unity-

കൊവിഡാനന്തര ലോകത്തിൽ കൊവിഡ് - 19 പഠിപ്പിക്കുന്ന പാഠം ഉൾക്കൊണ്ട് സമാധാനം കണ്ടെത്തി നമുക്ക് നവവത്സരത്തെ സ്വാഗതം ചെയ്യാം. 2020ന്റെ അധികഭാഗവും നമ്മൾ ജീവിച്ചത് കൊറോണ ഗ്രസ്ത ലോകത്തിലാണ്. 2021-ൽ കൊറോണാനന്തര ലോകത്തിൽ കൂടുതൽ സ്വസ്ഥമായി നമുക്ക് ജീവിക്കാനിടയാകട്ടെ!

ഒപ്പം ഏത് അപ്രതീക്ഷിത സംഭവവികാസത്തെയും ഒരു നിശ്ചയവുമില്ലാത്ത ഈ ജീവിതത്തിൽ സംഭാവ്യമാണ് എന്നറിഞ്ഞ്, സമാധാനബുദ്ധിയോടെ അവയെ നേരിടാൻ നമ്മുടെ മനസ് സന്നദ്ധമായിരിക്കുകയും വേണം. ജീവിതത്തിൽ ഇന്നതു മാത്രമേ സംഭവിക്കൂ എന്നു തീരുമാനിക്കാനുള്ള ഒരു മാനദണ്ഡവും ഇല്ല .

ഈ ലോകത്തിലെ ഏറ്റവും അപ്രധാനമായ, ഒരു ജീവിയെന്നുപോലും പറയാനാകാത്ത, ഒരു വസ്തുവാണ് കൊവിഡ് - 19. അതിൽ ആകെക്കൂടി സംഭവിക്കുന്നത്, ഏതെങ്കിലും ജീവിക്കുള്ളിൽ കടന്നുകൂടിയാൽ സ്വയം പൊട്ടിത്തെറിച്ച് എണ്ണത്തിൽ പെരുകാനാകുക എന്നതാണ്. അപ്പോൾ ആ ജീവികൾക്ക് എന്തു സംഭവിക്കുന്നു എന്നുപോലും അവ അറിയുന്നില്ല. മനുഷ്യനു സംഭവിക്കുന്നത് കൊറോണ എന്ന മഹാമാരിയും.

നേരേ വിപരീതസ്വഭാവമുള്ളതാണ് മനുഷ്യന്റെ സ്ഥിതി. മനുഷ്യനാകട്ടെ, ഈ പ്രപഞ്ചത്തിലെ സൃഷ്ടികളിൽ അത്യുന്നതമാണെന്നു ഭൗതികശാസ്ത്രങ്ങളും അദ്ധ്യാത്മശാസ്ത്രങ്ങളും അംഗീകരിക്കുന്നു. അവൻ ചെയ്യുന്ന ഓരോ കാര്യവും അവൻ അറിയുന്നുമുണ്ട്. ഏറ്റവും അധമമായ കാര്യം മുതൽ ഏറ്റവും ഉത്കൃഷ്ടമായ കാര്യം വരെ; താൻ തനിക്കുതന്നെ വരുത്തിവയ്ക്കുന്നതു മുതൽ ലോകത്തിനു മുഴുവൻ വരുത്തിവയ്ക്കുന്നതു വരെ.

ഇതാണ് സ്ഥിതിയെങ്കിലും ഒരറിവുമില്ലാത്ത നിസാരമായ ഈ കൊവിഡ് - 19 ന് അറിവുകൊണ്ട് ഉത്കൃഷ്ടനായ മനുഷ്യനെ ഒരു വലിയ പാഠം പഠിപ്പിക്കാൻ സാധിച്ചിരിക്കുന്നു; അടിസ്ഥാനപരമായി മനുഷ്യവർഗത്തിന്റെ മുഴുവൻ താത്‌പര്യവും ഒന്നാണെന്ന്, കൊവിഡിനോടു പൊരുതി ആത്മസംരക്ഷണം ഉറപ്പുവരുത്തുക എന്ന അടിസ്ഥാനപരമായ താത്പര്യത്തിന്റെ കാര്യത്തിൽ. ആത്മസംരക്ഷണത്തിനു വേണ്ടിയുള്ള ജന്മവാസന എല്ലാ ജീവികൾക്കുമുണ്ട്.

