വർക്കല: ദേശീയ ജലപാത നവീകരണത്തിന്റെ ഭാഗമായി ബേക്കൽ മുതൽ കോവളം വരെയുള്ള ജലപാതയിലെ വർക്കല തുരപ്പുകളുടെയും ടി.എസ് കനാലിന്റെയും അതീജിവന പദ്ധതികൾ പുരോഗമിക്കുന്നു. ജലപാത നവീകരണത്തിന്റെ ഏറെ കടമ്പകളുള്ള ഭാഗമാണ് വർക്കലയിലെ ചരിത്ര പ്രസിദ്ധമായ രണ്ട് തുരപ്പുകൾ. അഞ്ചുതെങ്ങ് - നടയറ കായലുകളെ ബന്ധിപ്പിക്കുന്ന 12 കിലോമീറ്റർ വരുന്ന കനാലിന്റെ ഭാഗത്താണ്
ശിവഗിരി വലിയ തുരപ്പും ചിലക്കൂർ ചെറിയ തുരപ്പുമുള്ളത്. ഇവിടെയുള്ള ചെളി മാറ്റി ബോട്ട് സർവീസിന് അനുയോജ്യമാക്കുന്ന ജോലികളാണ് നടക്കുന്നത്. ഒന്നാംപാലം മുതൽ നടയറ വരെ കനാലിന്റെ പാർശ്വഭാഗങ്ങളിൽ 550 ഓളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവരുടെ പുനരധിവാസത്തിനും നടപടികളായി. ആദ്യഘട്ടമെന്ന നിലയിൽ 60 പേരെ പുനരധിവസിപ്പിക്കുന്നതിനായി 7.06 കോടി ഇൻലാന്റ് നാവിഗേഷൻ വകുപ്പ് അനുവദിച്ചിട്ടുണ്ട്. ഫിഷറീസ് വകുപ്പ് വഴിയാണ് ഇത് നടപ്പിലാക്കുക. ഒരുകുടുംബത്തിന് വീടും ഭൂമിക്കും വേണ്ടി 10 ലക്ഷം രൂപ നൽകും. വസ്‌തു വാങ്ങിയവർക്ക് തുക അക്കൗണ്ടിലേക്ക് കൈമാറിയതായി വി. ജോയി എം.എൽ.എ പറഞ്ഞു. ദേശീയ ജലപാതയുടെ നിർമ്മാണം പൂർത്തീകരിച്ച് ബോട്ട് സർവീസ് ആരംഭിക്കുന്നതിനായി ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ നേതൃത്വത്തിലാണ് തുരപ്പുകൾ നവീകരിക്കുന്നത്. ചിലക്കൂർ ചെറിയ തുരപ്പിന്റെ നവീകരണം ഏറക്കുറെ പൂർത്തിയായി. ശിവഗിരി വലിയ തുരപ്പിന്റെ നവീകരണത്തിനായി 89 ലക്ഷം രൂപ ആദ്യഘട്ടമെന്ന നിലയിൽ അനുവദിച്ചിരുന്നു. തുരപ്പിനുള്ളിലെ പെയിന്റിംഗ് ജോലികളും ലൈറ്റുകൾ സ്ഥാപിക്കലും 15 ദിവസത്തിനകം പൂർത്തികരിക്കാനാണ് ശ്രമം. ജലപാത പൂർത്തിയാകുമ്പോൾ വർക്കല കനാൽ മേഖലയിൽ അഞ്ച് ഇടങ്ങളിൽ ബോട്ടുജെട്ടികളും നടയറ കേന്ദ്രീകരിച്ച് ബോട്ട് ടെർമിനലും ഉണ്ടായിരിക്കും. ശിവഗിരി, തൊടുവെ, വള്ളക്കടവ്, അരിവാളം, നടയറ എന്നിവിടങ്ങളിലാണ് ബോട്ടുജെട്ടികൾ നിർമ്മിക്കുക.
തുരപ്പിന്റെ ചരിത്രം
----------------------------
കേരള വർമ്മ വലിയകോയി തമ്പുരാന്റെ മയൂരസന്ദേശത്തിൽ വർക്കല തുരപ്പിനെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്.
