥയാണ്."
മോഹനകുമാർ, കർഷകൻ, കൊറ്റംപള്ളി