വിതുര: വിനോദസഞ്ചാരികളുടെ സ്വപ്നഭൂമിയായ പൊൻമുടിയിൽ പുതുവത്സരം ആഘോഷിക്കുവാൻ എത്തിയത് ആയിരങ്ങൾ. ഇന്നലെ രാവിലെ മുതൽ പൊൻമുടിയിൽസഞ്ചാരികളുടെ തിരക്കായിരുന്നു. ഡിസംമ്പർ 31നും വൻ തിരക്കായിരുന്നു അനുഭവപ്പെട്ടത്. കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട പൊൻമുടി ഒൻപത് മാസത്തിന് ശേഷം ഡിസംമ്പർ 19നാണ് തുറന്നത്. അന്നു മുതൽ ആരംഭിച്ച സഞ്ചാരികളുടെ തിരക്ക് രണ്ടാഴ്ചയായിട്ടും തുടരുകയാണ്. ക്രിസ്മസ് ദിനത്തിൽ പതിനായിരത്തിൽ അധികം സഞ്ചാരികളാണ് പൊൻമുടി മലകയറിയത്. മൂവായിരത്തിൽ അധികം വാഹനങ്ങളും പൊൻമുടിയിലെത്തിയതോടെ കല്ലാർ- പൊൻമുടി റൂട്ടിൽ ഗതാഗതകുരുക്കും ഉണ്ടായി. തിരക്ക് മൂലം മിക്ക ദിവസവും സഞ്ചാരികളെ മടക്കി അയയ്ക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. ഇതോടെ സഞ്ചാരികൾ വിതുര മേഖലയിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് മടങ്ങും. സഞ്ചാരികളുടെ എണ്ണം ക്രമാതീതമായി ഉയർന്നതോടെ കൊവിഡ് വ്യാപനം മുൻ നിറുത്തി വനം വകുപ്പും പൊലീസും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. പൊൻമുടിയിലെത്തുന്ന സഞ്ചാരികൾ ഭക്ഷണപദാർത്ഥങ്ങളും, കുടിവെള്ളവും ലഭിക്കാതെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. സഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്.
കളക്ഷൻ 22 ലക്ഷം രൂപ
പൊൻമുടി തുറന്നിട്ട് 12 ദിവസം പിന്നിട്ടപ്പോൾ 22 ലക്ഷത്തിൽപ്പരം രൂപ വനംവകുപ്പിന് വരുമാനം ലഭിച്ചു. 15000ൽ പരം വാഹനങ്ങളാണ് പൊൻമുടിയിലെത്തിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ചത്. അന്ന് 3000 വാഹനങ്ങൾ പൊൻമുടിയിലെത്തി. നാല് ലക്ഷത്തിൽപ്പരം രൂപ വരുമാനം ലഭിച്ചു. പൊൻമുടി തുറന്ന ശേഷം ഇതുവരെ 75000ത്തോളം സഞ്ചാരികൾ സന്ദർശനം നടത്തിയതായാണ് വനംവകുപ്പിുന്റെ കണക്ക്.