കിളിമാനൂർ: സർക്കാർ പ്രഖ്യാപിച്ച തറവിലയും താങ്ങാകാതായതോടെ കർഷകർ കണ്ണീർക്കയത്തിൽ. മിക്ക കാർഷിക വിളകൾക്കും വില താഴോട്ട് പോകുകയാണ്. പ്രധാന കാർഷിക വിളകളായ റബർ, കുരുമുളക്, വാഴക്കുല എന്നിവയ്ക്കാണ് കനത്ത വിലയിടിവ്. ഓണക്കാലത്ത് 65 രൂപ മുതൽ 70വരെയായിരുന്നു ഏത്തക്കായുടെ വില. ഇതിൽ നിന്ന് കർഷകർക്ക് 40 രൂപ മുതൽ 45 രൂപ വരെ ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ വെറും ഇരുപത് രൂപയും അതിൽ താഴെയുമാണ് ലഭിക്കുന്നത്. മാർക്കറ്റുകളിലാകട്ടെ കച്ചവടക്കാർക്ക് ലഭിക്കുന്നത് 23- 25 രൂപയും. അന്യസംസ്ഥാനങ്ങളിൽ നിന്ന് വലിയതോതിൽ വാഴക്കുലകൾ എത്തുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കർഷകർ പറയുന്നത്. ഇതോടെ പ്രാദേശികമായി ഉത്പാദിപ്പിച്ച കുലകൾ വിറ്റഴിക്കാനാകാതെ കർഷകർ നട്ടംതിരിയുകയാണ്. വരും മാസങ്ങളിലും തമിഴ്നാട്ടിൽ നിന്നടക്കം വൻതോതിൽ ഏത്തക്കുലകൾ കേരളത്തിലെ വിപണികളിലേക്കെത്തും. ഇതോടെ വിലയിടിവ് വീണ്ടും രൂക്ഷമാകുമെന്നാണ് കർഷകരുടെ ഭയം. പലരും വൻതുക വായ്പയെടുത്താണ് കൃഷിയിറക്കിയത്. ഇവരാണ് തിരിച്ചടവ് മുടങ്ങി കടക്കെണിയുടെ നടുവിലായത്. പ്രകൃതിക്ഷോഭം കാരണം പലകർഷകർക്കും വൻ നാശം സംഭവിച്ചിരുന്നു. ഇതിനിടെയാണ് വിലയിടവും വിനായാകുന്നത്.
കുരുമുളക് കൃഷിയും കരിയുന്നു
വിളവെടുപ്പ് കാലത്തെ വിലത്തകർച്ച കുരുമുളക് കർഷകരെയും വലയ്ക്കുന്നു. മുൻപ് 700 രൂപ വരെ കിലോയ്ക്ക് വിപണിയിൽ വില ഉണ്ടായിരുന്ന കുരുമുളകിന് ഇപ്പോൾ 390 രൂപയാണ് വില. എന്നാൽ കുരുമുളകുമായി വിപണിയിലെത്തുന്ന കർഷകന് ഗുണ നിലവാരം അനുസരിച്ച് 300 രൂപയിൽ കൂടുതൽ ലഭിക്കുന്നിമില്ല.മുൻപുണ്ടായിരുന്ന പകുതി വിളവും ഇപ്പോൾ ലഭിക്കാതായതോടെ കർഷകരുടെ പ്രതിസന്ധി ഇരട്ടിയായി.
കാലാവസ്ഥാവ്യതിയാനവും വില്ലൻ
കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം ഉല്പാദനത്തെയും കാര്യക്ഷമമായി ബാധിച്ചിട്ടുണ്ട്. വെയിൽ കടുത്തതോടെ മുളക് വേഗത്തിൽ പഴുക്കാൻ തുടങ്ങി. ഇത് വിളവ് കുറയുന്നതിന് ഇടയാക്കുന്നുണ്ട്. ഉത്പാദനം കുറഞ്ഞെങ്കിലും കൂലിയിലുണ്ടായ വർദ്ധനവ് കർഷകന് താങ്ങാവുന്നതിലും അധികമാണ്. പ്രതിദിനം ആയിരം രൂപയെങ്കിലും മുളകുപറിക്കാനെത്തുന്ന തൊഴിലാളിക്ക് കൊടുക്കണം. ഇത് നൽകിക്കഴിഞ്ഞാൽ മുടക്കുമുതൽ പോലും ലഭിക്കാറില്ല. ഇതോടെ പരമ്പരാഗത കർഷകർ പോലും കുരുമുളക് കൃഷിയിൽ നിന്ന് പിന്തിരിയുകയാണ്.