ഉന്നതങ്ങളിലേക്കുയരുന്ന അറിവുള്ള മനുഷ്യന് ഈ വാസന ഒഴികെ ജീവിതത്തിലുണ്ടാകാവുന്ന മറ്റെല്ലാത്തരം ദുഃഖങ്ങളും അവന്റെ അറിവ് സൃഷ്ടിച്ചതാണ്. ഈ തലത്തിൽപ്പെട്ട് ദുഃഖങ്ങൾക്കുള്ള പരിഹാരം കാണുന്ന കാര്യത്തിലും മനുഷ്യവർഗത്തിന്റെ താത്പര്യം ഒന്നുതന്നെ ആയിരിക്കുന്നുണ്ടോ? പക്ഷേ, അറിവിന്റെ ലോകത്തിൽ മനുഷ്യന് ഇക്കാര്യത്തിലുള്ള താത്പര്യം വൈവിദ്ധ്യമാർന്നതായാണ് കാണുന്നത്. ഈ താത്പര്യ വൈരുദ്ധ്യങ്ങളിലെല്ലാമുണ്ട് ഒരൊറ്റ ലക്ഷ്യം - സുഖം കണ്ടെത്തുക എന്നത്.

ഈ ഒരൊറ്റ ലക്ഷ്യം സാക്ഷാത്കരിക്കാൻ വേണ്ടിയുള്ള ശ്രമമാണ് നമ്മളെല്ലാം നടത്തുന്നതെന്നു മനുഷ്യർ അങ്ങോട്ടുമിങ്ങോട്ടും അംഗീകരിക്കുക. അപ്പോൾ മനുഷ്യൻ ഒരൊറ്റ ലക്ഷ്യമുള്ളവരാണെന്ന് അന്യോന്യം അംഗീകരിക്കും. അക്കാര്യത്തിൽ എല്ലാരും ഒരൊറ്റ അഭിപ്രായക്കാരായിത്തീരും. ഒരൊറ്റ മതക്കാരായിത്തീരും. ഈ രഹസ്യമാണല്ലോ നാരായണഗുരുവും,

''അഖിലരുമാത്മസുഖത്തിനായ് പ്രയത്നം

സകലവുമിങ്ങു സദാപി ചെയ്തിടുന്നു

ജഗതിയിലിമ്മതമേകം" എന്ന വാക്കുകളിലൂടെ നമ്മളെ പഠിപ്പിച്ചത്. മഹാഗുരുക്കന്മാരും ഋഷിമാരും ഈ മഹാരഹസ്യം നമ്മളെ പഠിപ്പിക്കുമ്പോൾ നമ്മളിൽ മിക്കവരും അതിന് കാതുകൊടുക്കാറില്ല. എന്നാൽ കൊവിഡിനെപ്പോലെയുള്ള നിസാര വസ്തുക്കൾ പഠിപ്പിക്കുമ്പോൾ കാതു കൊടുത്തുപോകും.

ചരിത്രപരമോ ഭൂമിശാസ്ത്രപരമോ സാംസ്കാരികമോ വിശ്വാസപരമോ ആയ എത്ര വൈവിദ്ധ്യം മനുഷ്യർ തമ്മിലുണ്ടായിരുന്നാലും ആത്മസംരക്ഷണം മുതൽ ആത്മാനന്ദം വരെയുള്ള ജീവിതലക്ഷ്യത്തിന്റെ കാര്യത്തിൽ എല്ലാ മനുഷ്യരും ഒരൊറ്റ മതക്കാരാണെന്ന സത്യം കൊവിഡ് 19 നമ്മെ ഓർമ്മിപ്പിക്കുന്നു. അത്തരമൊരു ഐകമത്യത്തോടുകൂടി നമുക്ക് കൊവിഡാനന്തരലോകത്തെ ഈ പുതിയ വർഷത്തിൽ സ്വാഗതം ചെയ്യാം.