exam

തിരുവനന്തപുരം: പ്ളസ് ടു വിദ്യാർത്ഥികൾക്കായി എസ്.സി.ഇ.ആർ.ടി പ്രസിദ്ധീകരിച്ച 'ഫോക്കസ് ഏരിയ"യിൽ ആശയക്കുഴപ്പമുണ്ടെന്ന് ആക്ഷേപം. പാഠഭാഗങ്ങൾ ഒഴിവാക്കുന്നില്ലെന്ന് സൂചിപ്പിച്ചശേഷം ഓരോ അദ്ധ്യായത്തിലെയും കുറേ ഭാഗമാണ് സംക്ഷിപ്തരേഖയിലുള്ളത്. ഈ ഭാഗത്തുനിന്ന് മാത്രമേ പരീക്ഷയ്ക്ക്‌ ചോദ്യങ്ങളുണ്ടാകൂ എന്നും പറയുന്നില്ല. അങ്ങനെയല്ലെങ്കിൽ 'ഫോക്കസ് ഏരിയ"യുടെ പ്രസക്തി എന്താണെന്നാണ് അദ്ധ്യാപകരുടെ ചോദ്യം. ഫോക്കസ് ഏരിയയിൽ നിന്ന് മാത്രമേ ചോദ്യമുണ്ടാകൂ എന്ന ധാരണയിൽ കുട്ടികൾ അത് മാത്രം പഠിക്കാനാണ് സാദ്ധ്യത. ഇത് വിപരീതഫലമുണ്ടാക്കുമോ എന്നും ആശങ്കയുണ്ട്.
ഫോക്കസ് ഏരിയയിൽ ഒഴിവാക്കപ്പെട്ട പാഠങ്ങൾ പഠിപ്പിച്ചാലേ മറ്റ് ഭാഗങ്ങൾ കുട്ടികൾക്ക് മനസിലാവൂ. അതുകൊണ്ട് ഓരോ അദ്ധ്യായത്തിലെയും ഇടവിട്ടുള്ള ഭാഗങ്ങൾ ഒഴിവാക്കുന്നതിലെ പ്രായോഗികത അശാസ്ത്രീയമാണ്. നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷകളെഴുതുന്ന കുട്ടികളെ ഇത് പ്രതികൂലമായി ബാധിച്ചേക്കാം. സംഘടനാ താത്പര്യങ്ങൾ മുൻനിറുത്തി സർവീസ് കുറഞ്ഞ അദ്ധ്യാപകരെ കൊണ്ട് രേഖ തയ്യാറാക്കിച്ചത് ഫോക്കസ്‌ മേഖലകളുടെ തിരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിച്ചെന്നും എ.എച്ച്.എസ്.ടി.എ സംസ്ഥാന കമ്മിറ്റി ആരോപിച്ചു.