തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡുകൾ 29ന് വൈകിട്ട് 6ന് ടാഗോർ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്യും. മന്ത്രി എ.കെ. ബാലൻ അദ്ധ്യക്ഷത വഹിക്കും.
വിവിധ വിഭാഗങ്ങളിലായി 49 വ്യക്തികൾക്കാണ് ഇക്കുറി അവാർഡ് നൽകുന്നത്. കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്രപുരസ്‌കാരമായ ജെ.സി. ഡാനിയേൽ അവാർഡ് സംവിധായകൻ ഹരിഹരന് നൽകും. 200ൽ താഴെ പേരെ മാത്രമാണ് ചടങ്ങിൽ പങ്കെടുപ്പിക്കുന്നത്.
119 സിനിമകളിൽ നിന്ന് ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് ചെയർമാനായ ജൂറിയാണ് ചലച്ചിത്രവിഭാഗം അവാർഡുകൾ നിർണയിച്ചതെന്ന് മന്ത്രി എ.കെ.ബാലൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചലച്ചിത്ര നിരൂപകൻ ഡോ.വി. രാജകൃഷ്ണൻ ചെയർമാനായ ജൂറി രചനാവിഭാഗം അവാർഡുകളും നിർണയിച്ചു.
ടെലിവിഷൻ അവാർഡുകൾ 9ന് നൽകും
തിരുവനന്തപുരം: സംസ്ഥാന ടെലിവിഷൻ അവാർഡുകൾ 9ന് അയ്യങ്കാളി ഹാളിൽ വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങിൽ മന്ത്രി എ.കെ. ബാലൻ വിതരണം ചെയ്യും.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിക്കുന്ന ചടങ്ങിൽ കഥ, കഥേതരം, രചന എന്നീ മൂന്നു വിഭാഗങ്ങളിലായി 53 വ്യക്തികൾ അവാർഡുകൾ ഏറ്റുവാങ്ങും. അവാർഡ് ജേതാക്കളും ബന്ധുക്കളും മാദ്ധ്യമപ്രവർത്തകരും സംഘാടകരും ഉൾപ്പെടെ 200ൽ താഴെ ആളുകളെയാണ് പങ്കെടുപ്പിക്കുക.
കഥാവിഭാഗത്തിൽ സമർപ്പിക്കപ്പെട്ട 58 എൻട്രികൾ പരിശോധിച്ച് വിധിനിർണയം നടത്തിയത് കെ.മധുപാൽ ചെയർമാനായ ജൂറിയാണ്. ഒ.കെ. ജോണി ചെയർമാൻ ആയ ജൂറി കഥേതര വിഭാഗത്തിൽ സമർപ്പിക്കപ്പെട്ട 172 എൻട്രികൾ വിലയിരുത്തി. രചനാവിഭാഗത്തിലെ അവാർഡുകൾ നിർണയിച്ചത് എ.സഹദേവൻ ചെയർമാനായ ജൂറിയാണ്.