തിരുവനന്തപുരം: ഒമ്പത് മാസത്തെ ഇടവേളയ്ക്ക് ശേഷം സ്കൂൾമുറ്റങ്ങളിൽ ഇന്നലെ വിദ്യാർത്ഥിക്കൂട്ടങ്ങളെത്തി. വിപുലമായ തയ്യാറെടുപ്പുകളാണ് സ്കൂളുകളിൽ ഒരുക്കിയിരുന്നത്. മുമ്പ് അവധിക്കായി കൊതിച്ചിരുന്ന വിദ്യാർത്ഥികളുടെ മുഖത്ത് ഇന്നലെ തെളിഞ്ഞതാകട്ടെ ആശ്വാസവും. ഒപ്പം കൂട്ടുകാരെ കണ്ടതിന്റെ സന്തോഷവും. പത്ത്, പ്ലസ്ടു ക്ലാസുകളിൽ നിന്ന് 8.25 ലക്ഷം വിദ്യാർത്ഥികളാണ് ഇന്നലെ സ്കൂളുകളിലെത്തിയത്.
സംസ്ഥാനത്തെ 5500ലേറെ സ്കൂളുകളിലാണ് ഇന്നലെ ക്ലാസുകൾ തുടങ്ങിയത്. സി.ബി.എസ്.ഇ സ്കൂളുകളും തുറന്നു. സാമൂഹിക അകലം പാലിക്കലടക്കമുള്ള മാനദണ്ഡങ്ങൾ പാലിച്ചാണ് വിദ്യാർത്ഥികളെ ക്ലാസിൽ പ്രവേശിപ്പിച്ചിച്ചത്. 50 ശതമാനം കുട്ടികൾക്കാണ് സ്കൂളിൽ എത്താൻ അനുമതിയുള്ളത്. ഒരു ബെഞ്ചിൽ ഒരു കുട്ടി എന്ന നിലയിൽ, ഒരു മുറിയിൽ പത്ത് കുട്ടികൾ വീതമിരുത്തിയായിരുന്നു ക്ലാസുകൾ. ഭൂരിഭാഗം പേരും ക്ലാസുകളിലെത്തി.
രാവിലെയും ഉച്ചകഴിഞ്ഞും രണ്ടു ബാച്ചുകളായി തിരിച്ചായിരുന്നു സ്കൂളുകളുടെ പ്രവർത്തനം. ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് രാവിലെ 9.30 മുതൽ 12.30 വരെയും ഉച്ചയ്ക്ക് ഒന്നുമുതൽ നാലുവരെയുമായിരുന്നു ക്ലാസ്. ഹയർ സെക്കൻഡറി വിഭാഗത്തിൽ രാവിലെ ഒമ്പത് മുതൽ 12 വരെയും 1.30 മുതൽ 4.30 വരെയുമായിരുന്നു ഭൂരിഭാഗം ക്ലാസുകളും ക്രമീകരിച്ചത്. ആദ്യ മൂന്ന് ദിവസങ്ങളിൽ കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസുകളും കൗൺസലിംഗും നൽകാനാണ് തീരുമാനം. ഇതിന് ശേഷം പഠനവും റിവിഷനും ആരംഭിക്കും.
പ്രായോഗിക പ്രശ്നങ്ങൾ മൂലം ചില സ്കൂളുകൾ തിങ്കളാഴ്ചയേ തുറക്കൂ. ജനുവരി 15നകം പത്താം ക്ലാസിന്റേയും 30നകം പ്ലസ് ടുവിന്റെയും ഡിജിറ്റൽ ക്ലാസുകൾ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് വിദ്യാഭ്യാസ വകുപ്പ്.
വിദ്യാർത്ഥികളിൽ ഭൂരിഭാഗം പേരും മാതാപിതാക്കൾക്കൊപ്പമാണെത്തിയത്. പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗിക്കാൻ പലരും മടിച്ചു. കൂട്ടുകാർ തമ്മിൽ സാമൂഹികാലം പാലിക്കണമെന്നും കൂട്ടംകൂടരുതെന്നും അദ്ധ്യാപകർ ഇടയ്ക്കിടെ കുട്ടികളെ ഓർമ്മിപ്പിച്ചു.
ക്രമീകരണങ്ങൾ പലത്
അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും മാസ്ക് നിർബന്ധം
ഭക്ഷണം കഴിക്കുമ്പോൾ മാത്രം മാസ്ക് മാറ്റാം.
ഭക്ഷണം കഴിക്കുമ്പോഴും സാമൂഹിക അകലം ഏർപ്പെടുത്തി.
സ്കൂളിലും പരിസരത്തും കൂട്ടം കൂടാൻ അനുവദിച്ചില്ല.
പ്രവേശനകവാടത്തിൽ തെർമൽ സ്കാനർ പരിശോധന
സ്കൂൾ മുറ്റത്തും ക്ലാസ് മുറികളിലും സാനിറ്റൈസർ
പ്രധാനാദ്ധ്യാപകന്റെ നേതൃത്വത്തിൽ കൊവിഡ് സെൽ
രോഗ ലക്ഷണമുള്ള കുട്ടികളെ നിരീക്ഷിക്കാൻ സിക്ക് റൂം
പ്രഥമശുശ്രൂഷാ കിറ്റും സ്കൂളുകളിൽ സജ്ജമാക്കി
രക്ഷിതാക്കൾക്ക് സ്കൂളിൽ പ്രവേശനമില്ല.
ക്ലാസ് മുറികളിലെ ജനലും വാതിലും തുറന്നിട്ടു