iff

തിരുവനന്തപുരം: ഡിസംബറിൽ നടത്താറുള്ള തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഫെബ്രുവരി 10 മുതൽ മാർച്ച് 5 വരെ നാലു നഗരങ്ങളിലായി നടത്തുമെന്ന് മന്ത്രി എ.കെ.ബാലൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിരുവനന്തപുരം,എറണാകുളം, തലശ്ശേരി,പാലക്കാട് നഗരങ്ങളിലാണ് മേള. ഒരു നഗരത്തിലേത് കഴിഞ്ഞായിരിക്കും അടുത്ത നഗരത്തിൽ തുടങ്ങുന്നത്. ഒാരോ കേന്ദ്രത്തിലും അഞ്ച് തീയേറ്ററുകളിൽ അഞ്ച് ദിവസം പ്രദർശനം.

ഫെബ്രുവരി 10ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സമാപനം മാർച്ച് 5ന് പാലക്കാട്ടാണ്.

ഡെലിഗേറ്റുകൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം.

ഒരു ദിവസം ഒരു തിയേറ്ററിൽ നാലു ചിത്രങ്ങൾ പ്രദർശിപ്പിക്കും. അന്താരാഷ്ട്ര മത്സര വിഭാഗം, ലോകസിനിമ വിഭാഗം എന്നിവയ്ക്ക് ഓരോ മേഖലയിലും രണ്ട് വീതം പ്രദർശനം. മറ്റുള്ള എല്ലാ വിഭാഗത്തിനും ഓരോ പ്രദർശനം വീതം.

അന്താരാഷ്ട്ര മൽസരം, ലോകസിനിമ, മലയാളം സിനിമ റ്റുഡേ, ഇന്ത്യൻ സിനിമ നൗ, കലൈഡോസ്‌കോപ്പ്, റെട്രോസ്‌പെക്ടീവ്, ഹോമേജ് എന്നിങ്ങനെ എല്ലാ വിഭാഗവും ഉണ്ടായിരിക്കും. ഓരോ വിഭാഗത്തിലും ഐ.എഫ്.എഫ്.കെയിൽ ഉൾപ്പെടുത്തിയ എല്ലാ സിനിമകളും പ്രദർശിപ്പിക്കും.

സ്ഥിരം വേദിയായി തിരുവനന്തപുരം തുടരും. മേളയുടെ രജതജൂബിലി വർഷമാണിത്.

പൊതുപരിപാടികളോ, സാംസ്‌കാരിക പരിപാടികളോ ഇല്ല. ഉദ്ഘാടന, സമാപനച്ചടങ്ങുകളിൽ പരമാവധി 200 പേർ മാത്രം. മീറ്റ് ദ ഡയറക്ടർ, പ്രസ് മീറ്റ്, മാസ്റ്റർ ക്ളാസ്, വിദേശ അതിഥികളുടെ സാന്നിധ്യം എന്നിവയെല്ലാം ഓൺലൈൻ വഴിയായിരിക്കും.

ഡെലിഗേറ്റ് ഫീസ് 750

പ്രതിനിധികൾ അതത് കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്യണം.

ഡെലിഗേറ്റ് ഫീസ് പൊതുവിഭാഗത്തിന് 1000 രൂപയിൽ നിന്ന് 750ആയും വിദ്യാർത്ഥികൾക്ക് 500ൽ നിന്ന് 400 രൂപയായും കുറച്ചു. റിസർവേഷൻ വഴിയാണ് പാസ്.

പ്രവേശനം തെർമൽ സ്‌കാനിംഗിന് ശേഷം മാത്രം.തീയേറ്ററുകൾ ഒാരോ പ്രദർശനത്തിന് മുമ്പും സാനിറ്റൈസ് ചെയ്യും.ആന്റിജൻ ടെസ്റ്റ് നടത്താനുളള സജ്ജീകരണം തീയേറ്ററിലുണ്ടാകും. ദിവസ പാസുകൾ 48 മണിക്കൂർ മുമ്പ് കൊവിഡില്ലെന്ന സർട്ടിഫിക്കറ്റുള്ളവർക്ക് മാത്രം നൽകും.

#തിരുവനന്തപുരം: ഫെബ്രു. 10-14

#എറണാകുളം: ഫെബു. 17- 21

#തലശ്ശേരി: ഫെബു. 23- 27

#പാലക്കാട്:മാർച്ച് 1- 5