രണ്ട് തുരങ്കമുള്ളതിൽ 2370 അടി നീളമുള്ള ആദ്യത്തേതിന്റെ പണി 1876ലും 1140 അടി നീളമുള്ള രണ്ടാമത്തേതിന്റെ 1880ലും പൂർത്തിയായി. കനാൽ വികസനത്തിന്റെ ഭാഗമായി വർക്കല കുന്ന് തുരന്ന് ഗതാഗതമാർഗം നീട്ടി. ഇതാണ് വർക്കല തുരപ്പ് എന്നറിയപ്പെടുന്നത്. വലിയ തുരപ്പിന്റെ പ്രധാന മുഖം ശിവഗിരിയിലും മറുഭാഗം രാമന്തളിയിലുമാണ്. കുതിരക്കുളമ്പിന്റെ ആകൃതിയാണ് ഇതിനുള്ളത്. തുരപ്പുകൾക്കുള്ളിൽ വിളക്കുകളും വായു സഞ്ചാരത്തിന് വെന്റിലേറ്ററും ഉണ്ടായിരുന്നു. ബ്രിട്ടീഷ് എൻജിനിയറിംഗ് വിസ്‌മയമായാണ് തുരപ്പുകൾ അറിയപ്പെടുന്നത്. ബ്രിട്ടീഷ് എൻജിനിയറുമാരുടെ മേൽനോട്ടത്തിൽ വികസിപ്പിച്ചെടുത്ത പ്രത്യേക കോൺക്രീറ്റ് മിശ്രിതമാണ് നിർമ്മാണത്തിന് ഉപയോഗിച്ചത്.
ടി.എസ് കനാൽ
---------------------------------
തിരുവനന്തപുരം മുതൽ ഷൊർണൂർ വരെ നീണ്ടുകിടക്കുന്ന ടി.എസ് കനാൽ ഒരുനൂറ്റാണ്ട് കാലത്തോളം കേരളത്തിന്റെ പ്രധാന ചരക്ക് ഗതാഗത മാർഗമായിരുന്നു. 168 കിലോമീറ്ററാണ് ഇതിന്റെ നീളം. അഷ്ടമുടിക്കായലിനെ പരവൂർ കായലുമായും ഇടവ നടയറ കായലിനെ അഞ്ചുതെങ്ങ് കോവിൽതോട്ടം കായലുമായും ബന്ധിപ്പിക്കുന്ന കനാലുകളും കോവളത്തെയും ആക്കുളം കായലിനെയും ബന്ധിപ്പിക്കുന്ന പാർവതി പുത്തനാറും ചേർന്നതാണ് ടി.എസ് കനാൽ. അഞ്ചുതെങ്ങ് കോവിൽതോട്ടം കായലിനെയും ഇടവ നടയറ കായലിനെയും ബന്ധിപ്പിക്കുന്ന വർക്കല കനാലിലാണ് ചിലക്കൂരിലും ശിവഗിരിയിലുമായി രണ്ട് തുരങ്കങ്ങളുള്ളത് (ചെറിയതുരപ്പും വലിയതുരപ്പും ).
പ്രതികരണം
--------------------
വർക്കല തുരപ്പുകളുടെയും ടി.എസ് കനാലിന്റെയും നവീകരണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുകയാണ്. ഫെബ്രുവരി അവസാന വാരത്തോടെ ജലഗതാഗതം സാദ്ധ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. തൊടുവെ പാലം പൊളിച്ച് നീക്കി പുതിയ പാലം പണിയുന്നതിനുള്ള ടെൻഡർ നടപടി പൂർത്തിയായിട്ടുണ്ട്.
അഡ്വ.വി. ജോയി എം.എൽ.എ
പുനരധിവാസത്തിന് അനുവദിച്ച തുക - 7.06 കോടി
ടി.എസ് കനാലിന്റെ നീളം - 168 കിലോമീറ്റർ
കൊല്ലം - കോവളം ജലപാത - 74 കിലോമീറ്റർ
ആദ്യ തുരപ്പ് നിർമ്മിച്ചത് - 1876ൽ