തിരുവനന്തപുരം: സ്‌കൂളുകൾ തുറന്നതിന് പിന്നാലെ പരീക്ഷാക്കാലവും അടുക്കുകയാണ്. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിലേക്കുള്ള ദൂരം വെറും രണ്ടര മാസം. പഠിച്ച് തീർക്കാൻ ഒത്തിരിയുണ്ട്. അതുകൊണ്ടു തന്നെ പരീക്ഷാപ്പേടിയും ഒപ്പംകൂടുകയാണ്.
വീട്ടിലിരുന്ന് പഠിച്ചത് സംശയം തീർത്ത് ഹൃദ്യസ്ഥമാക്കാനുള്ള തിരക്കിലാണ് കുട്ടികൾ. അതുകൊണ്ടുതന്നെ അദ്ധ്യാപകരെ കണ്ടതോടെ കുട്ടികളിലെ സംശങ്ങൾ അണപൊട്ടിയൊഴുകി. പരീക്ഷയ്ക്കുള്ള പാഠഭാഗങ്ങളുടെ പ്രാധാന്യം എസ്.സി.ഇ.ആർ.ടി വെളിപ്പെടുത്തിയതോടെ അതിൽ കേന്ദ്രീകരിച്ചാവും ഇനിയുള്ള പഠനം.
മാർച്ച് 17 മുതൽ 30 വരെയുള്ള എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളും ഇക്കുറി പരീക്ഷണമാകും. സാധാരണ ഓണ-ക്രിസ്മസ് പരീക്ഷകൾ ഒരു റിഹേഴ്സലായുണ്ടാകാറുണ്ട്. ഇത്തവണ അതൊന്നുമ്മില്ലാതെയാണ് കുട്ടികൾ പ്രധാന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്.
ഇരട്ടി ചോദ്യങ്ങളുമായാണ് പ്ളസ് ടു, എസ്.എസ്.എൽ.സി പരീക്ഷകൾക്കുള്ള ചോദ്യ പേപ്പർ തയ്യാറാക്കുന്നത്. അതുകൊണ്ടുതന്നെ പരീക്ഷ പ്രയാസമാകില്ലെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ. ഒന്ന് അറിയില്ലെങ്കിൽ മറ്റൊന്ന് എഴുതാം. പൊതുപരീക്ഷ കഴിഞ്ഞേ പ്രാക്ടിക്കലിന്റെ തീയതി തീരുമാനിക്കൂ.