പൂവാർ: പൂവാറിലെ കപ്പൽ നിർമ്മാണ ശാലയ്ക്കായുള്ള കാത്തിരിപ്പ് നീളുന്നു. 2007ലാണ് പദ്ധതിക്കുള്ള നീക്കങ്ങൾ ആരംഭിച്ചത്.
2011 ഒക്ടോബറിൽ അന്നത്തെ മുഖ്യമന്ത്രി പദ്ധതി പ്രഖ്യാപനം നടത്തി. രണ്ട് മാസത്തിനുള്ളിൽ തീരത്തെക്കുറിച്ചുള്ള സാദ്ധ്യതാ പഠന റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു തീരുമാനം. കേന്ദ്രഫിഷിംഗ് മന്ത്രാലയം, കൊച്ചിൻ ഷിപ്പ് യാർഡ്, മുംബയ് പോർട്ട് ട്രസ്റ്റ് എന്നിവരുടെ പഠനങ്ങളും ഹൈഡ്രോ ഗ്രാഫിക്സ് സർവേയും പൂവാർ തീരത്തിന്റെ അനന്തസാദ്ധ്യതകൾ കണ്ടെത്തുന്നവയായിരുന്നു. എന്നാൽ പദ്ധതി ചുവപ്പുനാടയിൽ കുരുങ്ങിയതാണ് തിരിച്ചടിയായത്.
കപ്പൽ നിർമ്മാണശാല പ്രവർത്തികമാക്കണം എന്നാവശ്യപ്പെട്ട് 2013ൽ നാട്ടുകാർ കേന്ദ്ര, സംസ്ഥാന മന്ത്രിമാർക്കും എം.പി, എം.എൽ.എമാർക്കും നിവേദനം നൽകിയിരുന്നു. പ്രദേശത്തെ രാഷ്ട്രീയ പാർട്ടികളും പ്രക്ഷോഭത്തിനിറങ്ങി. എന്നാൽ തുടർ നടപടികൾ ഒന്നും ഉണ്ടായില്ല. മുൻ തിരഞ്ഞെടുപ്പ് വേളകളിൽ ഇക്കാര്യം ആവർത്തിച്ചിരുന്ന രാഷ്ട്രീയ പാർട്ടികളും പദ്ധതിയെ മറന്നമട്ടാണ്. എന്നാൽ പ്രദേശത്തിന്റെ മുഖച്ഛായ മാറ്റുന്ന കപ്പൽ നിർമ്മാണശാല നിർമ്മിക്കണമെന്ന ജനങ്ങളുടെ അഭിലാഷം മാത്രം ഇനിയും അവസാനിച്ചിട്ടില്ല. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും പദ്ധതി യാഥാർത്ഥ്യമാക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
സാദ്ധ്യതകൾ ഇങ്ങനെ
ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര കപ്പൽ പാതയിൽ നിന്ന് വെറും അഞ്ച് നോട്ടിക്കൽ മൈൽ ദൂരത്താണ് പൂവാർ തീരം. കടലിലും കരയിലും നടത്തിയ പഠനങ്ങളിൽ സ്വാഭാവിക ആഴത്തിന്റെ കാര്യത്തിൽ പൂവാർ മുന്നിലാണ്. അറ്റകുറ്റപണിക്ക് ആവശ്യമായ ജലം നെയ്യാറിൽ നിന്ന് ലഭിക്കുമെന്നതും ബൊള്ളാഡ് പുൾ ടെസ്റ്റിംഗ് സ്റ്റേഷൻ സമീപത്തുള്ളതും പൂവാറിന്റെ സാദ്ധ്യത വർദ്ധിപ്പിക്കുന്നു. 25 മീറ്റർ ആഴവും 2 കിലോമീറ്റർ ജനവാസം കുറഞ്ഞ തീരവും ഇവിടെ ലഭ്യമാണ്.പുതിയ കപ്പലുകളുടെ നിർമ്മാണത്തിലും അറ്റകുറ്റപ്പണിയിലും വിദേശ രാജ്യങ്ങളുടെ മേധാവിത്വം അവസാനിപ്പിക്കാൻ ഈ കപ്പൽശാല പര്യാപ്തമാണെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
വിഴിഞ്ഞത്തിനും ഉണർവേകും
വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് ആരംഭിച്ചതിനാൽ നിരവധി കപ്പലുകളാണ് വന്നുപോകുന്നത്.
കൂടാതെ വിഴിഞ്ഞം തുറമുഖ നിർമ്മാണം പൂർത്തിയാകുന്നതോടെ തീരത്തെത്തുന്ന കൂറ്റൻ മദർ വെസലുകൾ ഉൾപ്പെടെ വൻകിട കപ്പലുകളുടെ അറ്റകുറ്റപ്പണികൾക്ക് സൗകര്യമൊരുക്കേണ്ടിവരും. ഏതൻസിനും സിങ്കപ്പൂരിനുമിടയിൽ അന്താരാഷ്ട്ര കപ്പൽ പാതയിൽ വേറെ കപ്പൽ നിർമ്മാണശാലയില്ലാത്തതും പൂവാറിന്റെ സാദ്ധ്യത വർദ്ധിപ്പിക്കുന്നു. അനുകൂലമായ ഇത്തരം ഘടകങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ട് പൂവാറിനെ അവഗണിക്കുന്നു എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. കപ്പൽ നിർമ്മാണശാല പ്രാവർത്തികമായാൽ നികുതിയിനത്തിലും മറ്റുമായി കോടികളുടെ വരുമാനം രാജ്യത്തിനുണ്ടാകും. കൂടാതെ നിരവധി തൊഴിലവസരങ്ങളും സാദ്ധ്യമാകും. അന്താരാഷ്ട്ര കപ്പൽ പാതയിൽ ഏഷ്യയുടെ കവാടമായി പൂവാറിനെ മാറ്റാൻ കഴിയുമായിരുന്ന പദ്ധതിയാണ് അധികൃതരുടെ നിസംഗതയിൽ ഇല്ലാതാകുന്നത്.
"നാടിന്റെ സമഗ്ര വികസനത്തിന് കപ്പൽ നിർമ്മാണശാല അനിവാര്യമാണ്. ഇതിനായുള്ള പ്രവർത്തനങ്ങൾ പുനരാരംഭിക്കണം."