seeding-kerala

കൊച്ചി:എയ്‌ഞ്ചൽ നിക്ഷേപങ്ങളെക്കുറിച്ച് കേരളത്തിലെ നിക്ഷേപകരിൽ അവബോധം വളർത്തുന്നതിനും സ്​റ്റാർട്ടപ്പ് സംരംഭങ്ങളിലേക്ക് നിക്ഷേപം ആകർഷിക്കുന്നതിനുമായി കേരള സ്​റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന സീഡിംഗ് കേരള സമ്മേളനത്തിന്റെ ആറാം ലക്കം ഫെബ്രുവരി 12,13 തീയതികളിൽ നടക്കും. വെർച്വലായാണ് സീഡിംഗ് കേരള ഉച്ചകോടി സംഘടിപ്പിക്കുന്നത്.

തിരഞ്ഞെടുക്കപ്പെടുന്ന സ്​റ്റാർട്ടപ്പുകൾക്ക് നിക്ഷേപകരുമായി ആശയവിനിമയം നടത്താനും നിക്ഷേപം ആകർഷിക്കാനും സാധിക്കും.കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 150 പേർക്കാണ് പങ്കെടുക്കാനവസരം. 100 നിക്ഷേപ ശേഷിയുള്ളവർ(എച്ച്.എൻ.ഐ) 20 മികച്ച നിക്ഷേപക ഫണ്ടുകൾ, 14 എയ്‌ഞ്ചൽ നെ​റ്റ്വർക്കുകൾ, 30 തിരഞ്ഞെടുക്കപ്പെട്ട സ്​റ്റാർട്ടപ്പ് സ്ഥാപകർ, 30 കോർപറേ​റ്റുകൾ തുടങ്ങിയവരാണ് ഉച്ചകോടിയിൽ പങ്കെടുക്കുക. ദേശീയ തലത്തിൽ നടത്തിയ സ്​റ്റാർട്ടപ്പ് മത്സരത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 30 സ്​റ്റാർട്ടപ്പുകൾക്ക് നിക്ഷേപകരുമായി പ്രത്യേകം സജ്ജമാക്കിയ 'ഇൻവസ്​റ്റർ കഫെ'യിൽ സംവദിക്കാനവസരമൊരുക്കും. പ്രവാസി നിക്ഷേപകർക്കായി പ്രത്യേക സെഷനുമുണ്ടാകും. എയ്‌ഞ്ചൽ ഇൻവസ്​റ്റിംഗ് മാസ്​റ്റർ ക്ലാസ്, ലീഡ് എയ്‌ഞ്ചൽ മാസ്​റ്റർ ക്ലാസ്, സ്​റ്റാർട്ടപ്പ് പിച്ചുകൾ, ഐ.പി.ഒ റൗണ്ട് ടേബിൾ, എന്നീ പരിപാടികളാണ് രണ്ട് ദിവസം നീണ്ടു നിൽക്കുന്ന ഉച്ചകോടിയിൽ പ്രധാനമായും നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി https://seedingkerala.com/ .

.